ഫോൺ ചെയ്തുകൊണ്ട് പടികൾ ഇറങ്ങുന്നവരാണോ? യാന്ത്രികമായാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഡോക്ടർ

ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെ ഫോൺ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ഫലമോ, ശ്രദ്ധ ഫോൺ സംഭാഷണത്തിലേക്ക് മാത്രമാവുകയും ചലനം തടസ്സപ്പെടുകയോ, വീഴുകയോ ഒക്കെ ചെയ്യാം. ഫോൺ ചെയ്തുകൊണ്ട് പടികൾ ഇറങ്ങുന്നവരാണെങ്കിൽ അതത്ര നിസ്സാരമല്ലെന്നുമാത്രമല്ല വലിയവില കൊടുക്കേണ്ടിവരുമെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വീഡിയോസഹിതം ഈ സാഹചര്യത്തിന്റെ ഗൗരവത്തേക്കുറിച്ച് ഡോ.സുധീർ കുറിച്ചത്. കഴിഞ്ഞദിവസം ശശി തരൂർ എംപി ഫോൺചെയ്തുകൊണ്ട് പടികൾ ഇറങ്ങുമ്പോൾ വീഴാൻപോകുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് സുധീർ കുമാർ വിശദമാക്കിയിരിക്കുന്നത്.
മിക്കയാളുകളും കരുതുന്നതിനേക്കാൾ സങ്കീർണമാണ് പടികൾ എന്ന് സുധീർ കുമാർ പറയുന്നു. പടികൾ ഇറങ്ങുന്നത് സാധാരണ ഒരു ശീലംപോലെയാകും മിക്കവരും കരുതുന്നത്. എന്നാൽ നാഡീശാസ്ത്രപരമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. നിരപ്പായ പ്രതലത്തിൽ നടക്കുന്നതുപോലെയല്ല, പടികൾ ഇറങ്ങുമ്പോൾ മസ്തിഷ്കത്തിന് ആഴം, ദൂരം, സമയം, ബാലൻസ് തുടങ്ങിയവ നിരന്തരം വിലയിരുത്തേണ്ടതുണ്ട്. പലപ്പോഴും പടികൾ ഇറങ്ങുന്നത് യാന്ത്രികമായി തോന്നാമെങ്കിലും അങ്ങനെയല്ലെന്നും ആഴത്തിലുള്ള ശ്രദ്ധ ആവശ്യമാണെന്നുമാണ് ഡോ.സുധീർ പറയുന്നത്.
അതുകൊണ്ടാണ് പടികൾ ഇറങ്ങുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പറയുന്നതെന്നും ഡോ.സുധീർ കുറിക്കുന്നു. കാരണം ഒരു വ്യക്തി ഫോണിൽ മുഴുകിയിരിക്കുമ്പോൾ മസ്തിഷ്കത്തിന്റെ ശ്രദ്ധ പൂർണമായി ചലനത്തിലേക്ക് ലഭിക്കില്ല. ഫോൺ സംഭാഷണത്തിന് ഭാഷ, ഓർത്തെടുക്കൽ, വൈകാരികമായ വിലയിരുത്തൽ, എങ്ങനെ പ്രതികരിക്കണം തുടങ്ങിയവയൊക്കെ ഉൾക്കൊള്ളുന്നതാണ്. ശ്രദ്ധ സംഭാഷണത്തിലേക്ക് മാത്രമാവുമ്പോൾ പ്രതികരണശേഷി 200 മില്ലിസെക്കൻഡായി കുറയുകയും ചലനങ്ങൾ നടത്തുന്നതിനുള്ള മസ്തിഷ്കത്തിന്റെ ശേഷി കുറയും.
One phone call. One staircase. One misstep.
This video of Mr. Shashi Tharoor tripping while talking on the phone and walking downstairs is not about clumsiness. It’s about the brain.
(Glad to note that Mr Tharoor is doing well🙏)
Your brain is terrible at “walking + phone”… pic.twitter.com/KgNE7XxOYU— Dr Sudhir Kumar MD DM (@hyderabaddoctor) February 5, 2026
പടികൾ കൂടിയാകുമ്പോൾ അപകടസാധ്യത കൂടുമെന്നും ഡോ.സുധീർ കുമാർ പറയുന്നു. താൻ ഇതുവരെ ചികിത്സിച്ചിട്ടുള്ളതിൽ തലയ്ക്ക് ഏറ്റവും ഗുരുതരമായ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്, റോഡ് അപകടങ്ങളിലൂടെയല്ല മറിച്ച് വീട്ടിലും പൊതുയിടങ്ങളിലുമുള്ള പടികളിൽ നിന്ന് ചെറുതായൊന്ന് വീഴുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
ശ്രദ്ധ ഒന്നു ചെറുതായി പാളുന്നതോ, ഒരു പടി വിട്ടുപോവുന്നതോ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാവും. നടക്കുമ്പോഴും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴുമൊക്കെ ഫോൺ ഉപയോഗം ഒഴിവാക്കുന്നത് അപകടസാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Content Highlights: Neurologist warns about the severe risks of using phones while on stairs