വെളുത്ത പാടുകൾ, മാറാത്ത വായ്പുണ്ണ്; ചെറിയ മാറ്റങ്ങളെ അവഗണിക്കല്ലേ, ഓറൽ കാൻസറിന്റെ സൂചനയായേക്കാം

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് വായിലെ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം)വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പലപ്പോഴും, രോഗത്തിന്റെ ആദ്യകാലലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്.
വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.
പൂർവാർബുദ അവസ്ഥകൾ
ല്യൂക്കോപ്ലാക്കിയ (Leukoplakia)
വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു
ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)
തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനു മിനുത്തതുമാണ് .
സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)
കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടു വശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് . കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ് ഇവക്ക്
നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)
വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ,ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക ,കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ് അത് കൊണ്ട് തന്നെ തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടർമാരെ കാണേണ്ടതാണ് .
ലക്ഷണങ്ങൾ
- വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
- വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
- വെള്ളയോ, ചുവന്നതോ, രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
- ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
- വായിലോ, താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
- ഭക്ഷണം ചാവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
- വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
- വായിൽ നിന്നും അകാരണമായ രക്തസ്രാവം
- ശബ്ദത്തിലുള്ള വ്യതിയാനം
- പല്ലുകൾ ഇളകുക
- അകാരണമായി ശരീരഭാരം കുറയുക
വായിലെ കാൻസർ എങ്ങനെ തടയാം ?
- എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗം പൂർണമായി നിർത്തുക.
- മദ്യം ഉപയോഗിക്കാതിരിക്കുക.
- സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
- എല്ലാ ആറുമാസം കൂടുന്തോറും ഡോക്ടറെ കാണുക.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Oral cancer develops when cells in the mouth grow uncontrollably, commonly affecting areas from the lips to the tonsils.