ഫോളികുലൈറ്റിസ് മുതൽ സ്കേബീസും വളംകടിയും വരെ; മഴക്കാലത്ത് ചർമ സംരക്ഷണത്തിൽ കരുതൽ വേണം

ആരോഗ്യത്തെ കൂടുതൽ കരുതലോടെ പാലിക്കേണ്ട കാലമാണ് മഴക്കാലം. ചർമസംബന്ധമായ രോഗങ്ങൾ വർധിക്കാനിടയുള്ള കാലം കൂടിയാണിത്. ഈ സമയത്ത് വരാനിടയുള്ള ചർമ രോഗങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഫോളികുലൈറ്റിസ്
ഹെയർഫോളിക്കുകളെ ബാധിക്കുന്ന ഫംഗസ്, ബാക്ടീരിയൽ അണുബാധയാണിത്. ഇതൊഴിവാക്കാൻ ആന്റിബാക്ടീരിയൽ സോപ്പുകളുപയോഗിക്കാം. ഈ സമയത്ത് ഷേവിങ് പോലെ രോമം നീക്കം ചെയ്യുന്ന രീതികൾ ഒഴിവാക്കാം. ശരീരഭാഗങ്ങളിൽ അമിതമായ ഈർപ്പം തങ്ങി നിൽക്കുന്നത് തടയാം. ഇതിന് അലോവെര അടങ്ങിയ ജെല്ലുകളും ലോഷനുകളും ഫലം ചെയ്യും. കുളിക്കുന്ന വെള്ളത്തിൽ ആന്റീസെപ്റ്റിക് ദ്രാവകങ്ങൾ ചേർക്കാം.
വളം കടി
കാൽപാദങ്ങളിലെ ചർമത്തിലാണ് ഈ അണുബാധ കൂടുതലായി ഉണ്ടാവുന്നത്. കാലുകൾ വൃത്തിയായും ഈർപ്പ രഹിതമായും വയ്ക്കുകയാണ് ഒരു മാർഗം. ചൊറിച്ചിലുകളും അസ്വസ്ഥതകളും കുറക്കാൻ ആപ്പിൾ സിഡർ വിനഗറും ആന്റിസെപ്റ്റിക് ക്രീമുകളും ഉപയോഗിക്കാം
സ്‌കേബീസ്
സൂഷ്മാണുക്കൾ വഴിയുണ്ടാകുന്ന അണുബാധയാണിത്. ചൊറിച്ചിലും അസ്വസ്ഥതയുമുള്ള ഭാഗം ചുവക്കും. ഒരു പകർച്ചാ രോഗമാണ് ഇത്. അതുകൊണ്ട് തന്നെ വീട്ടിലുള്ളവർക്കും ഒരുമിച്ച് താമസിക്കുന്നവർക്കും പകരാം. വ്യക്തിശുചിത്വമാണ് പ്രധാനം. വീട്ടിൽ ആർക്കെങ്കിലും ഒരാൾക്ക് രോഗമുണ്ടെങ്കിൽ എല്ലാവരുടെയും തുണികളും മറ്റും കഴുകി വൃത്തിയാക്കാം. തോർത്ത് പോലുള്ളവ പരസ്പരം ഉപയോഗിക്കുന്നത് ഒഴിവാക്കാം. സ്‌കേബീസ് ബാധിതനായ വ്യക്തിയുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.
നഖത്തിലെ അണുബാധയും അത്‌ലെറ്റ്‌സ് ഫൂട്ടും
നിറവ്യത്യാസം വരികയും പെട്ടെന്ന് ഒടിയുകയും ചെയ്യുന്ന നഖം, നഖത്തിന് ചുറ്റും നീര് തുടങ്ങിയവയ്‌ക്കെല്ലാം കാരണം നഖത്തിലെ അണുബാധയാണ്. അത്‌ലറ്റ്ഫൂട്ടാണെങ്കിൽ പാദചർമം വിണ്ടുകീറി ചുവന്ന നിറത്തിലാകുകയും ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയും ചെയ്യും.
ഇത് ഒഴിവാക്കാൻ മുഴുവൻ മൂടുന്ന ഷൂസുകൾ ഒഴിവാക്കാം. ഡസ്റ്റ് പൗഡറുകൾഉപയോഗിക്കാം. മാത്രമല്ല കാലുകൾ വൃത്തിയായി സൂക്ഷിക്കാനും നഖങ്ങൾ വൃത്തിയായി മുറിച്ച് ക്ലീൻ ചെയ്യാനും മറക്കേണ്ട.
നഖങ്ങളുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് ധാരാളം ശുദ്ധജലം കുടിക്കാം. പഴങ്ങൾ, പച്ചക്കറി, യോഗർട്ട്, തവിടുള്ള അരി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Content Highlights: Maintain hygiene to prevent bacterial and fungal growth during the rainy season., Avoid sharing personal items like towels to stop the spread of scabies., Keep skin dry and avoid moisture accumulation to prevent folliculitis