നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമോ? വ്യക്തത വരുത്തി കാൻസർ രോഗവിദഗ്ധ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

മനോഹരമായ കൈകൾക്കായി നെയിൽ പോളിഷുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. പലവിധത്തിലും തരത്തിലുമുള്ള നെയിൽ ആർട്ടുകൾ വിപണിയിലുള്ള കാലവുമാണിത്. ഇതിനിടയിലാണ് നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമെന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പ്രചാരണമുണ്ടായത്. ഇക്കാര്യത്തിലെ വാസ്തവം പങ്കുവെക്കുകയാണ് ഗുരുഗ്രാമിൽ നിന്നുള്ള സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർതിക വിശ്വാനി.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീ‍‍ഡിയോയിലൂടെയാണ് വർതിക ആശങ്കകൾക്കു മറുപടിയുമായി എത്തിയിരിക്കുന്നത്. പണ്ടുണ്ടായിരുന്ന നെയിൽ പോളിഷുകളിൽ ആരോഗ്യത്തിന് ഹാനികരമായിരുന്ന ഫാേർമൽഡിഹൈഡ്, ടോലുയീൻ, ഡിബിപി തുടങ്ങിയ രാസവസ്തുക്കൾ ഉണ്ടായിരുന്നെന്നും അതിൽ ഫാേർമൽഡിഹൈഡിനെ ലോകാരോഗ്യ സംഘടന കാൻസറിന് കാരണമാകുന്ന ഘടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. വർതിക പറയുന്നു.

എന്നാൽ, വല്ലപ്പോഴും നെയിൽ പോളിഷ് ഇടുന്നവർ കാൻസർ സാധ്യതയേക്കുറിച്ച് ഭയക്കേണ്ടതില്ലെന്നും വർതിക പറയുന്നുണ്ട്. പക്ഷേ, സലൂണുകളിലും മറ്റും ജോലിചെയ്യുന്നവർ ഇത്തരം കെമിക്കലുകൾ സ്ഥിരമായി ശ്വസിക്കുന്നത് നേസോഫാരിഞ്ച്യൽ കാൻസർ സാധ്യത കൂട്ടുമെന്ന് ഡോ. വർതിക പറയുന്നു.

നെയിൽ പോളിഷിൽ അതികഠിനമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പോംവഴിയെന്നാണ് ഡോക്ടർ പറയുന്നത്. അത്തരം കെമിക്കലുകൾ ഇല്ലെങ്കിൽ നെയിൽ പോളിഷുകൾ സുരക്ഷിതമാണ്. നെയിൽ പോളിഷ് വേഗത്തിൽ ഉണങ്ങാൻ ഉപയോഗിക്കുന്ന അൾട്രാവയലറ്റ് ലൈറ്റുകൾ സ്കിൻ കാൻസർ സാധ്യത കൂട്ടുമെന്ന് 2023-ലെ ഒരു പഠനം ചൂണ്ടിക്കാട്ടി വർതിക പറയുന്നുണ്ട്. കാരണം ഇത്തരം അൾട്രാ വയലറ്റ്‌ രശ്മികൾക്ക് ‍ഡിഎൻഎയിൽ ജനിതക വ്യതിയാനം വരുത്താൻ കഴിയും.

നെയിൽ പോളിഷ് ഉപയോഗിക്കുമ്പോൾ ചില വഴികൾ സ്വീകരിക്കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാനാവുമെന്നും ഡോ. വർതിക പറയുന്നുണ്ട്. ഹാനികരമായ രാസവസ്തുക്കൾ ഒഴിവാക്കിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന 5-free, 10-free, 13-free എന്നിങ്ങനെ ലേബലുകളിൽ കാണുന്നുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ് അതിലൊന്ന്. ലേബൽ കൃത്യമായി പരിശോധിച്ച് ഫോർമാൽ‍ഡിഹൈഡ്, ടിപിഒ, ടോലുയീൻ, കാംഫർ, ഡിബിപി എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഡോ. വർതിക കൂട്ടിച്ചേർക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Clarification on the link between common nail polish chemicals and cancer., Distinction between occasional use and occupational exposure risks.