മുന്നുവയസ്സുവരെ പേസ്റ്റ് എടുക്കേണ്ടത് അരിമണിവലിപ്പത്തിൽ, ആറിനുമുകളിൽ ഗ്രീൻപീസ് വലിപ്പം

#ജി. ജ്യോതിലാൽ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊല്ലം: സാങ്കേതികവിദ്യയുടെ വളർച്ച ദന്തപരിപാലനരംഗത്തും എത്തിയതോടെ സ്മാർട്ട് മ്യൂസിക്കൽ ടൂത്ത് ബ്രഷുകൾ പ്രചാരത്തിലാകുന്നു. ഡോക്ടർമാർ നിർദേശിക്കുന്ന രണ്ടു മിനിറ്റ് ബ്രഷ് സമയം കൃത്യമായി പാലിക്കാൻ ഇൻറഗ്രേറ്റഡ് ടൈമർ ഉണ്ടെന്നതാണ് പ്രത്യേകത. ബ്രഷ് ഓൺ ചെയ്യുമ്പോൾ ബ്രഷിൽനിന്ന് സംഗീതം കേട്ടുതുടങ്ങും. പാട്ട് കഴിയുമ്പോൾ ബ്രഷിങ്‌ സമയം പൂർത്തിയാകും. കുട്ടികൾക്കിണങ്ങുന്ന കാർട്ടൂൺ മ്യൂസിക് വരെയുള്ള ബ്രഷ് വിപണിയിൽ ലഭ്യമാണ്.

പല്ലുതേക്കുമ്പോൾ അമിതമായി ബലം പ്രയോഗിക്കുന്നത് മോണയ്ക്കും ഇനാമലിനും കേടുവരുത്തും. അമിതമായി അമർത്തിയാൽ ബ്രഷ് മുന്നറിയിപ്പു നൽകുന്ന പ്രഷർ സെൻസറുകളാണ് മറ്റൊരു പ്രത്യേകത. ബ്ലൂടൂത്ത് വഴി സ്മാർട്ട് ഫോൺ ആപ്പുകളുമായി ബന്ധിപ്പിക്കുന്ന ആപ്പ് കണക്ടിവിറ്റിയും ഉണ്ട്. ഏതുഭാഗമാണ് കൂടുതൽ ബ്രഷ് ചെയ്തതെന്നും ഏതുഭാഗം വിട്ടുപോയെന്നും ആപ്പ് വിശകലനം ചെയ്ത് റിപ്പോർട്ട് നൽകും. പുതിയ സാങ്കേതികവിദ്യകൾ ജീവിതശൈലി മാറ്റുന്നതുപോലെ ഈ ഉപകരണങ്ങൾ ദന്തപരിപാലനത്തെ രസകരമായ ഒരു വിനോദം ആക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി സംസ്ഥാന സെക്രട്ടറിയും കോട്ടയം മെഡിക്കൽ കോളേജ് അസി. പ്രൊഫസറുമായ ബിന്ദു വി.ഭാസ്കർ പറഞ്ഞു.

പല്ല്‌തേക്കുന്ന രീതിയിലെ ചെറിയ മാറ്റങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. ദന്തക്ഷയം ചികിത്സിക്കാനും റൂട്ട് കനാൽ ചികിത്സയ്ക്കും ചെലവുവരുന്ന തുകയും പരിശോധിച്ചാൽ പല്ലുതേപ്പ് എന്ന ലളിതമായ പ്രക്രിയയുടെ മൂല്യം ബോധ്യപ്പെടും -ഡോക്ടർ വ്യക്തമാക്കുന്നു.

പേസ്റ്റ്‌ എടുക്കുമ്പോൾ

മുന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അരിമണി വലിപ്പത്തിൽ. മൂന്നുമുതൽ ആറുവരെ-ഒരു ഗ്രീൻപീസിന്റെ പാതി വലിപ്പത്തിൽ. ആറിനുമുകളിൽ ഒരു ഗ്രീൻപീസ് വലിപ്പം. പേസ്റ്റ് ബ്രഷിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ രീതിയിൽ വേണം എടുക്കാൻ.

ദന്തക്ഷയം തടയാനായി ഫ്ളൂറൈഡ് ചേർത്ത് പേസ്റ്റ് ഉപയോഗിക്കുക. പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഫ്ളൂറോസിസ് കുടിവെള്ളത്തിലൂടെയാണ് ഉണ്ടാകുന്നത്. അതിനാൽ വെള്ളം ശുദ്ധിയാക്കി ഉപയോഗിക്കുക എന്നതാണ് പരിഹാരം. എങ്കിലും ഫ്ളൂറോസിസ് ബാധിത പ്രദേശങ്ങളിൽ ഫ്ളൂറൈഡ് ഇല്ലാത്ത പേസ്റ്റ് ഉപയോഗിക്കാം- ഡോ. ബിന്ദു പറഞ്ഞു.

ഇങ്ങനെ തേക്കണം പല്ല്

  • ബ്രഷ് 45 ഡിഗ്രി ചരുവിൽ പിടിച്ച് പല്ലിന്റെ മുൻഭാഗം, ഉൾഭാഗം എന്നിവ ചെറിയ വട്ടത്തിലുള്ള ചലനങ്ങളിലൂടെ വൃത്തിയാക്കുക. ബലംപ്രയോഗിച്ച് ഉരയ്ക്കരുത്.
  • പല്ല് തേക്കുമ്പോൾ മോണയുടെ ഭാഗവും പതുക്കെ ബ്രഷ് ചെയ്യണം. ബ്രഷ് ഉപയോഗിത്ത് നാവും വൃത്തിയാക്കണം.
  • ബ്രഷ് രണ്ടുമുതൽ മൂന്നുമാസത്തിലൊരിക്കൽ മാറ്റണം. ബ്രഷിലെ നാരുകൾ വളഞ്ഞാലോ, പഴയതായാലോ മാറ്റണം.
  • മൃദുവായ ടൂത്ത് ബ്രഷുകളാണ് നല്ലത്.
  • 2-2-2 ഫോർമുല പാലിക്കു. (ദിവസവും രണ്ടുതവണ രണ്ടുമിനിറ്റ് വീതം മൃദുവായി പല്ലുതേക്കുക. വർഷത്തിൽ രണ്ടുതവണ ഡോക്ടറെ സന്ദർശിക്കുക.)

Content Highlights: Beyond Basic Brushing: How Technology is Enhancing Dental Care