ഗർഭകാലത്തെ അനീമിയ നിസ്സാരമാക്കരുത്, കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്ന് പഠനം; ശ്രദ്ധിക്കേണ്ടത്

ഗർഭകാലത്തെ അനീമിയ അഥവാ വിളർച്ച അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യപ്രശ്നമുണ്ടാക്കും. ഇപ്പോഴിതാ ഗർഭകാലത്തെ വിളർച്ച ഗർഭസ്ഥ ശിശുവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുമെന്നു പറയുകയാണ് പുതിയൊരു പഠനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 2,20,000 ഗർഭിണികളെ ഉൾപ്പെടുത്തി ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.
ഗർഭകാലത്ത് ഹീമോഗ്ലോബിന്റെ അളവ് 10 g/dL-ൽ താഴെയുള്ള സ്ത്രീകളിൽ, വിളർച്ചയില്ലാത്തതോ നേരിയ വിളർച്ചയുള്ളതോ ആയ സ്ത്രീകളെ അപേക്ഷിച്ച് 28 ആഴ്ച ഗർഭാവസ്ഥയ്ക്ക് ശേഷം കുഞ്ഞ് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. മിതമായതും തീവ്രമായതുമായ വിളർച്ചയുള്ള സ്ത്രീകളിലാണ് ഈ അപകടസാധ്യത ഏറ്റവും കൂടുതലുള്ളത്.
വിളർച്ചയുള്ളവരിൽ രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറവായിരിക്കും. ഗർഭകാലത്ത് ഓക്സിജൻ കുറയുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. ഗർഭകാലത്തെ വിളർച്ചയും കുഞ്ഞുങ്ങൾ മരിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവ ഭൂരിഭാഗവും ചെറിയ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 'ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് - സൗത്ത് ഈസ്റ്റ് ഏഷ്യ' എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മിതമായതും തീവ്രവുമായ വിളർച്ചയുള്ള സ്ത്രീകൾക്ക് ഏറ്റവും ഉയർന്ന അപകടസാധ്യതയുണ്ടായിരുന്നു. അതേസമയം ഗർഭാവസ്ഥയുടെ രണ്ടാമത്തെ ട്രൈമെസ്റ്ററിലൊഴികെ നേരിയ വിളർച്ച കണ്ടെത്തുന്നത് അപകടസാധ്യത വർധിപ്പിക്കാറില്ലെന്നും ഗവേഷകർ പറയുന്നു. മിതമായതോ നേരിയതോ ആയ വിളർച്ച ഉള്ളവരും വിളർച്ച ഇല്ലാത്തതുമായ സ്ത്രീകളിൽ 31 ആഴ്ചകളിൽ കുഞ്ഞ് മരിക്കാനുള്ള സാധ്യതയുള്ളപ്പോൾ കടുത്ത വിളർച്ചയുള്ളവരിൽ ഗർഭാവസ്ഥയുടെ ശരാശരി 29-ാം ആഴ്ചയിൽതന്നെ ഇതു സംഭവിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
അനീമിയയെക്കുറിച്ച് അറിയാം
കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതും തിരിച്ച് കാർബൺഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധർമം ശരീരത്തിൽ നിർവഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ എന്ന ഘടകമാണ്.
ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവിൽ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളർച്ച എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയായും വിളർച്ച വരാം. ഹീമോഗ്ലോബിന്റെ കുറവുമൂലം കോശങ്ങൾക്ക് ഓക്സിജൻ കിട്ടാതെവരുന്നത് ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളെയും ബാധിക്കും. ചെറിയ ആയാസങ്ങൾപോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
പുരുഷന്മാരിൽ ഹീമോഗ്ലോബിന്റെ നില 13gm/dlലും കുറവാണെങ്കിൽ വിളർച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളിൽ 12gm/dlലും ഗർഭകാലത്ത് 11.5gm/dlലും കുറയുന്നത് വിളർച്ചയുടെ സൂചനയാണ്. മുലപ്പാലിനുപകരം പശുവിൻപാൽമാത്രം കുടിച്ചുവളരുന്ന കുട്ടികളിലും വിളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില കാരണങ്ങളാൽ ആഹാരത്തിൽനിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള ശേഷി ചിലർക്ക് കുറവാകും. ഇതും വിളർച്ചയ്ക്ക് ഇടയാക്കാറുണ്ട്. കൊക്കപ്പുഴുബാധ വിളർച്ചയ്ക്കിടയാക്കുന്ന മറ്റൊരു ഘടകമാണ്.
വിളർച്ചയുടെ കാരണങ്ങൾ
ആർത്തവം, ആർത്തവസമയത്തെ അമിത രക്തസ്രാവം, പ്രസവസമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കൽ, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങൾ, ദീർഘകാല രോഗങ്ങൾ.
ഹീമോഗ്ലോബിൻ അളവ്
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചാണ് വിളർച്ച കണ്ടെത്തുന്നത്. ഹിമോഗ്ലോബിൻ സ്ത്രീകളിൽ വേണ്ടത് 12 മുതൽ 15 ഗ്രാം വരെ. പുരുഷന്മാരിൽ 13 മുതൽ 17 വരെ.
കുട്ടികളിൽ 11 മുതൽ 16 ഗ്രാം വരെ. ഗർഭിണികളിൽ കുറഞ്ഞത് 11 ഗ്രാം വരെ. ഇതിൽ കുറവാണ് ഹീമോഗ്ലോബിനെങ്കിൽ വിളർച്ച ഉള്ളതായി കണക്കാക്കാം.
ഇലക്കറികൾ നല്ലതാണ്
ഇരുമ്പുസത്തും വൈറ്റമിനുകളും കൂടുതൽ അടങ്ങിയ മുരിങ്ങയില, ചീര, പയർ ഇല, അഗത്തിച്ചീര തുടങ്ങിയ പച്ചക്കറി, തവിടോട് കൂടിയ ധാന്യങ്ങൾ, മുളപ്പിച്ച കടല, പയറുവർഗങ്ങൾ എന്നിവയിൽ ഇരുമ്പ് സത്തും വൈറ്റമിനുകളും കൂടുതലുണ്ട്. മാംസം, മത്സ്യം, കോഴി, കരൾ തുടങ്ങിയവയിലും ഇരുമ്പ് കൂടുതലുണ്ട്.
ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ചായയും കാപ്പിയും ഒഴിവാക്കുക. ഇത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ
ഹൃദയമിടിപ്പ് കൂടുക, തളർച്ച, ക്ഷീണം, നെഞ്ചിടിപ്പ്, കൺപോളകൾ വിങ്ങുക, ദേഷ്യം, കിതപ്പ്, ശ്വാസംമുട്ടൽ, തണുപ്പ് സഹിക്കാൻ വയ്യാതാവുക, മുടികൊഴിച്ചിൽ, തലകറക്കം, ആഹാരത്തോട് വെറുപ്പ്, വിളറിയ വെളുപ്പുനിറം, പ്രത്യേകിച്ച് കണ്ണിനുതാഴെയുള്ള ശ്ലേഷ്മസ്തരത്തിലും ചർമത്തിലും നാക്കിലും, ഏകാഗ്രതക്കുറവ്, പകലുറക്കം കൂടുക, ഇരുമ്പിന്റെ അഭാവംമൂലമുണ്ടാകുന്ന വിളർച്ചയുടെ പ്രത്യേകതരം രോഗലക്ഷണമായ കല്ല്, കട്ട, അരി, പേപ്പർ, പെയിന്റ്, തടി, തലമുടി ഇവ കഴിക്കാൻ തോന്നുക, കാലിൽ രൂപപ്പെടുന്ന നീര്, ആന്തരിക രക്തസ്രാവത്തിന്റെ മുഖ്യലക്ഷണമായ മലം കറുത്തനിറത്തിൽ പോകുക എന്നിവയാണ് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ.
എങ്ങനെ തടയാം?
- ഇരുമ്പുസത്തും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക.
- ഗർഭകാലത്ത് അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുക.
- കൗമാരപ്രായക്കാർ അയൺ ഫോളിക് ആസിഡ് ഗുളിക ആഴ്ചയിൽ ഒന്നുവീതം ഭക്ഷണത്തിനുശേഷം കഴിക്കുക.
- ആറുമാസത്തിലൊരിക്കൽ വിരശല്യത്തിനെതിരേയുള്ള ഗുളിക കഴിക്കുക.
- വീടിന് പുറത്തിറങ്ങുമ്പോൾ പാദരക്ഷ ഉപയോഗിക്കുക.
- ടോയ്ലറ്റിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
Content Highlights: ICMR study involving 2,20,000 pregnant women links anemia to stillbirth., Hemoglobin levels below 10 g/dL after 28 weeks increase fetal death risk., Moderate to severe anemia poses the highest threat to the baby's life., Published in The Lancet Regional Health - South-East Asia.