രണ്ടുതവണ ഐവിഎഫ് പരാജയപ്പെട്ടു; അയേൺ കുറയുന്നത് നിസ്സാരമാക്കരുത്- നമിത താപ്പർ

നമിത താപ്പർ
നമിത താപ്പർ

ഐവിഎഫ് ചികിത്സ രണ്ടുതവണ പരാജയപ്പെട്ടതിനേക്കുറിച്ച് തുറന്നുപറഞ്ഞ് സംരംഭകയായ നമിത താപ്പർ. ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഐവിഎഫ് ചികിത്സ പരാജയപ്പെട്ടതിനേക്കുറിച്ചും വന്ധ്യത സംബന്ധിച്ച ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാകേണ്ടതിനേക്കുറിച്ചും നമിത പങ്കുവെച്ചത്. 

തന്റെ രണ്ട് ഐവിഎഫ് ചികിത്സകൾ പരാജയപ്പെട്ടുവെന്നും ഐവിഎഫ് ചികിത്സയേക്കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും നമിത പറയുന്നു. ശരീരത്തിൽ അയേണിന്റെ അംശം കുറയുന്നത് ഐവിഎഫ് ചികിത്സയെ ബാധിക്കുമെന്ന് നമിത പറയുന്നു. അയേൺ കുറയുന്നത് അണ്ഡത്തിന്റെയും ബീജത്തിന്റെയും അളവിനേയും ഗുണനിലവാരത്തേയും ബാധിക്കും. ഗർഭം അലസിപ്പോകാനുള്ള സാധ്യതയും സങ്കീർണതകൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഐവിഎഫിന് തൊട്ടുമുമ്പ് പ്രാഥമികമായി ചെയ്യേണ്ട ടെസ്റ്റുകളുടെ കാര്യത്തിൽ അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും നമിത പറയുന്നു. 

നേരത്തേയും നമിത ഐവിഎഫ് ചികിത്സയേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസ്സിൽ സങ്കീർണതകളില്ലാതെ താൻ അമ്മയായി. വർഷങ്ങൾക്കുശേഷം രണ്ടാമതൊരു കുഞ്ഞിനുവേണ്ടി ശ്രമിക്കുമ്പോൾ രണ്ടുതവണ ഐവിഎഫിന് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. രണ്ടെണ്ണം പരാജയപ്പെട്ടപ്പോൾ ചികിത്സ നിർത്തിയെങ്കിലും പിന്നീട് സ്വാഭാവികമായി തന്നെ ഗർഭം ധരിക്കുകയും ചെയ്തു. ആളുകൾക്ക് ഐവിഎഫിനേക്കുറിച്ച് അവബോധം ഉണ്ടാകാനാണ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞതെന്നും നമിത പറഞ്ഞു.

ഐ.വി.എഫ്.

സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ആർക്കൊക്കെ അനുയോജ്യം ?

അണ്ഡവാഹിനിക്കുഴലിന് തടസ്സം, എൻഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരിൽ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവർക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ.വി.എഫ്. നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവർക്കും ഐ.വി.എഫ്. വേണ്ടിവരും.

ചികിത്സാരീതി

കൂടുതൽ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാൻ ഗൊണോഡോട്രോപ്പിൻ എന്ന ഹോർമോൺ ഇഞ്ചക്ഷൻ നൽകും. വജൈനൽ അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളർച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോർമോൺ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.

അണ്ഡമുള്ള ഫോളിക്കളുകൾക്ക് 18 മില്ലി മീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസർജനത്തിന് പാകമാക്കാൻ സഹായിക്കുന്ന ഹ്യൂമൺ കോറിയോണിക് ഗൊണാഡോട്രോഫിൻ ഇഞ്ചക്ഷൻ നൽകും. ഈ ഇഞ്ചക്ഷൻ നൽകിയശേഷം 34-36 മണിക്കൂറുകൾക്കുശേഷമാണ് അണ്ഡങ്ങൾ ശേഖരിക്കുക.

അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളിൽനിന്നും അണ്ഡങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങൾ ഉടൻ ലാബിലെ കൾച്ചർ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളിൽ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.

ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബിൽതന്നെ വളരാൻ അനുവദിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുക. ആറുമുതൽ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളർച്ചാ ഘട്ടത്തിലാണ് ഇതിനെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗർഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അൾട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അതിനുമുൻപുതന്നെ ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭപാത്രത്തെ സജ്ജമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.

Content Highlights: Namita Thapar Reveals Struggle: Why Two IVF Attempts Failed