ഉണങ്ങാതിരിക്കുന്ന വായ്പുണ്ണിനെ നിസ്സാരമാക്കല്ലേ; ലക്ഷണം ഓറൽ കാൻസറിന്റേതാകാം, തടയാൻ എന്താണ് മാർഗം?

കവിളിന്റെ ഉൾവശത്ത് അബദ്ധത്തിൽ കടിക്കുന്നതിനാലോ എരിവുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയോ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥത എന്ന നിലയിലാണ് നാം വായ്പ്പുണ്ണിനെ കാണാറുള്ളത്. ഈ അസ്വസ്ഥത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകുമെന്നും ആളുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ വിഷയം മറ്റൊരു ഗുരുതര രോഗാവസ്ഥയുടെ ആദ്യസൂചനയാകാമെന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ കാൻസർ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. വായിലെ കാൻസറുമായി ബന്ധപ്പെട്ട് ആദ്യം കാണാൻ കഴിയുന്ന മുന്നറിയിപ്പുകളിൽ ഒന്നാണ് വായയുടെ ഉള്ളിലോ ചുണ്ടുകളിലോ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണമെന്നും മുന്നറിയിപ്പുണ്ട്.
വായയിൽ തുടർച്ചയായുണ്ടാകുന്ന വ്രണങ്ങളും വെളുത്തതോ ചുവന്നതോ ആയ പാടുകളും ഓറൽ സ്ക്വാമസ് സെൽ കാർസിനോമയുടെ ആദ്യ സൂചകങ്ങളാണെന്ന് Journal of Oral Biology and Craniofacial Research-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ പ്രശ്നം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. വേദനയില്ലാത്തതുകൊണ്ടോ ചെറുതായതിനാലോ പലരും ഈ ലക്ഷണങ്ങളെ അവഗണിക്കുന്നു.
എന്താണ് ഓറൽ കാൻസർ?
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്.
ലക്ഷണങ്ങൾ
- വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
- വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
- വെള്ളയോ, ചുവന്നതോ, രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
- ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
- വായിലോ, താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
- ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
- വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
- വായിൽ നിന്നും അകാരണമായ രക്തസ്രാവം
- ശബ്ദത്തിലുള്ള വ്യതിയാനം
- പല്ലുകൾ ഇളകുക
- അകാരണമായി ശരീരഭാരം കുറയുക
- രണ്ടാഴ്ചയിൽ കൂടുതൽ ഇതിലെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണേണ്ടതാണ്.
എങ്ങനെ തടയാം ?
- എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗം പൂർണമായി നിർത്തുക.
- മദ്യം ഉപയോഗിക്കാതിരിക്കുക.
- സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
- എല്ലാ ആറുമാസം കൂടുന്തോറും ഡോക്ടറെ കാണുക.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Persistent mouth ulcers can be an early warning sign of oral cancer. Learn the key indicators and why early detection is crucial for saving lives.