ചിട്ടയായ ജീവിതം, 65-ലും യുവാക്കളെ വെല്ലുന്ന ഫിറ്റ്നെസ്; എന്താണ് നാഗാർജുന പിന്തുടരുന്ന 12:12 ഡയറ്റ്?

ഫിറ്റനസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമ താരമാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരമായ നാഗാര്‍ജുന അക്കിനേനി. അച്ചടക്കമുള്ള ജീവിതരീതിയും ചിട്ടയായ വ്യായാമങ്ങളും കൃത്യമായ ഡയറ്റുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പലപ്പോഴായി താരം വ്യക്തമാക്കിയതുമാണ്. ഇപ്പോഴിതാ, 65കാരനായ നാഗാര്‍ജുന ഈ പ്രായത്തിലും യുവത്വം കാത്തുസൂക്ഷിക്കുന്നത് വീണ്ടും ചർച്ചയായിരിക്കുകയാണ്.
നടൻ അത്താഴം കഴിക്കാറില്ലെന്ന പൊതുവായ അഭിപ്രായങ്ങൾക്ക് വിപരീതമായി താൻ എല്ലാ ദിവസവും അത്താഴം കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. രാത്രി ഏഴിനാണ് അത്താഴം. സാലഡുകൾ, ചോറ്, ചിക്കൻ, മീൻ എന്നിവ ഈ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. ഈ ശീലം പതിറ്റാണ്ടുകളായി താൻ പിന്തുടരുന്നുണ്ടെന്നും അന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ നാഗാർജുന 12:12 ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതി പിന്തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 12 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള 12 മണിക്കൂർ ഉപവസിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ, പ്രോബയോട്ടിക്കുകൾ അടങ്ങിയ ഒരു പ്രീ-വർക്കൗട്ട് ഭക്ഷണം കഴിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ ദിവസം ആരംഭിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ദഹനവ്യവസ്ഥയെ സംബന്ധിച്ചും കുടലിൻ്റെ ആരോഗ്യത്തിനും നല്ലതാണ്.
വ്യായാമത്തോടെയാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്നും നാഗാർജുന വ്യക്തമാക്കിയിട്ടുള്ളതാണ്. മറ്റ് എല്ലാ കാര്യങ്ങളേക്കാൾ മുൻഗണന അതിന് നൽകുന്നുണ്ട്. സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ, നീന്തൽ, സാധാരണ നടത്തം എന്നിവയെല്ലാം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യാറുണ്ട്. ജിമ്മിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ നീന്തൽ പോലുള്ള മറ്റ് വ്യായാമരീതികൾ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Nagarjuna's Fitness at 65: The 12:12 Diet and Exercise Regime Revealed