'ചില സിനിമകൾ അവയവദാനത്തെ നെഗറ്റീവായി ചിത്രീകരിച്ചു, ഡോക്ടർമാർക്ക് കോടതി കയറേണ്ട സാഹചര്യം'

Representative Image| Photo: Canva.com
Representative Image| Photo: Canva.com

പലതരത്തിലുള്ള പ്രചാരണങ്ങൾ പ്രതികൂലമായി ബാധിക്കുന്നതിനാൽ കേരളത്തിൽ അവയവദാനം കുറഞ്ഞുവെന്ന് ഡോ. ജോ ജോസഫ്. ചില സിനിമകൾ അവയവദാനത്തെ നെ​ഗറ്റീവായി ചിത്രീകരിച്ചു. ബ്രെയിൻ ‍ഡെത്ത് സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്ക് കോടതി കയറേണ്ടിവരുന്ന സാഹചര്യം വരെ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. 

ഒരു സിനിമ ചെയ്തതിനുശേഷം അതിലെ സംവിധായകൻ അങ്ങനെയല്ലായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് വർഷങ്ങൾക്കുശേഷം പറഞ്ഞിട്ടുണ്ടെന്നും ഡോ. ജോ ജോസഫ് പറഞ്ഞു. പക്ഷേ അപ്പോഴേക്കും അതുകൊണ്ടുള്ള നഷ്ടം ഉണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ബ്രെയിൻ ഡെത്ത് സർട്ടിഫൈ ചെയ്യേണ്ടത് റോഡ് ട്രാഫിക് ആക്സിഡന്റ് മൂലമുള്ള രോ​ഗികളിലോ മസ്തിഷ്കത്തിന് തകരാറുണ്ടായ രോ​ഗികളിലോ ആയിരിക്കും. അവർ ന്യൂറോളജിസ്റ്റിനെയോ, ന്യൂറോ സർജനെയോ ആണ് കാണിക്കുക. ആ ഡോക്ടർമാർ അവയവദാനവുമായി യാതൊരു ബന്ധവും ഉള്ളവരല്ല. പക്ഷേ അവർക്ക് വക്കീൽ നോട്ടീസും മറ്റും ലഭിക്കുന്ന സാഹചര്യം വരുമ്പോൾ ബ്രെയിൻ ‍ഡെത്ത് സർട്ടിഫിക്കേഷൻ നടത്താൻ മടിക്കും. - ഡോക്ടർ പറയുന്നു. 

മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാനം സംസ്ഥാനത്ത് കുറയുന്നതായുള്ള കണക്കുകൾ നേരത്തേ പുറത്തുവന്നിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്നങ്ങളുമാണ് പലരെയും പിന്തിരിപ്പിക്കുന്നത്. 

മസ്തിഷ്‌കമരണം

മസ്തിഷ്‌കമരണം (ബ്രെയിൻ സ്റ്റം ഡത്ത്) എന്ന അവസ്ഥയിലാണ് അവയവദാനത്തിന് അവസരം കിട്ടുന്നത്. ഇത്തരം ഒരു ബ്രെയിൻ സ്റ്റം മരണം കൃത്രിമമായി ഉണ്ടാക്കിയെടുക്കാനാവില്ല. ചികിത്സിക്കുന്ന ഡോക്ടറല്ല മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്. മസ്തിഷ്കമരണം സംശയിച്ചാൽ നാലുഡോക്ടർമാർ ചേർന്നുള്ള ഒരു വിദഗ്ധപാനലാണ് പരിശോധിച്ച് ഉറപ്പുവരുത്തുക. ആറു മണിക്കൂറിനുശേഷം ഈ മെഡിക്കൽസംഘം പരിശോധനകൾ ആവർത്തിക്കും. എന്നിട്ടുമാത്രമേ സ്ഥിരീകരിക്കൂ.

കെ-സോട്ടോ

കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റേഷൻ ഓർഗനൈസേഷൻ) എന്ന സർക്കാർ സംവിധാനത്തിന്റെ മേൽനോട്ടത്തിൽ സുതാര്യമായാണ് മരണാനന്തര അവയവദാനപദ്ധതി നടക്കുന്നത്. ലിസ്റ്റിലുള്ളവർക്ക് മുൻഗണനക്രമത്തിലാണ് നൽകുക. ഇതിനായി രജിസ്ട്രി സൂക്ഷിക്കുന്നുണ്ട്.

അവയവദാനത്തിന് താത്പര്യമുള്ളവർക്ക് https://notto.abdm.gov.in/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

Content Highlights: Dr. Jo Joseph highlights the decline in organ donation in Kerala