ഈ ഭക്ഷണങ്ങൾ വായയിലെ അർബുദ സാധ്യത കൂട്ടും, പരിഹാരം പങ്കുവെച്ച് ഗവേഷകർ

ലോകത്ത് സ്ഥിരീകരിക്കുന്ന കാൻസർ കേസുകളിൽ മൂന്നുശതമാനം ഓറൽ കാൻസർ അഥവാ വായയിലെ അർബുദമാണ്. പുകവലിക്കുക, പുകയില ചവയ്ക്കുക, മദ്യപാനം, ഹ്യൂമൻ പാപ്പിലോമാവൈറസ് തുടങ്ങിയവ വായയിലെ അർബുദസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ചില ഭക്ഷണങ്ങളും വായയിലെ അർബുദസാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
അമേരിക്കയിലെ മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ചില ഭക്ഷണങ്ങൾ വായയിൽ അർബുദം വികസിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ ഓട്ടോലാരിങ്കോളജിസ്റ്റായ കെല്ലി എഫ് മോയർ പറഞ്ഞു. ശരീരത്തിൽ വീക്കം വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് അർബുദ സാധ്യത കൂട്ടുന്നത്. അതിൽ പ്രധാനം ബേക്കൺ, ഹോട്ട് ഡോഗ്, സോസേജ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങളാണെന്ന് പഠനം പറയുന്നു.
സംസ്കരിച്ച മാംസങ്ങളെ കാൻസറിന് കാരണമാകുന്ന ഗ്രൂപ്പ് 1 പട്ടികയിലാണ് തരംതിരിച്ചിരിക്കുന്നത്. സംസ്കരിച്ച മാംസങ്ങളെ കേടുകൂടാതിരിക്കാൻ സഹായിക്കുന്ന കെമിക്കലുകളായ നൈട്രേറ്റുകളും നൈട്രൈറ്റുകളും അർബുദ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഉയർന്ന ചൂടിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളും ഗ്രിൽ ചെയ്തതും കരിഞ്ഞതുമായ മാംസങ്ങളും പ്രശ്നമുണ്ടാക്കാമെന്ന് ഗവേഷകർ പറയുന്നു. ഉയർന്ന ചൂടിൽ പാചകം ചെയ്യുന്നത് പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), ഹെറ്ററോസൈക്ലിക് ആരോമാറ്റിക് അമിനുകൾ (HAAs) എന്നിവ പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കും. ഇവ നമ്മുടെ കോശങ്ങളിലെ ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തുകയും കാൻസർ സാധ്യത കൂട്ടുകയും ചെയ്യും.
അമിതമായി സംസ്കരിച്ച മാംസങ്ങൾ നിരന്തരം കഴിക്കുന്നത് വിട്ടുമാറാത്ത വീക്കത്തിനും കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ഭക്ഷണം വായിൽ സ്ഥിരമായ വീക്കത്തിന് കാരണമാകും. ഇത് കാലക്രമേണ തകരാറിലായ കോശങ്ങളെ നന്നാക്കാനുള്ള ശരീരത്തിൻ്റെ കഴിവ് കുറയ്ക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണക്രമം വായ്ക്കകത്തെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന സ്വാഭാവിക ബാക്ടീരിയകളെ മാറ്റും. ഇതും വീക്കത്തിനും അർബുദസാധ്യതയ്ക്കും കാരണമാകും. പഴങ്ങൾ, പച്ചക്കറികൾ, മറ്റ് പോഷക സമ്പന്നമായ ഭക്ഷണങ്ങൾ എന്നിവ അടങ്ങിയ സമീകൃതമായ ഭക്ഷണം കഴിക്കുന്നതിലൂടെ വായയിലെ ആരോഗ്യകരമായ ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
ഓറൽ കാൻസർ നിസ്സാരമാക്കരുത്
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് വായിലെ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം)വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പലപ്പോഴും, രോഗത്തിന്റെ ആദ്യകാലലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്.
വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.
പൂർവാർബുദ അവസ്ഥകൾ
ല്യൂക്കോപ്ലാക്കിയ (Leukoplakia)
വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു
ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)
തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് .
സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)
കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടുവശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് . ഇവ കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ്
നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)
വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടറെ കാണേണ്ടതാണ് .
ലക്ഷണങ്ങൾ
- വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
- വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
- വെള്ളയോ ചുവന്നതോ രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
- ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
- വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
- ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
- വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
- വായിൽനിന്നും അകാരണമായ രക്തസ്രാവം
- ശബ്ദത്തിലുള്ള വ്യതിയാനം
- പല്ലുകൾ ഇളകുക
- അകാരണമായി ശരീരഭാരം കുറയുക
വായിലെ കാൻസർ എങ്ങനെ തടയാം ?
- എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗവും പൂർണമായി നിർത്തുക.
- മദ്യം ഉപയോഗിക്കാതിരിക്കുക.
- സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
- എല്ലാ ആറുമാസം കൂടുംതോറും ഡോക്ടറെ കാണുക.
Content Highlights: Processed meats like bacon and sausages are linked to increased oral cancer risk due to nitrates