എന്നും വൈകി ഉറങ്ങുന്നത് ഹൃദയത്തിന് ഹാനികരമോ? മുന്നറിയിപ്പുമായി പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

രാത്രി ഏറെ വൈകിയും ഉണർന്നിരിക്കുന്നവർക്ക് ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മധ്യവയസ്കരും പ്രായമുള്ളവരും, പ്രത്യേകിച്ച് സ്ത്രീകളും പകൽ സമയത്തേക്കാളേറെ രാത്രികളിൽ കൂടുതൽ സജീവമാകുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും പഠനം നൽകുന്നു.

കൂടാതെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എട്ട് പ്രധാന ഘടകങ്ങളെക്കുറിച്ചും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണം, ശാരീരികമായി സജീവമായിരിക്കുക, പുകവലിക്കാതിരിക്കുക, ഉയർന്ന നിലവാരമുള്ള ഉറക്കം, ശരീരഭാരം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം എന്നിവ ആളുകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പഠനം പറയുന്നു.

ദൈനംദിനജീവിതത്തിൽ ഉറക്കക്കുറവ് മൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ

  • ഹൃദ്രോഗങ്ങൾ
  • ഉയർന്ന രക്തത സമ്മർദ്ദം
  • സ്‌ട്രോക്ക്
  • പ്രമേഹം
  • മൈഗ്രൈൻ
  • കുറഞ്ഞ പ്രതിരോധശേഷി
  • വൈജ്ഞാനിക വൈകല്യം
  • പെരുമാറ്റ വൈകല്യങ്ങൾ
  • അമിതഭാരം

ഉറക്കത്തെ സംബന്ധിച്ചുള്ള മിഥ്യാധാരണകൾ ഇതാണ്

  • ഓരോ രാത്രിയിലും ഉറങ്ങേണ്ട അളവിൽ ഒരു മണിക്കൂർ കുറയുന്നത് പകൽസമയത്തെ പ്രവർത്തനക്ഷമതയെ ഒരു വിധത്തിലും ബാധിക്കുന്നില്ല.
  • മാറിമറിഞ്ഞു വരുന്ന സ്ലീപ് ഷെഡ്യൂളുകളോട് നമ്മുടെ ശരീരം പെട്ടന്ന് തന്നെ പൊരുത്തപ്പെടുന്നു.
  • പകൽസമയത്ത് അനുഭവപ്പെടുന്ന അമിതമായ ക്ഷീണം ഇല്ലാതാക്കാൻ രാത്രിയിലെ കുറച്ചധികം ദൈർഘ്യമുള്ള ഉറക്കത്തിനു സാധിക്കും.
  • ഒരാഴ്ചയിലെ മൊത്തം ഉറക്കകുറവിനെയും പരിഹരിക്കാൻ വീക്കെന്റുകളിൽ അധികമായി ഉറങ്ങിയാൽ മതിയാവും.

സുഖനിദ്ര കൈവരിക്കാൻ ഏഴ് മാർഗങ്ങൾ

  • കൃത്യമായ ഒരു സ്ലീപ് ഷെഡ്യൂൾ നിർബന്ധമാക്കുക.
  • അമിതമായി ഭക്ഷണം കഴിച്ചോ അല്ലെങ്കിൽ ഒട്ടും തന്നെ ഭക്ഷണം കഴിക്കാതെയോ ഉറങ്ങാൻ പോകരുത്. ഉറങ്ങുന്നതിനു മുൻപ് മദ്യം, നിക്കോട്ടിൻ, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക. മാത്രമല്ല ആവശ്യത്തിന് മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
  • ഒരു ബെഡ്ടൈം റിച്വൽ ശീലമാക്കുക. അതായത് ഉറങ്ങുന്നതിനു മുൻപ് ചെറുചൂടുവെള്ളത്തിലുള്ള കുളിയോ അല്ലെങ്കിൽ ഇഷ്ടമുള്ള ഏതെങ്കിലും പുസ്തകം വായിക്കുകയോ ശാന്തമായ ഏതെങ്കിലും ഒരു പാട്ടു കേൾക്കുകയോ ഒക്കെ ആവാം. വെളിച്ചം അധികമാവാതിരിക്കാൻ ബെഡ് ലാമ്പുകൾ ഉപയോഗിക്കാം. ആൽഫ മെഡിറ്റേഷൻ ശീലിക്കുന്നതും മനസ്സിനെ ശാന്തമാക്കുവാൻ സഹായിക്കുന്നു.
  • ബെഡ്റൂം തീർത്തും നല്ലൊരു ഉറക്കത്തിനു വഴിയൊരുക്കുന്ന രീതിയിൽ സജ്ജമാക്കുക. തികച്ചും ശാന്തവും കുളിർമ അനുഭവപ്പെടുന്നതുമായാൽ നന്ന്. നല്ല ഗുണനിലവാരമുള്ള കിടക്കയും തലയിണയും ഉപയോഗിക്കുവാൻ ശ്രമിക്കുക.
  • ഉച്ചമയക്കം കഴിവതും ഒഴിവാക്കാം. അഥവാ ഉറങ്ങുകയാണെങ്കിൽ തന്നെ 30 മിനിറ്റിൽ കൂടുതൽ ഉറങ്ങാതിരിക്കുവാൻ ശ്രമിക്കുക.
  • പതിവായി ശാരീരിക വ്യായാമങ്ങൾക്കു മുൻഗണന കൊടുക്കുക.
  • സ്‌ട്രെസ് കുറയ്ക്കുവാൻ ആരോഗ്യകരമായ മാർഗങ്ങൾ തിരഞ്ഞെടുക്കുക.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Night owls may face higher heart disease risk. Learn about a new study and essential steps to protect your heart health, even with late-night tendencies.