സ്തനാർബുദനിർണയം എളുപ്പത്തിലാക്കാൻ പുതിയ പദ്ധതി; വലിയ പ്രതീക്ഷയുമായി പുതിയ അൾട്രാസൗണ്ട് പരിശോധന

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

കണ്ണൂര്‍: സ്തനാര്‍ബുദം ലോകത്ത് കൂടിവരികയാണ്. കേരളത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന കാന്‍സര്‍ ഇതാണ്. ഓരോവര്‍ഷവും സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വലിയതോതില്‍ കൂടുന്നുണ്ട്. ജീവിതശൈലിയില്‍വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. കുറച്ചുകാലം കൊണ്ട് യൂറോപ്പിലും അമേരിക്കയിലും കാണുന്നത്ര കേസുകള്‍ ഇവിടെയും കണ്ടേക്കാം. ഈ സാഹചര്യത്തില്‍ നേരത്തേയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും സൗകര്യമൊരുക്കുകയെന്നത് പരമപ്രധാനമാണ് -ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ഉപ മേധാവി ഡോ. പാര്‍ഥ ബസു പറയുന്നു.

ചികിത്സിച്ച് ഭേദമാക്കാന്‍ ഏറ്റവും സാധ്യതയുള്ളതാണ് സ്തനാര്‍ബുദം. സ്റ്റേജ് ഒന്നിലോ രണ്ടിലോ കണ്ടെത്താനായാല്‍ 90 ശതമാനവും ഭേദമാക്കാനാവും. എന്നാല്‍ രോഗനിര്‍ണയം വൈകുന്നതാണ് പരാജയ കാരണം. അപ്പോള്‍ ചികിത്സ വൈകുന്നു, സങ്കീര്‍ണത കൂടുന്നു. രോഗലക്ഷണം ഉള്ളവര്‍ക്ക് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വഴിയൊരുക്കുകയെന്നത് പ്രധാനമാണ്.

രോഗനിര്‍ണയം എളുപ്പത്തില്‍

40 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാമോഗ്രാം നടത്തുകയെന്ന പാശ്ചാത്യരീതി നമ്മുടെ നാട്ടില്‍ പ്രായോഗികമല്ല. പകരം സ്വീകരിക്കാവുന്ന വഴിയുണ്ട്. പരിശീലനം ലഭിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തുന്ന സ്തനപരിശോധനയാണിത്. ഇതിലൂടെ വല്ല മുഴകളോ തടിപ്പോ ഉണ്ടോ എന്നു കണ്ടെത്താനാവും. അങ്ങനെ കണ്ടെത്തിയാല്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്തി മുഴയുടെ സ്വഭാവം മനസ്സിലാക്കാം. സ്തനത്തിലെ വലിയൊരു ശതമാനം തടിപ്പുകളും അപകടകാരികള്‍ അല്ലാത്തതായിരിക്കും. അള്‍ട്രാസൗണ്ട് പരിശോധനയാകട്ടെ മിക്ക ആസ്പത്രികളിലും ലഭ്യമാണ്. ചെലവും കുറവാണ്. പക്ഷേ അവിടെയും പ്രശ്‌നമുണ്ട്. റേഡിയോളജിസ്റ്റുകള്‍ക്ക് ക്ഷാമമാണ്.

ഡോ. പാർഥാബസു

ചെറിയ അള്‍ട്രാസൗണ്ട് മെഷീന്‍

ഇപ്പോള്‍ മൊബൈല്‍വലുപ്പത്തിലുള്ള വളരെ ചെറിയ അള്‍ട്രാസൗണ്ട് മെഷീന്‍ ലഭ്യമാണ്. റിസല്‍റ്റ് പരിശോധിക്കാന്‍ മോണിറ്ററൊന്നും വേണ്ട.

ഇത്തരം മെഷീനുകള്‍ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പിലെത്തിയാല്‍ ഭാവിയില്‍ കാര്യങ്ങള്‍ എളുപ്പമാവും. റേഡിയോളജിസ്റ്റിന്റെ ആവശ്യമില്ല. ഗൈനക്കോളജിസ്റ്റിന് തന്നെ റിപ്പോര്‍ട്ട് പരിശോധിക്കാം.

സ്തനപരിശോധനയില്‍ സംശയം തോന്നിയാല്‍ അടുത്ത മുറിയില്‍ അള്‍ട്രാസൗണ്ട് പരിശോധന. വളരെ വേഗത്തില്‍ രോഗമില്ലെന്ന റിപ്പോര്‍ട്ട് കിട്ടുന്നു. ദിവസങ്ങളോളം കാത്തുനില്‍പ്പില്ല. ടെന്‍ഷനില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംശയിച്ചാല്‍മാത്രം മാമോഗ്രാം ഉള്‍പ്പെടെ തുടര്‍പരിശോധന മതിയാകും. രോഗനിര്‍ണയത്തിന് ഇത്തരം ഒരു സംവിധാനത്തിന് ഇന്ത്യയില്‍ തുടക്കമിടുകയാണ്. ഇതിനായി പ്രായോഗികതല സാധ്യതകള്‍ മനസ്സിലാക്കാന്‍ പഠനം നടക്കുന്നു. സ്തനാര്‍ബുദനിര്‍ണയത്തില്‍ ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

Content Highlights: breast cancer, ultra sound scanning, health