പത്തുവർഷം വരെ ഉപയോഗിക്കാം, ആരോഗ്യം നന്നാക്കിയതിനൊപ്പം ചെലവും കുറച്ച മെൻസ്ട്രൽ കപ്പ്

#എൻ. സൗമ്യ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കോഴിക്കോട്: ‘‘നമ്മുടെ അമ്മമാരൊക്കെ ആർത്തവകാലത്ത് തുണിമാത്രമായിരുന്നു ഉപയോഗിച്ചത്. അതു കഴുകിയുണക്കിയെടുക്കാൻ, പ്രത്യേകിച്ചും മഴക്കാലത്തൊക്കെ കഷ്ടപ്പാടായിരുന്നു. അതുകഴിഞ്ഞ് പാഡ് വന്നു. ഇപ്പോൾ മെൻസ്ട്രൽ കപ്പും. മലിനീകരണപ്രശ്നമില്ല, സാമ്പത്തികമായും നേട്ടമാണ്’’ -കോഴിക്കോട്ടെ ബിരുദവിദ്യാർഥി അനുപമ പറഞ്ഞു.

കപ്പിന്റെ വിൽപ്പന നന്നായി കൂടിയിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ അഞ്ചിരട്ടിയായതായി ഫാർമസി ഉടമകൾ പറയുന്നു. ഓൺലൈനിലാണ് കൂടുതൽപ്പേരും കപ്പ് വാങ്ങുന്നത്. കപ്പിലേക്ക് മാറിയിട്ട് തിരിച്ച് പാഡിലേക്ക് വരുന്നവരുമുണ്ട്. ഉപയോഗിക്കുന്നതിന്റെ അസൗകര്യങ്ങളാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

മാലിന്യപ്രശ്നം കുറയും

10-50 പ്രായത്തിലുള്ള 0.87 കോടി സ്ത്രീകളുണ്ട് കേരളത്തിൽ. ആർത്തവദിവസങ്ങളിൽ ഒരു സ്ത്രീ ദിവസം ശരാശരി മൂന്ന് പാഡ് വീതം ഉപയോഗിക്കുകയാണെങ്കിൽപ്പോലും ഒരു മാസം 15 പാഡെങ്കിലും വേണ്ടിവരും. ഒരു വർഷം 180 പാഡ്. ഒരുകോടിയോളം സ്ത്രീകൾ ഉപയോഗിച്ചൊഴിവാക്കുന്ന പാഡ് എത്ര മാലിന്യമുണ്ടാക്കുന്നുണ്ടാകും!

പല തദ്ദേശസ്ഥാപനങ്ങളിലും പാഡുകൾ സംസ്കരിക്കാൻ സംവിധാനമില്ല. പലരും കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നത് പ്രശ്നമാണ്. കുഴിച്ചിടുകയാണെങ്കിൽ അത് മണ്ണിൽ അലിഞ്ഞുചേരുന്നുമില്ല.

സാമ്പത്തികമാറ്റം

ഒറ്റത്തവണ ഉപയോഗിക്കുന്നതല്ല മെൻസ്ട്രൽ കപ്പ്. ഉപയോഗശേഷം കഴുകി സ്റ്റെറിലൈസ് ചെയ്ത് സൂക്ഷിക്കാം. മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ചാണ് കപ്പ് ഉണ്ടാക്കുന്നത്.

200-300 രൂപയ്ക്കുള്ളിൽ കപ്പ് കിട്ടുന്നുണ്ട്. രണ്ട് കപ്പ് ഉപയോഗിച്ചാൽപോലും ചെലവ് 400-600 രൂപയ്ക്കുള്ളിൽ നിൽക്കും. പത്തുവർഷംവരെ കപ്പ് ഉപയോഗിക്കാം. അതേസമയം ആറെണ്ണമുള്ള ഒരു പാക്കറ്റ് സാനിറ്ററിപാഡിന് ശരാശരി 50 രൂപ കണക്കാക്കിയാൽത്തന്നെ ഒരുമാസം നൂറിലേറെ രൂപ ചെലവാകും. വർഷം 1200 രൂപ. പത്തുവർഷംകൊണ്ട് 12,000 രൂപ.

ആരോ​ഗ്യപ്രശ്നങ്ങളില്ല

മെൻസ്ട്രൽ കപ്പ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യപ്രശ്നമുണ്ടാക്കില്ല. നന്നായി വൃത്തിയാക്കി സ്റ്റെറിലൈസ് ചെയ്ത് മാത്രം ഉപയോ​ഗിക്കുക. ഓരോമാസവും ഉപയോ​ഗശേഷം കൃത്യമായ കണ്ടെയ്നറിൽ സൂക്ഷിക്കുക. 

ഡോ. പി.എൻ. അജിത
​ഗൈനക്കോളജിസ്റ്റ്, കോഴിക്കോട്

 

Content Highlights: Menstrual Cups in Kerala: Eco-Friendly & Affordable