റഷ്യയിൽ വീണ്ടും പ്ലേഗ് മരണമെന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് റഷ്യ, നിലവിൽ രോഗവ്യാപനസാധ്യതയില്ല

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

സൈബീരിയയിലെ പ്ലേഗ് റിസർച്ച് ലാബിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിനു പിന്നാലെ പ്ലേഗ് ആശങ്കയിലാണ് റഷ്യ. രോഗപ്രതിരോധത്തിന്റെ ഭാഗമായി നൂറുകണക്കിനുപേർ ക്വാറന്റീനിൽ കഴിയുകയും അഞ്ചോളം ആശുപത്രികൾ പൂട്ടുകയും ചെയ്തിരുന്നു. നിലവിൽ സൈബീരിയയിൽ രോഗവ്യാപന സാധ്യതയില്ലെന്ന് റഷ്യ ലോകാരോഗ്യസംഘടന അറിയിച്ചു. അതിനിടെ വീണ്ടും പ്ലേഗ് മരണം റിപ്പോർട്ട് ചെയ്തെന്നതരത്തിലുള്ള റിപ്പോർട്ടുകൾ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.

അംഗീകൃത ആരോഗ്യ സംവിധാനങ്ങളിൽ നിന്നുമാത്രമുള്ള വിവരങ്ങൾ വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും റഷ്യ വ്യക്തമാക്കി. ലാബ് ടെക്നീഷ്യന്റെ മരണത്തിനു പിന്നാലെ രാജ്യത്തെ അവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്തകളിലേറെയും വ്യാജമാണെന്നും അധികൃതർ അറിയിച്ചു. നിലവിൽ രോഗവ്യാപനസാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടനയെ അറിയിച്ചു. മരിച്ച ഡാരിയ ഷിപിലോവ എന്ന ലാബ് ടെക്നീഷ്യനുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ക്വാറന്റീനിൽ പ്രവേശിപ്പിച്ച തൊണ്ണൂറു ശതമാനത്തിലേറെ ആളുകളെയും ലാബ് ടെസ്റ്റുകൾക്കു പിന്നാലെ വിട്ടയച്ചുവെന്നും സംശയിക്കപ്പെടുന്ന രോഗകാരികളെ കണ്ടെത്താനായില്ലെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

റഷ്യയിലെ രോഗബാധയിൽ നിന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന അപകടസാധ്യത തുടക്കത്തിൽ കുറവാണെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയത്. എന്നാൽ റഷ്യൻ അധികാരികളിൽ വിവരങ്ങൾ ലഭിക്കുന്നതു കുറവാണെന്നും അതിനാൽ സമഗ്രമായ അപകടസാധ്യത വിലയിരുത്തൽ കഴിയുന്നില്ലെന്നും ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന അറിയിച്ചു.

ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ലാബ് ടെക്നീഷ്യൻ ഡാരിയ ഷിപിലോവ എന്ന ഇരുപത്തിയെട്ടുകാരിയാണ് മരിച്ചത്.

ഒരുകാലത്ത് ലോകത്തെയാകെ മരണഭീതിയിലാഴ്ത്തിയിരുന്ന രോഗമാണ് പ്ലേഗ്. പതിനാലാം നൂറ്റാണ്ടിൽ "കറുത്ത മരണം" (Black Death) എന്നറിയപ്പെട്ടിരുന്ന ഇത് യൂറോപ്പിൽ 50 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായി. ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ പ്ലേഗ് മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ 1990-കൾ മുതലുള്ള മിക്ക കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആഫ്രിക്കയിലാണ്. ഇന്ത്യയിൽ ഏറ്റവും ഒടുവിലായി പ്ലേഗ് റിപ്പോർട്ട് ചെയ്തത് 2004-ൽ ഉത്തരകാശി ജില്ലയിലെ ദൻഗൗഡിലാണ്. 1896 മുതൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചും അണുബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചും ഇന്നത്തെ കാലത്ത് പ്ലേഗ് എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാം.

പ്ലേഗിനു കാരണമാകുന്നതെന്ത്?

യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന സാംക്രമിക രോഗമാണ് പ്ലേഗ്. സാധാരണയായി ഇത് ചെറിയ സസ്തനികളിലും അവയുടെ ശരീരത്തിലുള്ള ചെള്ളുകളിലുമാണ് കാണപ്പെടുന്നത്. ചെള്ളുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നത്. രോഗബാധിതമായ ചെള്ളുകളുടെ കടിയിലൂടെയും രോഗാണുക്കൾ അടങ്ങിയ ശരീരദ്രവങ്ങളുമായോ മലിനമായ വസ്തുക്കളുമായോ ഉള്ള സുരക്ഷിതമല്ലാത്ത സമ്പർക്കത്തിലൂടെയും ശ്വാസകോശ പ്ലേഗ് ബാധിച്ച രോഗിയുടെ ശ്വാസകോശ കണികകൾ ശ്വസിക്കുന്നതിലൂടെയുമൊക്കെ മനുഷ്യരിലേക്കും രോഗം പടരാം.

ബാക്ടീരിയ രക്തത്തിലൂടെ പടരുന്ന സെപ്റ്റിസെമിക് പ്ലേഗ്, ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിക് പ്ലേഗ് എന്ന അവസ്ഥകൾ ഗുരുതരവും ചികിത്സ വൈകിയാൽ മരണസാധ്യത കൂടുതലുള്ളതുമാണ്. വളരെ വേഗത്തിൽ പടരുന്നതും ശ്വാസകോശ കണികകൾ വഴി വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പകരുകയും വലിയതോതിൽ രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നതാണ് ന്യുമോണിക് പ്ലേഗ്.

മൂന്നുവിധം

ന്യുമോണിക്, ബ്യൂബോമിക്, സെപ്റ്റിസെമിക് എന്നീ മൂന്നുവിഭാഗങ്ങളാണ് പ്ലേഗിനുള്ളത്. പ്ലേഗിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ബ്യൂബോണിക്. രോഗബാധയുള്ള ചെള്ളുകടിക്കുന്നത് വഴിയാണ് ഇത് ഉണ്ടാകുന്നത്. ബ്യൂബോണിക് പ്ലേഗ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണ്. എന്നാൽ ശ്വാസകോശത്തിലേക്ക് പടർന്ന് ന്യൂമോണിക് പ്ലേഗ് ആയോ, അല്ലെങ്കിൽ രക്തത്തിലേക്ക് പടർന്ന് സെപ്റ്റിസെമിക് പ്ലേഗ് ആയോ മാറാനുള്ള സാധ്യത കൂടുതലാണ്.

പ്ലേഗിന്റെ ഏറ്റവും തീവ്രമായ രൂപമാണ് ന്യൂമോണിക് പ്ലേഗ്. രോഗബാധയേറ്റ് 24 മണിക്കൂറിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാകും. ന്യൂമോണിക് പ്ലേഗ് ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം എളുപ്പത്തിൽ പടരും. ചികിത്സിച്ചാൽ മരണസാധ്യത വളരെ കൂടുതലാണ്. രക്തത്തിൽ പ്ലേഗ് ബാക്ടീരിയ വേഗത്തിൽ പെരുകുമ്പോഴാണ് സെപ്റ്റിസെമിക് പ്ലേഗ് ഉണ്ടാകുന്നത്. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക, ടിഷ്യൂകൾ നശിക്കുക, ശ്വാസതടസ്സം, ചർമത്തിന് അടിയിൽ രക്തസ്രാവം തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് ഇത് നയിക്കാം. ചികിത്സിച്ചില്ലെങ്കിൽ ന്യൂമോണിക് പ്ലേഗ് പോലെ തന്നെ മരണസാധ്യത കൂടുതലുള്ള വിഭാഗമാണിത്.

ലക്ഷണങ്ങൾ

പ്ലേഗിന്റെ ഓരോ വിഭാഗങ്ങൾക്കനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും. പെട്ടെന്നുള്ള പനി, വിറയൽ, തലവേദന, ശരീരവേദന, ബലഹീനത, ഛർദ്ദി, ഓക്കാനം എന്നിവയാണ ബ്യൂബോണിക് പ്ലേഗിൽ സാധാരണയായി കാണപ്പെടുന്നത്. ശ്വാസതടസ്സം, രക്തം കലർന്ന കഫത്തോടുകൂടിയ ചുമ തുടങ്ങിയ തീവ്രമായ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് ന്യൂമോണിക് പ്ലേഗിൽ പ്രകടമാവുക.

ചർമത്തിന് അടിയിൽ രക്തസ്രാവം, ചർമം നീലനിറമാവുക , കൈകാലുകളിലെ ടിഷ്യൂകൾ നശിക്കുക, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ സെപ്റ്റിസെമിക് പ്ലേഗിന്റെ ലക്ഷണങ്ങളാണ്.

ചികിത്സ

ചികിത്സിച്ചില്ലെങ്കിൽ മാരകമാകുന്നതും മരണസാധ്യത കൂട്ടുന്നതുമായ വിഭാഗമാണ് ന്യൂമോമിക് പ്ലേഗ്. ആന്റിബയോട്ടിക്കുകളും സപ്പോർട്ടീവ് തെറാപ്പിയുമാണ് നൽകുക. ന്യൂമോണിക് പ്ലേഗ് ബാധിച്ച് 18 മുതൽ 24 മണിക്കൂറിനുള്ളിൽ ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.

പ്രതിരോധം

അണുബാധയുടെ ഉറവിടം കണ്ടെത്തി വ്യാപനം തടയുക, പ്ലേഗ് രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവർത്തകർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) നൽകുക,രോഗികൾക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, രോഗികളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുക, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുക,സാമ്പിളുകൾ ശ്രദ്ധാപൂർവ്വം ശേഖരിച്ച് പരിശോധനയ്ക്ക് ലബോറട്ടറികളിലേക്ക് അയക്കുക, അണുനശീകരണം, പ്ലേഗ് ബാധിച്ചു മരിച്ചയാളെ സുരക്ഷിതമായി സംസ്കരിക്കുക തുടങ്ങിയവയാണ് പ്രതിരോധത്തിൽ പ്രധാനം.

Content Highlights: Russia faces plague concerns following a lab technician's death in Siberia. The World Health Organization reports no current outbreak risk.