ബ്ലേഡ് തൊണ്ടയിലൂടെ ഇറങ്ങുന്നതുപോലുള്ള വേദന, പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോകത്തിന്റെ പലഭാ​ഗങ്ങളിലും ഇപ്പോഴും കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പലയിടങ്ങളിലും നിലവിൽ  വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കോവിഡ് വകഭേദമാണ് NB.1.8.1 അഥവാ നിംബസ്. നേരത്തേ കണ്ട വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിലലക്ഷണങ്ങൾ കൂടി പുതിയ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ നിംബസ് ​​ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നില്ല എന്നത് ആശ്വാസകരവുമാണ്.

കടുത്ത തൊണ്ടവേദനയാണ് നിംബസ് പ്രകടമാക്കുന്ന പ്രധാനലക്ഷണങ്ങളിലൊന്നെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ നിംബസ് സ്ഥിരീകരിച്ചവരിൽ ​ഗ്ലാസോ, ബ്ലേഡോ തൊണ്ടയിലൂടെ ഇറങ്ങുന്നവിധം കടുത്ത തൊണ്ടവേ​​ദനയാണ് ഉണ്ടാകുന്നതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മുമ്പത്തെ ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തൊണ്ടവേ​ദന പെട്ടെന്ന് വരികയും ചെറിയ പനിക്കൊപ്പം പോലും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. 

മറ്റൊരു പ്രധാനലക്ഷണം വിശപ്പില്ലായ്മയാണ്. വയറിന്റെ പ്രശ്നങ്ങൾ കൊണ്ടോ, മനംപുരട്ടൽ കൊണ്ടോ അല്ലാതെ പെട്ടെന്ന് വിശപ്പില്ലായ്മ അനുഭവപ്പെടുന്നത് പുതിയ വകഭേദത്തിൽ കണ്ടുവരുന്നുണ്ട്. ദഹനസംബന്ധമായ മറ്റൊരു പ്രശ്നങ്ങളും ഉണ്ടായിരിക്കില്ല. കടുത്തക്ഷീണം, ശരീരവേദന എന്നിവയ്ക്കൊപ്പമാണ് വിശപ്പില്ലായ്മയും അനുഭവപ്പെടുക. 

പേശീവേദനയും കോവിഡിനൊപ്പം കണ്ടുവരുന്നത് സ്വാഭാവികമാണ്. എന്നാൽ താടിയെല്ല്, പുറംവശം, ചെവിയുടെ പുറംവശം തുടങ്ങിയ ഭാ​ഗങ്ങളിൽ വേദന കണ്ടുവരുന്നതും നിംബസ് വകഭേദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഇതിനൊപ്പം വിട്ടുമാറാത്ത മൂക്കടപ്പും പ്രധാനലക്ഷണമാണ്. സാധാരണ പനിക്കൊപ്പം വരുന്ന മൂക്കടപ്പിന് പകരം ഒരാഴ്ചയ്ക്കപ്പുറം നീണ്ടുനിന്നേക്കാവുന്ന മൂക്കടപ്പാണ് അനുഭവപ്പെടുക. 

രാജ്യത്തെ നിലവിലെ രോ​ഗവ്യാപനത്തിന് പിന്നിൽ ഒമിക്രോൺ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB. 1.8.1 എന്നിവയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആർ (Indian Council of Medical Research) ഡയറക്ടർ ജനറലായ ഡോ. രാജീവ് ഭെൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈന ഉൾപ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവർ, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മർദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.

ആരോഗ്യപാഠങ്ങൾ ഓർക്കുക

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ്‌ അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങൾ.
 

Content Highlights: Learn about the new Nimbus (NB.1.8.1) COVID variant, its symptoms