21 വർഷമായി ജീവിക്കുന്നത് ടൈപ്പ് 1 പ്രമേഹവുമായി, തിരിച്ചറിയാൻ വൈകി; അനുഭവം പങ്കുവെച്ച് നിക്ക് ജൊനാസ്

ടൈപ്പ് 1ഡയബറ്റിസ് സ്ഥിരീകരിച്ചതിനേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജൊനാസ്. ഇപ്പോഴിതാ കഴിഞ്ഞ 21 വർഷമായി ടൈപ്പ് 1ഡയബറ്റിസുമായി ജീവിക്കുന്നതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നിക്ക്. ദേശീയ പ്രമേഹ വാരാചാരണത്തോട് അനുബന്ധിച്ചാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.
അടുക്കും ചിട്ടയോടെയും എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നാണ് താൻ ആദ്യം കരുതിയിരുന്നത്. എന്നാൽ പ്രമേഹം ആ ധാരണയെ തകിടം മറിച്ചുവെന്നും എത്ര സൂക്ഷ്മമായി പ്ലാൻ ചെയ്താലും അനിശ്ചിതത്വത്തെ അംഗീകരിക്കണമെന്ന് തിരിച്ചറിയാൻ സഹായിച്ചത് രോഗസ്ഥിരീകരണമാണെന്നും നിക്ക് പറഞ്ഞു. ഫോണിൽ ഗ്ലൂക്കോസ് അളവ് പരിശോധിക്കുന്നതും കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കണക്കാക്കി ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പ് ഇൻസുലിൻ പമ്പ് എടുക്കുന്നതുമെല്ലാം ദൈനംദിനജീവിതത്തിന്റെ ഭാഗമാണിന്ന്.
ലക്ഷണങ്ങൾ പലതും രോഗത്തിന്റേതാണെന്ന് താൻ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ശരീരഭാരം കുറയുന്നതും അമിതമായി വെള്ളം കുടിക്കാനുള്ള തോന്നലും തുടർച്ചയായി ബാത്ത്റൂമിൽ പോകേണ്ടി വന്നതുമൊക്കെ പ്രമേഹത്തിന്റേതാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് 900 mg/dL-ന് മുകളിലായിരുന്ന നിലയിലാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞിരുന്നുവെന്നും നിക്ക് പറയുന്നു.
13 വയസ്സുള്ളപ്പോഴാണ് തനിക്ക് ടൈപ്പ് വൺ പ്രമേഹമാണെന്ന് തിരിച്ചറിഞ്ഞതെന്ന് നിക്ക് പറഞ്ഞിട്ടുണ്ട്. സഹോദരങ്ങൾക്കൊപ്പം കളിക്കുമ്പോൾ വയറ്റിൽ എന്തോ ഒരു പ്രശ്നമുള്ളതായി തോന്നി. ഒരു ഡോക്ടറെ കാണണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. വിദഗ്ധ പരിശോധനയിലാണ് ടൈപ്പ് വൺ പ്രമേഹമാണെന്ന് തിരിച്ചറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു.
എന്താണ് ടൈപ്പ് വൺ ഡയബറ്റിസ് ?
മുതിർന്നവരിൽ വരുന്ന അതേ പ്രശ്നമാണെന്ന രീതിയിലാണ് ടൈപ്പ് വൺ പ്രമേഹത്തെ പൊതുസമൂഹം കാണുന്നത്. എന്നാൽ, രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥയാണിത്. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിപ്പിക്കപ്പെടുകയാണ്. മധുരം കഴിക്കുന്നതുകൊണ്ടോ ജീവിതശൈലിയിലെയോ ഭക്ഷണരീതിയിലെയോ പാകപ്പിഴകൾകൊണ്ടോ ഉണ്ടാകുന്നതല്ല ഇത്. രോഗം മുൻകൂട്ടി തിരിച്ചറിയലാണ് പ്രധാനം. അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, പെട്ടെന്നുള്ള തടികുറയൽ, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം. തുടർച്ചയായി കൃത്യതയോടെ ഇൻസുലിൻ നൽകുകയാണ് പ്രധാനം.
Content Highlights: Nick Jonas opens up about living with type 1 diabetes for 21 years, sharing insights during National Diabetes Awareness Week.