ഗർഭകാല ആരോഗ്യ സംരക്ഷണത്തിന് മറുപിള്ള മാതൃകയിൽ ചിപ്പ്; നിർണായക കണ്ടുപിടിത്തം

ആലപ്പുഴ: ഗർഭകാല ആരോഗ്യ സംരക്ഷണത്തിൽ നിർണായക കണ്ടുപിടിത്തവുമായി രാജ്യത്തെ ശാസ്ത്രജ്ഞർ. അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ഇടയിലെ ജീവരേഖയായ പ്ലാസെന്റ(മറുപിള്ള)യുടെ അതേ സ്വഭാവസവിശേഷതകളുള്ള പ്ലാറ്റ്ഫോമാണ് വികസിപ്പിച്ചത്.
ഗർഭിണികളെ ക്ലിനിക്കൽ പരീക്ഷണത്തിനു വിധേയരാക്കാതെ പുതിയ മരുന്നും ചികിത്സാരീതിയും പുതിയ സംവിധാനം ഉപയോഗിച്ച് വികസിപ്പിക്കാൻ കഴിയുമെന്നതാണു നേട്ടം. ഐ.സി.എം.ആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ വിമെൻ'സ് ഹെൽത്തിലെയും മുംബൈ ഐ.ഐ.ടി.യിലെയും വിദഗ്ധരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ.
മറുപിള്ളയുടെ പ്രധാന പ്രവർത്തനങ്ങളെ അനുകരിക്കുന്ന ചിപ്പാണ് പുതിയ സംവിധാനം. ഗർഭസ്ഥശിശുവിന് വായുവും പോഷകങ്ങളും നൽകുന്ന മറുപിള്ളയെന്ന താത്കാലിക അവയവം മാലിന്യം ഇല്ലാതാക്കാനും സഹായിക്കുന്നുണ്ട്. കുഞ്ഞിനു സംരക്ഷണം നൽകുന്നതിലും വലിയ പങ്കുണ്ട്. അമ്മയുടെയും ഭ്രൂണത്തിന്റെയും ആരോഗ്യപഠനങ്ങളിൽ വലിയ മാറ്റമാണ് കണ്ടുപിടിത്തമുണ്ടാക്കുക.
ഗർഭധാരണത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും സങ്കീർണത മനസ്സിലാക്കാനും ഗർഭകാലത്തെ മരുന്നുകളുടെ സുരക്ഷ വിലയിരുത്താനും ചിപ്പ് സഹായിക്കും. ഗർഭകാലത്ത് മരുന്നുപരീക്ഷണമടക്കമുള്ളവയ്ക്ക് ധാർമികമായ പരിമിതിയുണ്ട്.
പുതിയ സംവിധാനം ലബോറട്രി പ്ലാറ്റ്‌ഫോം പോലെയാണു പ്രവർത്തിക്കുക. മനുഷ്യകോശമുപയോഗിച്ച് അമ്മയ്ക്കും ഭ്രൂണത്തിനുമിടയിലെ വിനിമയം പുനർനിർമിക്കുകയാണു ചെയ്യുന്നത്. പ്ലാസെന്റയുടെ മിക്ക ധർമങ്ങളും ഇതിൽ പുനർനിർമിക്കാനുമാകും.
ഗർഭകാലപ്രമേഹത്തിനു സമാന അവസ്ഥയെ ചിപ്പിന് അനുകരിക്കാൻ കഴിയുമെന്നു തെളിഞ്ഞത് ഗർഭകാലത്തെ പ്രമേഹചികിത്സയിൽ നിർണായകമാണ്. മറ്റു സങ്കീർണതകളെക്കുറിച്ചുള്ള ഗവേഷണം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയുമുണ്ട്.
Content Highlights: Development of a chip that mimics human placental functions., Enables testing of medications without human clinical trials., Joint innovation by ICMR and IIT Bombay researchers., Ability to replicate gestational diabetes conditions for study., Ethical solution for studying fetal development and drug safety.