കോവിഡ് മരണനിരക്കുകൾ മറച്ചുവെച്ചിട്ടില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി ചൈന

Representative Image| Photo: AFP
Representative Image| Photo: AFP

വാഷിങ്ടൺ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോ​ഗവ്യാപനവും മരണനിരക്കും സംബന്ധിച്ച് ചൈന കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ലോകാരോ​ഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചൈന. കോവിഡ് നിരക്കുകൾ മറച്ചുവെക്കുകയാണ് എന്ന ആരോപണം നിഷേധിക്കുന്നുവെന്ന് ചൈന വ്യക്തമാക്കി.

ലോകാരോ​ഗ്യസംഘടനയ്ക്കൊപ്പം നിരവധി രാജ്യങ്ങളും ചൈനയ്ക്കെതിരെ ആരോപണം ഉയർത്തിയ സാഹചര്യത്തിലാണ് പ്രതികരണം. കോവിഡ് സംബന്ധിച്ച വിവരങ്ങളും കണക്കുകളും എല്ലായ്പ്പോഴും ചൈന ഉത്തരവാദിത്തത്തോടെ പങ്കുവെച്ചിട്ടുണ്ടെന്ന് വാഷിങ്ടൺ ഡി.സിയിലെ ബീജിങ് എംബസി വ്യക്തമാക്കി. 

കണക്കുകളുമായി ബന്ധപ്പെട്ട്‌ ലോകാരോ​ഗ്യ സംഘടനയുമായി  ചൈനീസ് ശാസ്ത്രജ്ഞർ ചർ‌ച്ചകൾ നടത്തുകയാണെന്ന് ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞു. ചൈന നിലവിൽ പ്രസിദ്ധീകരിക്കുന്ന കണക്കുകളിൽ ഹോസ്പിറ്റൽ അഡ്മിഷനുകൾ, ഐ.സി.യു. അഡ്മിഷനുകൾ, മരണനിരക്ക് എന്നിവ സംബന്ധിച്ച മതിയായ വിവരങ്ങളില്ലെന്ന് ലോകാരോ​ഗ്യസംഘടനയുടെ അടിയന്തരാവസ്ഥ വിഭാ​ഗം ഡയറക്ടറായ മൈക് റയാൻ കഴിഞ്ഞയാഴ്ച്ച ആരോപിച്ചിരുന്നു.

ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ച് ലോകാരോ​ഗ്യസംഘടനയുടെ  ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസസും പറഞ്ഞിരുന്നു. വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ  ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് അഥനോം ​​ഗെബ്രിയേസസ് പറഞ്ഞത്. കോവിഡിന്റെ ആവിർഭാവത്തെക്കുറിച്ചും മറ്റുമുള്ള ‍ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച നിയന്ത്രണങ്ങൾ സമീപകാലംവരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവുകള്‍ നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.

Content Highlights: not hiding covid infections or death figures, claims china