ഇത്രയും വിലയുണ്ടായിട്ടും വിറ്റത് 85 കോടിയുടെ മരുന്ന്, ഇന്ത്യയിൽ രണ്ടാമത്; എന്താണ് മൗൻജാരോയുടെ പ്രത്യേകത?

അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'എലി ലില്ലി'യുടെ മൗൻജാരോ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണി കീഴടക്കിയതായി റിപ്പോർട്ട്. വിപണിയിലെത്തി വെറും ആറുമാസം കൊണ്ട് ഈ മരുന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ബ്രാൻഡായി മാറി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സകൾക്ക് ഉയർന്ന ആവശ്യകതയുണ്ടെന്ന് ഈ വിൽപ്പന വ്യക്തമാക്കുന്നു.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിന്റെ (IPM) കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ മൗൻജാരോ 80 കോടി രൂപയുടെ വിൽപ്പന നടത്തി. 85 കോടി രൂപ നേടിയ ജിഎസ്‌കെയുടെ ആൻറിബയോട്ടിക്കായ ഓഗ്മെൻ്റിനാണ് ഒന്നാമത്.
ആകെ 233 കോടി രൂപ ഈ മരുന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് നേടിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ എടുക്കാവുന്ന കുത്തിവെപ്പ് ആയതിനാൽ മറ്റ് ചികിത്സകളെ അപേക്ഷിച്ച് ഇത് സൗകര്യപ്രദവും നൂതനവുമാണ്.
എന്താണ് മൗൻജാരോ?
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി 'മൗൻജാരോ' ഇൻജക്ഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗൻജാരോ ഇൻജക്ഷൻ എടുക്കേണ്ടത്. 5 മില്ലിഗ്രാം വയലും 2.5 മില്ലിഗ്രാം വയലുമാണ് ഇന്ത്യയിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5 മില്ലിഗ്രാം വയലിന് 4,375 രൂപയാണ് വില. 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും.
നാച്യുറൽ ഇൻക്രെറ്റിൻ ഹോർമോണുകളായ ജിഐപി, ജിഎൽപി-1 എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് 'മൗൻജാരോ' ഇൻജക്ഷൻ ചെയ്യുന്നത്. ഇത് ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്. യു.കെ.യിലും യൂറോപ്യൻ രാജ്യങ്ങളിലും 'മൗൻജാരോ' എന്ന ബ്രാൻഡിൽ തന്നെയാണ് എലി ലില്ലി ഈ മരുന്ന് വിൽക്കുന്നത്. യു.എസിൽ 'സെപ്ബൗണ്ട്' എന്നപേരിലും ഇതേ ഇൻജക്ഷൻ വിൽക്കുന്നുണ്ട്.
Content Highlights: Mounjaro, the revolutionary drug for weight loss and Type 2 diabetes, has achieved remarkable success in India, becoming the second-largest brand within 6 months and generating ₹85 crore in sales.