കാഴ്ച മങ്ങുന്നുണ്ടോ? ഏറെ നേരം സ്ക്രീൻ നോക്കുന്നത് കാഴ്ചക്ക് ദോഷം, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

#Health Desk
എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

രണ്ട കണ്ണുകള്‍, ഇടയ്ക്കിടെയുള്ള തലവേദന, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്നങ്ങളുമായി ഡോക്ടർമാരുടെ അടുത്ത് എത്തുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഉയർന്ന സ്ക്രീൻ ടൈം, വീടിനകത്തെ ചൂട്, വർധിച്ചുവരുന്ന മലിനീകരണം എന്നിവയെല്ലാം നേത്രാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. പ്രിയങ്ക സിങ്ങ്. തുടർച്ചയായ സ്ക്രീൻ ടൈം കണ്ണിനും ചുറ്റുമുള്ള പേശികളേയും ബാധിക്കുന്നുവെന്ന് അവർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

കണ്ണ് ചിമ്മുന്നത് കുറയുന്നു

സ്ക്രീൻ ടൈം മൂലമുണ്ടാകുന്ന ക്ഷീണത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കണ്ണ് ചിമ്മുന്നത് കുറയുന്നതാണ്. ഇത് കണ്ണ് വരണ്ടതാവാനും, കണ്ണെരിച്ചിൽ അല്ലെങ്കിൽ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിക്കാനും കാരണമാകും. ഇടയ്ക്കിടെ ഇടവേളകൾ എടുത്ത് കണ്ണ് റിലാക്സ് ചെയ്യുന്നത് നേത്രാരോഗ്യത്തിന് നല്ലതാണ്.

സ്ക്രീൻ ടൈം നിയന്ത്രിക്കാനുള്ള ചില വഴികൾ

  • 20-20-20 റൂൾ; ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും. തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
  • നീല വെളിച്ചം തടയുന്നതിന് ഗ്ലാസുകൾ ഉപയോഗിക്കുക.
  • ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത്‌ ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം.

ഡ്രൈ ഐസ്

ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിലെ ജലാംശം നഷ്ടപ്പെടും. അപ്പോഴാണ് കണ്ണിന് വരള്‍ച്ച (Dry Eye) ഉണ്ടാകുന്നത്. എ.സി, ഫാന്‍ എന്നിവയുടെ സാന്നിധ്യം കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കുന്നതിന് ധാരാളം വെള്ളം കുടിക്കുകയും, ആവശ്യത്തിന് വിറ്റാമിൻ എ, ഡി, ഇ എന്നിവ കഴിക്കുയും ചെയ്യാം. ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും, eye lubricants ഉപയോഗിക്കുന്നതും കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Experiencing blurry vision? Excessive screen time can harm your eyes. Learn how to protect your vision with simple tips and the 20-20-20 rule.