ഒന്ന് തിരിഞ്ഞുകിടന്നതോടെ വാരിയെല്ല് പൊട്ടി, അനങ്ങാനാകില്ല; വെളുക്കാൻ ചെയ്തത് 48-കാരിക്ക് 'പണി'യായി

പ്രതീകാത്മക ചിത്രം | Photo: Canva.com
പ്രതീകാത്മക ചിത്രം | Photo: Canva.com

ടാനിങ് ഭയന്ന് സൂര്യപ്രകാശം ഒഴിവാക്കി ജീവിച്ച 48-കാരിക്ക് ഗുരുതര ഓസ്റ്റിയോപോറോസിസ് ബാധിച്ചതായി റിപ്പോർട്ട്. നിറംമാറ്റത്തേയും സൂര്യതാപത്തേയും ഭയന്നായിരുന്നു ഇവർ മുഖംമറച്ച് ജീവിക്കാൻ ആരംഭിച്ചത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിക്കാലം മുതൽ വസ്ത്രങ്ങളാൽ സംരക്ഷിച്ചും സൺസ്ക്രീൻ ഉപയോഗിച്ചും ശരീരത്തിലെ വിറ്റാമിൻ ഡി യുടെ അളവ് വളരെയധികം കുറഞ്ഞതാണ് ഇവർക്ക് ​ഗുരുതര രോ​ഗം ബാധിക്കാൻ കാരണമായത്. 

വിറ്റാമിൻ ഡി കുറഞ്ഞതിന്റെ ഫലമായി ഇവരുടെ എല്ലുകൾ അങ്ങേയറ്റം ദുർബലമായി. കിടക്കയിൽ ഒന്ന് തിരിഞ്ഞുകിടക്കുമ്പോൾ പോലും അവരുടെ വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. ചെറിയ ചലനങ്ങൾ പോലും അവരുടെ ശരീരത്തിൽ എല്ലുകൾ ഒടിയാൻ കാരണമായതായാണ് റിപ്പോ‍ർട്ടിൽ പറയുന്നത്. വെളുത്ത ചർമത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുട്ടിക്കാലം മുതൽ സൂര്യപ്രകാശം അമിതമായി ഒഴിവാക്കിയതാണ് ഇതിന് കാരണമായതെന്ന് 48-കാരിയെ ചികിത്സിച്ച ഡോക്ടറും വ്യക്തമാക്കി. 

എന്താണ് ഓസ്റ്റിയോപോറോസിസ്?
നമ്മുടെ അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും ബോണ്‍ ടിഷ്യൂവിന്റെ നാശത്തിനു കാരണമാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇത് എല്ലുകള്‍ക്ക് ഒടിവുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. സാധാരണയായി ഇത് മുതിര്‍ന്നവരേയാണ് അധികവും ബാധിക്കാറുള്ളത്. ആര്‍ത്തവവിരാമമായ സത്രീകളില്‍ ഈസ്ട്രജന്‍ ലെവല്‍ കുറയുന്നതിനാല്‍ ഇവരില്‍ ഓസ്റ്റിയോപോറോസിസ് വരാനുള്ള പ്രത്യേക സാധ്യതയുമുണ്ട്. ചില പ്രത്യേക ശാരീരികാവസ്ഥകള്‍കൊണ്ടും, മരുന്നുകളുടെ പരിണിതഫലമായും, വ്യായമമില്ലാത്തും ന്യൂട്രിയന്റുകളുടെ അപര്യാപ്തതയുള്ള ജീവിതശൈലി മൂലവും ഓസ്റ്റിയോപോറോസിസ് വരാറുണ്ട്.

കാരണങ്ങള്‍
ഓസ്റ്റിയോപോറോസിസിന് പല കാരണങ്ങളുണ്ടെങ്കിലും പ്രായമാകുന്നത് ഒരു പ്രധാന ഘടകമാണ്. നമുക്ക് പ്രായമേറുന്നതിനനുസരിച്ച് നമ്മുടെ എല്ലുകള്‍ ദുര്‍ബലമാകുകയും എളുപ്പത്തില്‍ ഒടിയുന്ന അവസ്ഥയിലുമാകുന്നു. പാരമ്പര്യം, പുകവലി, അമിത മദ്യപാനം, ആവശ്യത്തിന് കാത്സ്യമോ വൈറ്റമിന്‍ ഡിയോ ലഭിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ രോഗം ബാധിക്കാന്‍ അനുകൂലമായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ സ്ത്രീകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. സീലിയാക് -Celiac - ഡിസീസ്, ക്രോണ്‍സ് -Crohn's- ഡിസീസ്, അനോറെക്സിയ നെര്‍വോസ, ചില കാന്‍സറുകള്‍ (സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍), ചില മരുന്നുകള്‍ (സ്റ്റിറോയ്ഡുകള്‍, ആന്റികണ്‍വല്‍സന്റ്സ്), തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകളും ഓസ്റ്റിയോപോറോസിസിന് കാരണമാകുന്നു.

ലക്ഷണങ്ങള്‍
ഓസ്റ്റിയോപോറോസിസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ രോഗത്തിന്റെ കാഠിന്യത്തിന് അനുസരിച്ചാണ് പ്രത്യക്ഷപ്പെടുക. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും കാണിച്ചുകൊള്ളണമെന്നില്ല. അസുഖം കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ ഭാരം കുറയുക, വളവ് സംഭവിക്കുക, പുറംവേദന എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നതിനൊപ്പം നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട എന്നിവിടങ്ങളിലെ എല്ലുകള്‍ പൊട്ടുന്നതിലേക്കും നയിക്കുന്നു.

ചികിത്സാരീതി
ഭാരം വഹിച്ചുകൊണ്ടുള്ള വ്യായാമം:  ഇത് പുതിയ എല്ലുവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അസ്ഥിനഷ്ടം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ആഴ്ചയില്‍ നിരവധി തവണ അര മണിക്കൂര്‍ നടക്കുന്നതു പോലെയാണിത്. നിശ്ചിത മരുന്നുകള്‍ക്കു പുറമെ കാത്സ്യവും വൈറ്റമിന്‍ ഡിയും ലഭിക്കുന്ന ഭക്ഷണങ്ങള്‍ പതിവാക്കുക. മാസമുറ നിലച്ച സ്ത്രീകളാണെങ്കില്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ഓസ്റ്റിയോപോറോസിസിന്റെ അപകടസാധ്യത കുറയ്ക്കും.

കുടുംബ പാരമ്പര്യവും ജനിതക ഘടകങ്ങളും നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലും നമ്മുടെ ജീവിതശൈലീ ക്രമീകരണത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഓസ്റ്റിയോപോറോസിസിനെ നിയന്ത്രിക്കാന്‍ സാധിക്കും. നാം ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ എല്ലുകളുടെ ഗാഢത ഉറപ്പുവരുത്തിക്കൊണ്ട് ഭക്ഷണത്തില്‍ കാത്സ്യവും വൈറ്റമിന്‍ ഡിയും അധികമായുള്ള പാല്‍, തൈര്, വെണ്ണ, പച്ച ഇലകള്‍, ചില ധാന്യങ്ങള്‍, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ആവശ്യത്തിന് ഉള്‍പ്പെടുത്തുക. നടത്തം, ഓട്ടം, പടി കയറ്റം, ടെന്നിസ്, നൃത്തം തുടങ്ങിയ വ്യായാമങ്ങളും എല്ലുകളെ ശക്തിപ്പെടുത്തുകയും പേശികളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.
 

Content Highlights: 48-year-old woman developed severe osteoporosis from avoiding sunlight