കുട്ടികൾക്ക് വാക്സിനേഷൻ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് ജയിൽ ശിക്ഷയടക്കം നൽകാൻ പാകിസ്താൻ

കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്ന മാതാപിതാക്കൾക്ക് ശിക്ഷാനടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താൻ. സിന്ധ് പ്രവിശ്യയിൽ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് പിഴത്തുകയോ ജയിൽശിക്ഷയോ വരെ ലഭിച്ചേക്കാം.
പാകിസ്താനിലും ഇന്നും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം എന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഡിഫ്തീരിയ, ടെറ്റനസ്, മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിൻ നിഷേധിക്കുന്നതടക്കം ഇതിൽപ്പെടും.
കുട്ടികൾക്ക് വാക്സിൻ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്താനി രൂപയോ(Rs 13, 487) ശിക്ഷ ലഭിക്കാം. കഴിഞ്ഞയാഴ്ച്ചയാണ് നിയമത്തിൽ ഒപ്പുവച്ചതെന്നും ഈമാസത്തോടെ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സിന്ധിൽ നിന്നുള്ള മുൻ ദാരിദ്ര്യ നിർമാർജന-സാമൂഹിക സുരക്ഷാ മന്ത്രിയായ ഷാസിയ മാരി പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. വാക്സിനേഷൻ നിരസിക്കുന്നത് അവസാനിപ്പിക്കാൻ ഈ നിയമം ഗുണംചെയ്യുമെന്ന് അവർ പറഞ്ഞു. പാകിസ്താനിൽ നിന്ന് പോളിയോ ഉന്മൂലനം ചെയ്യാൻ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ലോകാരോഗ്യസംഘനയുടെ കണക്കുകൾ പ്രകാരം 2023-ൽ രണ്ടു പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022-ൽ ഇത് 20 കേസുകളായിരുന്നു. പോളിയോ ഇപ്പോഴും ബാധിക്കുന്ന രണ്ടുരാജ്യങ്ങായി തുടരുന്നത് പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ്.
2014-ലാണ് ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുന്നത്.
Content Highlights: Parents In Pakistan To Face Fine, Jail Term For Refusing Polio Vaccination To Children