സമൂസയ്ക്കും ജിലേബിക്കും ലേബൽ ആവശ്യമില്ല; സ്ട്രീറ്റ് ഫുഡ് സംസ്കാരത്തെ ലക്ഷ്യമിടില്ല- കേന്ദ്രം

സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ജനപ്രിയ ഇന്ത്യൻ ലഘുഭക്ഷണങ്ങൾക്ക് മുന്നറിയിപ്പ് ലേബലുകൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കച്ചവടക്കാർ വിൽക്കുന്ന ഭക്ഷണങ്ങൾ ലേബൽ ചെയ്യേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചു. ജിലേബിയും സമൂസയും പുകവലിപോലെ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നൽകി വിൽപ്പന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
'കച്ചവടക്കാർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ പതിക്കാൻ നിർദേശിക്കുന്നില്ല. കൂടാതെ, ഇന്ത്യൻ ലഘുഭക്ഷണങ്ങളെയല്ല ലക്ഷ്യമിടുന്നതും. ഇത് ഇന്ത്യയുടെ സമ്പന്നമായ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തെ ലക്ഷ്യമിടുകയില്ല', കേന്ദ്രത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മികച്ച ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കാനാണ് ശ്രമം. ഏതെങ്കിലും പ്രത്യേക ഭക്ഷ്യവസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മറിച്ച്, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനാണ് ശ്രമമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കാൻ എയിംസ് ഉൾപ്പെടെയുള്ള എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും നേരത്തെ കേന്ദ്രം നിർദേശം നൽകിയിരുന്നു. ജങ്ക് ഫുഡിനെ പുകയിലപോലെ കാണുന്നതിനുള്ള ആദ്യപടിയാണിതെന്ന് ഉത്തരവിലുണ്ടായിരുന്നു. രാജ്യത്ത് പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.
Content Highlights: No Warning Labels for Samosas and Jalebis: Government Clarifies Stance on Street Food