ദിവസം ഒരു ഗുളിക മതി, കൊളസ്ട്രോൾ പമ്പ കടക്കും! കുത്തിവെപ്പിനു പകരമുള്ള പുതിയ മരുന്നിന് അനുമതി

മുതിർന്നവരിലെ ഉയർന്ന തോതിലുള്ള ചീത്ത കൊളസ്‌ട്രോൾ (എൽ.ഡി.എൽ.) കുറയ്ക്കുന്നതിനുള്ള കുത്തിവെപ്പിനു പകരം ഗുളികയ്ക്ക് അനുമതി. മെർക്ക് കമ്പനി വികസിപ്പിച്ച മരുന്നിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഉപയോഗാനുമതി നൽകിയത്.
സ്റ്റാറ്റിനുകൾക്കൊപ്പം ദിവസവും ഒരു ഗുളിക വീതം ഉപയോഗിക്കുന്നതിലൂടെ എൽ.ഡി.എൽ. കൊളസ്ട്രോളിന്റെ അളവ് 60 ശതമാനം വരെ കുറയ്ക്കാനായെന്നു തെളിഞ്ഞിട്ടുണ്ട്.
വർഷത്തിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്ന കുത്തിവെപ്പു മരുന്നിനെക്കാൾ വിലക്കുറവുണ്ടെന്നതും മേന്മയാണ്. സ്റ്റാറ്റിൻ മരുന്നുകൾ പതിവായി ഉപയോഗിക്കുന്നത് ചിലരിലെങ്കിലും പേശിവേദനയും മറ്റുമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പുതിയ മരുന്നിനില്ലെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായത്. എൻലിസിറ്റൈഡ് എന്ന ജനറിക് പേരിലുള്ള മരുന്ന് ലിപ്‌ഫെൻഡ്ര എന്ന ബ്രാൻഡ് നെയിമിലാണ് വിപണിയിലിറങ്ങുക.
ശരീരത്തിലെ പി.സി.എസ്.കെ-9 എന്ന പ്രോട്ടീനെ തടഞ്ഞ് ചീത്ത കൊളസ്ട്രോൾ രക്തത്തിൽനിന്നു വേഗം നീക്കംചെയ്യാൻ കരളിനെ സഹായിക്കുന്നതാണ് മരുന്നിന്റെ പ്രവർത്തനം. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നത് ഹൃദ്രോഗത്തിൽനിന്നു സംരക്ഷണം നൽകുമെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. എന്നാൽ, മരുന്നിന് അനുമതി നൽകിയതു തിടുക്കത്തിലായെന്ന വിമർശവും ചില പൊതുജനാരോഗ്യപ്രവർത്തകരിൽനിന്ന് ഉണ്ടായിട്ടുണ്ട്.
Content Highlights: The US FDA approved Merck's daily oral pill Lipfendra, generic name enlicitide, to treat high LDL cholesterol. Taken with statins, this PCSK-9 inhibitor blocks proteins to help the liver clear bad cholesterol by up to 60 percent.