ന്യൂറോപ്പതിയും കാൽമരവിപ്പും പ്രമേഹലക്ഷണം; തിരിച്ചറിഞ്ഞാൽ ചെറുക്കാമെന്നു പഠനം

#ടി.ജി.ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രമേഹരോഗികളിലെ പ്രധാന ആരോഗ്യപ്രശ്നം കാലിലെ മരവിപ്പാണെന്നു പഠനം. കടുത്ത പ്രമേഹമുള്ളവരിൽ ലോകവ്യാപകമായി കണ്ടുവരുന്ന നാഡീസംബന്ധപ്രശ്നമായ ന്യൂറോപ്പതി ഇവിടെയും രോഗബാധിതരെ അലട്ടുന്നുണ്ടെന്ന് സർവേയിൽ കണ്ടെത്തി.സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രമേഹത്തിനു ചികിത്സ നടത്തുന്ന 203 പേരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ(എഎംഎ) റിസർച്ച് ഫൗണ്ടേഷനാണ് പഠനവിധേയമാക്കിയത്. രോഗികളുമായും അവരുടെ ഡോക്ടർമാരുമായും ആശയവിനിമയം നടത്തിയായിരുന്നു വിവരശേഖരണം.

പ്രമേഹബാധിതരാവുന്നതിനു മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ (പൂർവരൂപം) തിരിച്ചറിഞ്ഞ് ആയുർവേദ രീതികളിൽ ജീവിതശൈലി ക്രമപ്പെടുത്തിയാൽ രോഗത്തെ ചെറുക്കാനാവുമെന്നാണ് ഫൗണ്ടേഷന്റെ ശുപാർശ. പഠനവിധേയരാക്കിയവരിൽ 86 ശതമാനംപേരും ടൈപ്-2 പ്രമേഹബാധിതരായിരുന്നു.

ആയുർവേദം നിർദേശിക്കുന്ന ആഹാരരീതിക്കൊപ്പം വ്യായാമം, നിശ്ചിത സമയത്തെ ഉറക്കം, മാനസിക പിരിമുറക്കം ലഘൂകരിക്കൽ എന്നിവ കൃത്യമായി പിന്തുടർന്നാൽ പ്രമേഹത്തെ ചെറുക്കാമെന്നും ആയുർവേദചികിത്സയുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ അഷ്ടാംഗഹൃദയത്തിൽ ഇക്കാര്യം ശുപാർശ ചെയ്യുന്നുണ്ടെന്നും എഎംഎ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. എസ്. ആനന്ദ് പറഞ്ഞു.

പഠനത്തിലെ കണ്ടെത്തലുകൾ

  • കാലിലെ മരവിപ്പ് പ്രധാന ആരോഗ്യപ്രശ്നം-86%
  • ന്യൂറോപ്പതി-46%
  • പ്രമേഹത്തിനൊപ്പം രക്താതിസമ്മർദമുള്ളവർ-36%
  • മാനസിക സമ്മർദം-25.6%
  • വ്യായാമമോ ശാരീരികാധ്വാനമോ ഇല്ലാത്തവർ-65%
  • രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരും 9.30-നുശേഷം ഉറങ്ങുന്നവരും-42%
  • ക്രമരഹിതഭക്ഷണം-42%

Content Highlights: Neuropathy and feet numbness symptoms of diabetes