ആർത്തവവേദന ഹൃദയാഘാതവേദനയ്ക്കു തുല്യംതന്നെയെന്നു ഡോക്ടർ, കഠിനമായാൽ അവഗണിക്കാതെ ചികിത്സതേടണം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആർത്തവസമയത്ത് ഗർഭപാത്രം ചുരുങ്ങുന്നതു കാരണം വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലരിൽ വേദന അസഹ്യമായിരിക്കുമെങ്കിൽ ചിലരിൽ കാര്യമായ വേദനയില്ലാതെതന്നെ ആർത്തവം കടന്നുപോകാറുണ്ട്. കടുത്ത വേദനയുണ്ടെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങളാണോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. കാലങ്ങളായി ആർത്തവവേദനയുടെ തീവ്രത എത്രത്തോളമാണെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഹൃദയാഘാതത്തോളം വരുമെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ അനെസ്തീഷ്യോളജിയിലും ഇന്റർവെൻഷനൽ പെയിൻ മെഡിസിനിലും ഫിസിഷ്യനായ ഡോ.കുനാൽ സൂദ് ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ആർത്തവവേദന ഹൃദയാഘാത വേദനയ്ക്കു സമാനമാണെന്നു പറയുകയാണ് ഡോ.കുനാൽ സൂദ്. ആർത്തവ സമയത്തെ വയറുവേദന ഹൃദയാഘാതം ഉണ്ടാകുന്നതിന് തുല്യമായ വേദനയാണെന്ന് ലണ്ടൻ സർവകലാശാലയിലെ ഒരു പ്രൊഫസർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ വേദന ഗർഭപാത്രത്തിന്റെ സങ്കോചം മൂലമാണ് ഉണ്ടാകുന്നത്, ഇത് പ്രൈമറി അഥവാ സെക്കൻഡറി ഡിസ്മെനോറിയ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പ്രൈമറിക്ക് കാരണമില്ല, എന്നാൽ സെക്കൻഡറിക്ക് കാരണങ്ങളുണ്ടെന്ന് ഡോ.കുനാൽ പറയുന്നു. അതിലൊന്നാണ് എൻഡോമെട്രിയോസിസ്. ഗർഭപാത്രത്തിന്റെ ഉൾവശത്തുള്ള കോശങ്ങൾക്ക് സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന ഒരു അവസ്ഥയാണിത്. ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

സ്ത്രീകളുടെ ആർത്തവവേദന ഇത്രയും കഠിനമായിട്ടും ഈ മേഖലയിൽ കാര്യമായ ഗവേഷണങ്ങളോ, ചികിത്സയോ നടക്കുന്നില്ലെന്നും ഡോ.കുനാൽ സൂദ് പറഞ്ഞു. നാലിലൊന്നു സ്ത്രീകൾ കടുത്ത ആർത്തവവേദന അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഠിനമായ വേദന നിസ്സാരമല്ല

ദൈനംദിന കാര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കഠിനമായ വയറുവേദന, ഇടുപ്പുവേദന, പുറംവേദന, തലകറക്കം, ഛർദ്ദി എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അത് മറ്റൊരു അടിസ്ഥാന രോഗത്തിന്റെ ലക്ഷണമായി വരുന്ന സെക്കൻഡറി ഡിസ്മനോറിയ (Secondary Dysmenorrhea) ആകാം. എൻഡോമെട്രിയോസിസ്, അഡിനോമയോസിസ്, ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയിഡുകൾ, ഗൈനക്കോളജിക്കൽ കാൻസറുകൾ തുടങ്ങിയവയുടെ ഭാഗമായും കഠിനമായ വേദന അനുഭവപ്പെടാം. ആർത്തവവേദന ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുക, വേദനാസംഹാരി കഴിച്ചിട്ടും വേദന കുറയാതിരിക്കുക, അമിതമായ രക്തസ്രാവം, വിട്ടാമാറാത്ത പെൽവിക് വേദന, വേദനാജനകമായ ലൈംഗികബന്ധം തുടങ്ങിയവയുണ്ടെങ്കിൽ നിസ്സാരമാക്കാതെ വിദഗ്ധചികിത്സ തേടണം.

ആർത്തവകാലത്ത് ശ്രദ്ധിക്കേണ്ടത്

  • പല സ്ത്രീകളും വജൈനൽ ഭാഗത്ത് സോപ്പ് ഉപയോഗിക്കുന്നത് സാധാരണമാണ്. വജൈനൽ ഭാഗത്ത് സോപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വജൈനൽ ഭാഗത്ത് ആരോഗ്യകരമായ ബാക്ടീരിയകളുണ്ട്. ഇവ യോനിയുടെ ആരോഗ്യത്തിനും ഏറെ അത്യാവശ്യമാണ്. സോപ്പുപയോഗിച്ച് ഈ ഭാഗം കഴുകുമ്പോൾ ഈ ബാക്ടീരിയകൾ നശിക്കുന്നു. അതിന് പകരം ശുദ്ധ ജലമുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാം.
  • ആർത്തവത്തിന്റെ തുടക്ക ദിവസങ്ങളിൽ തെളിഞ്ഞ ചുവന്ന നിറമായിരിക്കും രക്തത്തിന്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ബ്രൗണോ പിങ്ക് കലർന്ന ചുവപ്പു നിറമോ ആകാം. അവസാന ദിവസമാകട്ടെ കറുപ്പിനോട് സമാനമായ ഇരുണ്ട ബ്രൗൺ നിറമായിരിക്കും. ഈ നിറങ്ങൾ അല്ലാതെ മറ്റേതെങ്കിലും നിറം ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ കാണുന്നത് ഉചിതമാകും.
  • പല സ്ത്രീകളും വരുത്തുന്ന മറ്റൊരു തെറ്റാണ് ആർത്തവ തിയ്യതി കുറിച്ചുവയ്ക്കാതിരിക്കുന്നത്. ആർത്തവം ക്രമംതെറ്റിയാൽ പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു. മാത്രമല്ല ഗർഭധാരണത്തിനു ശ്രമിക്കുന്നവർക്ക് തിയ്യതി കൃത്യമായി അറിയാതിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. മാത്രമല്ല യാത്രയ്ക്കിടയിലോ ആഘോഷവേളകളിലോ ഓഫീസിലായിരിക്കുന്ന സമയമോ മുൻകരുതലുകൾ ഒന്നും സ്വീകരിക്കാത്ത അവസ്ഥയിൽ ആർത്തവം ഉണ്ടായേക്കാം. കൂടാതെ തിയ്യതി കുറിച്ചുവയ്ക്കാത്തതു മൂലം ആർത്തവം ക്രമം തെറ്റിയാൽ പോലും തിരിച്ചറിയാൻ സാധിക്കാതെയും വരുന്നു.
  • സാനിറ്ററി പാഡ്, ടാംമ്പൂൺ, മെൻസ്ട്ര്വൽ കപ്പ് തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ മാറ്റാതിരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൃത്യമായ ഇടവേളകളിൽ പാഡ്, ടാംമ്പൂൺ എന്നിവ മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. ആർത്തവ ദിനങ്ങളിൽ ഉപയോഗിക്കുന്നത് സാനിറ്ററി പാഡാണെങ്കിൽ ഓരോ ആറു മണിക്കൂർ ഇടവിട്ട് മാറ്റുന്നതാണ് ആരോഗ്യകരം.
  • ടാംമ്പൂണാണ് ഉപയോഗിക്കുന്നതെങ്കിൽ ഓരോ അഞ്ചുമണിക്കൂർ ഇടവിട്ടും മാറ്റുക. മെൻസ്ട്രൽ കപ്പുകൾക്ക് പന്ത്രണ്ട് മണിക്കൂർ വരെയാണ് സമയം. പത്തു മണിക്കൂറെങ്കിലും ഇടവിട്ട് മെൻസ്ട്രൽ കപ്പുകൾ വൃത്തിയാക്കിയ ശേഷം വേണം വീണ്ടും ഉപയോഗിക്കാൻ.
  • സാനിറ്ററി പാഡുകളെ അപേക്ഷിച്ച് മെൻസ്ട്രൽ കപ്പുകൾ വൃത്തിയാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിന് ഉള്ളിൽ വയ്ക്കുന്നതു കൊണ്ട് തന്നെ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വൃത്തിയാക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്നതിന് മുമ്പ് അഞ്ചു മിനിറ്റ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കും മുമ്പ് കൈകൾസോപ്പിട്ടു കഴുകണം. കപ്പ് പുറത്തെടുത്താൽ ഉടൻതന്നെ രക്തം കളഞ്ഞ് കപ്പ് ശുദ്ധവെള്ളത്തിൽ കഴുകണം. കപ്പ് വയ്ക്കുമ്പോഴും എടുക്കുമ്പോഴും കൈകൾ വൃത്തിയായി കഴുകാൻ മറക്കരുത്.
  •  

Content Highlights: Menstrual pain can reach intensity levels comparable to a heart attack., Distinction between primary and secondary dysmenorrhea is crucial., Endometriosis is a leading cause of severe secondary period pain., Lack of adequate research and clinical focus on menstrual pain remains a global health issue