'നാരങ്ങാവെള്ളത്തിൽ തുടങ്ങും';കർശനമായ ഭക്ഷണക്രമം ഭാര്യയെ ക്യാൻസറിനെ തോല്‍പ്പിക്കാൻ സഹായിച്ചു- സിദ്ധു

തന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ നവജ്യോത് കൗര്‍ നിലവില്‍ ക്ലിനിക്കലി ക്യാന്‍സറില്‍ നിന്ന് മോചിതയായെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധു. വാര്‍ത്താസമ്മേളനം നടത്തിയാണ് സിദ്ധു ഇക്കാര്യം അറിയിച്ചത്.
ഒരുവര്‍ഷത്തിലേറെയായി തന്റെ ഭാര്യ ക്യാന്‍സറുമായി പോരാടുകയായിരുന്നുവെന്നും അതിജീവിക്കാന്‍ മൂന്ന് ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന ക്യാന്‍സറിന്റെ സ്റ്റേജ് 4 തരണം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
'ഏകദേശം ഒന്നര വര്‍ഷം മുമ്പ്, നോനി (നവജ്യോത് കൗര്‍ സിദ്ധു)ക്ക് ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തി. അവള്‍ ഒരുപാട് കഷ്ടപ്പെട്ടു. ആദ്യം ഞാനും അവളും മറ്റുള്ളവരും ഇത് വിശ്വസിച്ചിരുന്നില്ല. എന്നാല്‍, ഓപ്പറേഷന്‍ നടത്തിയതിന് ശേഷമാണ് ഞാനത് അറിഞ്ഞത്. ഇന്ന്, നോനിയെ ക്ലിനിക്കലി ക്യാന്‍സര്‍ വിമുക്തയാക്കിയെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' സിദ്ധു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചികിത്സയ്ക്കിടെ നവജ്യോത് കൗര്‍ പിന്തുടര്‍ന്ന കര്‍ശനമായ ഭക്ഷണക്രമം അതിജീവനത്തില്‍ വലിയ സഹായകരമായെന്നും സിദ്ധു പറഞ്ഞു.
ക്യാന്‍സറുമായി പോരാടുമ്പോള്‍ നാരങ്ങ വെള്ളത്തില്‍ പച്ചമഞ്ഞളും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിച്ചാണ് നവജ്യോദിന്റെ ഒരു ദിനം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'അരമണിക്കൂറിന് ശേഷം പത്ത് മുതല്‍ 12വരെ തുളസിയില കഴിക്കും. പുളിപ്പുള്ള പഴങ്ങളും മത്തങ്ങ, മാതളനാരങ്ങ, കാരറ്റ്, അംല, ബീറ്റ്‌റൂട്ട്, വാല്‍നട്ട് എന്നിവയുടെ ജ്യൂസുകളും അവളുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ബെറികള്‍ ക്യാന്‍സറിനുള്ള മികച്ച ഔഷധമാണ്' സിദ്ധു കൂട്ടിച്ചേര്‍ത്തു.
വൈകീട്ടത്തെ ഭക്ഷണത്തില്‍ നിന്ന് ചോറും റൊട്ടിയും ഒഴിവാക്കി, ക്വിനോവ (ഒരുതരം കടല വര്‍ഗ്ഗം) മാത്രമാണ് നല്‍കിയിരുന്നത്. രാവിലത്തെ ചായയില്‍ കറുവപ്പട്ട, കുരുമുളക്, ഗ്രാമ്പൂ, ശര്‍ക്കര, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ വെളിച്ചെണ്ണ, അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവയില്‍ പാചകം പരിമിതപ്പെടുത്തി. 7 പിഎച്ച് ലെവല്‍ ഉള്ള വെള്ളം മാത്രമാണ് നല്‍കിയത്,'' ഇത് അവളുടെ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യയുടെ ചികിത്സയ്ക്കായി അധികം ചെലവ് വന്നില്ലെന്നും സിദ്ധു അവകാശപ്പെട്ടു. പാട്യാലയിലെ രാജേന്ദ്ര മെഡിക്കല്‍ കോളേജ് അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലായിരുന്നു നവജ്യോതിന്റെ ചികിത്സയുടെ ഭൂരിഭാഗവും.
നിശ്ചയദാര്‍ഢ്യത്തോടെയാണ് അവള്‍ രോഗത്തെ നേരിട്ടു. ഞങ്ങളുടെ മകന്റെ വിവാഹത്തിന് ശേഷം രോഗം ഗുരുതരമായി. ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിച്ചു. പക്ഷേ, അവള്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല, ക്യാന്‍സറിനെ ധൈര്യത്തോടെ നേരിട്ടു' സിദ്ധു പറഞ്ഞു.
ക്യാന്‍സര്‍ ചികിത്സയില്‍ തന്റെ കുടുംബത്തിന്റെ അനുഭവം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മരുന്നുകള്‍ക്കൊപ്പം അച്ചടക്കം, ധൈര്യം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ ക്യാന്‍സറിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും സിദ്ധു വ്യക്തമാക്കി.
Content Highlights: Clinically Cancer Free-Navjot Singh Sidhu's Wife Wins Year Long Battle Against DEADLY Disease