പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടുതൽ, കരുതൽ വേണം- പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം. പ്രേഗിൽ നടന്ന 28-ാമത് യൂറോപ്യൻ കോൺഗ്രസ് ഓഫ് എൻഡോക്രൈനോളജിയിൽ അവതരിപ്പിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിസിഒഎസും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ആദ്യത്തെയും ഏറ്റവും വലുതുമായ ദീർഘകാല പഠനം കൂടിയാണിത്.

‌സതേൺ ഡെൻമാർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. പതിനഞ്ച് മുതൽ അമ്പത് വയസ്സുവരെ പ്രായത്തിനിടയിലുള്ള പിസിഒഎസ് ഉള്ള 127,517 സ്ത്രീകളെയും പിസിഒഎസ് ഇല്ലാത്ത 587,810 സ്ത്രീകളെയും ആധാരമാക്കിയാണ് പഠനം നടത്തിയത്. ശരാശരി 10 വർഷത്തോളം ഈ സ്ത്രീകളെ നിരീക്ഷിച്ചതിനേത്തുടർന്നാണ് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത 32% വർധിക്കുന്നതായി കണ്ടെത്തിയത്. സാധാരണ ശരീരഭാരമുള്ള, ടൈപ്പ് 2 പ്രമേഹം ഇല്ലാത്ത പിസിഒഎസ് ഉള്ള സ്ത്രീകളിലും ഹൃദ്രോഗ സാധ്യത  കൂടുതലായിരുന്നു. 

പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് പോലുള്ള കാരണങ്ങളാവാം ഹൃദയാരോഗ്യം തകരാറിലാക്കുന്നതെന്നാണ് ഗവേഷകർ കരുതുന്നത്.

ഇന്ത്യയിലെ യുവതികൾക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ഥിരീകരിക്കുന്നതിന്റെ നിരക്ക് വ്യാപകമായി കൂടുന്നുവെന്ന് അടുത്തിടെ മറ്റൊരു പഠനം വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ഏകദേശം 44 ദശലക്ഷം സ്ത്രീകൾ പിസിഒഎസുമായി ജീവിക്കുന്നവരാണ്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മെറ്റബോളിക് സിൻഡ്രോം തുടങ്ങി നിരവധി അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും പിസിഒഎസ് കാരണമാകുന്നുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിന് കീഴിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയത്.

എന്താണ് പി.സി.ഒ.എസ്?

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്.

അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.

ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും.

ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു. വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.

പിസിഒഎസ് കാരണങ്ങൾ അറിയാം

  • ജനിതക പാരമ്പര്യ കാരണങ്ങൾ.
  • തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും
  • ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം

നിരവധി കാരണങ്ങൾ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ലക്ഷണങ്ങൾ

ആർത്തവ ക്രമത്തിലെ ഏറ്റക്കുറച്ചിലുകളാണ്‌ പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതു‌പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഫൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.

ചികിത്സ

ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.

ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. 

Content Highlights: PCOS increases heart disease risk by 32% according to a major long-term study., Women with PCOS even at a healthy weight face a 40% higher risk of heart issues