‘കുഞ്ഞ് ജനിക്കുന്നതോടെ പ്രയാസകരമായ ഘട്ടം അവസാനിച്ചുവെന്നാണ് പലരും കരുതുന്നത്, അതല്ല സത്യം’

പ്രസവാനന്തരം കടന്നുപോയ മാനസികബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി പരിണീതി ചോപ്ര. പ്രസവാനന്തര വിഷാദത്തെ നേരിടാൻ കുടുംബം നൽകേണ്ട പിന്തുണയേക്കുറിച്ചാണ് പരിണീതി തുറന്നുപറഞ്ഞത്. സൂമിന് നൽകിയ അഭിമുഖത്തിലാണ് പരിണീതി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ഗർഭകാലം അവസാനിക്കുകയും കുഞ്ഞ് ജനിക്കുകയും ചെയ്യുമ്പോൾ പ്രയാസകരമായ ഘട്ടം അവസാനിച്ചുവെന്നാണ് പലരും കരുതുന്നതെന്ന് പരിണീതി പറഞ്ഞു. എന്നാൽ അതല്ല സത്യം, പ്രസവശേഷവും അമ്മമാർക്ക് കൃത്യമായ വൈദ്യസഹായവും വൈകാരിക പിന്തുണയും ആവശ്യമാണെന്ന് പരിണീതി വ്യക്തമാക്കി. ഇതിനൊപ്പം അവബോധവും കുടുംബത്തിന്റെ പിന്തുണയും പ്രധാനമാണെന്നും പരിണീതി പറഞ്ഞു.
ഡിപ്രഷൻ എന്ന വാക്ക് പലപ്പോഴും ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരിണീതി പറഞ്ഞു. അവൾ ദുഃഖിച്ചിരിക്കുകയാണെന്ന് പലരും പറയും. പക്ഷേ അവൾ വേദന നിറഞ്ഞ പ്രസവത്തിലൂടെ കടന്നുപോയതാണെന്നും അതിൽനിന്ന് കരകയറുകയാണെന്നും ഹോർമോൺ അസന്തുലിതാവസ്ഥയിലൂടെയും വൈകാരിക പ്രശ്നങ്ങളിലൂടെയും കടന്നുപോവുകയാണെന്നും മനസ്സിലാക്കില്ല. കുഞ്ഞിനെ മാത്രം പരിപാലിക്കുകയല്ല, അതിൽ കൂടുതൽ കാര്യങ്ങൾ അനുഭവിക്കുന്നുണ്ടെന്നും പരിണീതി വ്യക്തമാക്കി.
ജോലിയും മാതൃത്വവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന്, പ്രസവശേഷം സ്ത്രീയെ പിന്തുണയ്ക്കാൻ കഴിഞ്ഞാൽ, അവൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് പരിണീതി പറഞ്ഞു. എന്നാൽ ആദ്യത്തെ കുറച്ച് മാസങ്ങളിൽ ആ പിന്തുണ ലഭിച്ചില്ലെങ്കിൽ, അവൾ തളർന്നുപോകും. അവൾ തളർന്നാൽ, കുഞ്ഞ്, കുടുംബം, വീട് എന്നിവയെല്ലാം തളരും. അപ്പോൾ ഒരിക്കലും എളുപ്പമാകില്ലെന്നും പരിണീതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബറിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പരിണീതിയും ഭർത്താവും എംപിയുമായ രാഘവ് ഛദ്ദ കുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്.
എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ
പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തിൽ കാണുന്ന സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും.
വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കൗൺസിലിംഗ്, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.
ആവശ്യമായ മുൻകരുതലുകൾ
പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്.
തെറാപ്പി - വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം.
വ്യായാമം - പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും.
ആശയവിനിമയം - സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, ഒരു വ്യക്തി അയാളുമായിതന്നെ ആശയവിനിമയം നടത്തുക.
നല്ല ഭക്ഷണരീതി- നല്ല ഭക്ഷണരീതിയുണ്ടാക്കുക. സമീകൃതാഹാരം കഴിക്കുക. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.
Content Highlights: Parineeti Chopra Opens Up on the Hidden Reality of Postpartum Depression