മെഡിസെപ്പ്: പരാതി പരിഹരിക്കാൻ ത്രിതല സംവിധാനം, 30 ദിവസത്തിനകം പരിഹരിക്കണം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിനെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ മൂന്നു തട്ടിലുള്ള സംവിധാനത്തിന് രൂപംനൽകി സർക്കാർ. ആദ്യഘട്ടത്തിൽ ഫലപ്രദമായ പരാതിപരിഹാരസംവിധാനം ഉണ്ടായിരുന്നില്ല.

ജില്ലാ, സംസ്ഥാന തലങ്ങളിലും പ്രത്യേക സമിതികളും അപ്പേലറ്റ് അതോറിറ്റിയുമാണ് നിലവിൽവരുക. ഇൻഷുറൻസ് കമ്പനി പരിഹരിക്കാത്ത പരാതികളാണ് ഈ സമിതികൾക്ക് നൽകാവുന്നത്. മെഡിസെപ് പോർട്ടൽവഴി ഓൺലൈനായി മാത്രമേ പരാതികൾ സ്വീകരിക്കൂ.

ആദ്യപരാതി കമ്പനിക്ക്

മെഡിസെപ് പോർട്ടലിൽ പരാതികൾ സമർപ്പിക്കാൻ പ്രത്യേക ലിങ്ക് ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻററും പ്രവർത്തിക്കും. പരാതികൾക്ക് ഇൻഷുറൻസ് കമ്പനി മറുപടി നൽകണം.

ജില്ലാസമിതിയുടെ കൺവീനർ എ.ഡി.എം.

കമ്പനിയുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ ജില്ലാതലസമിതിയെ സമീപിക്കാം. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (കൺവീനർ), ജില്ലാ പ്ലാനിങ് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെയും ഇൻഷുറൻസ് കമ്പനിയുടെയും പ്രതിനിധികൾ എന്നിവരാണ് സമിതിയിൽ. 30 ദിവസത്തിനകം പരാതിക്കാരെ നടപടി അറിയിക്കണം. ആശുപത്രിയിൽ ചികിത്സ നടക്കുന്നതിനിടെയുള്ള പരാതിയാണെങ്കിൽ 24 മണിക്കൂറിനകം പരിഹരിക്കണം. ജില്ലാതല സമിതിയുടെ നടപടിയിൽ തൃപ്തരാകാത്തവർക്ക് സംസ്ഥാന സമിതിയെ സമീപിക്കാം. പരാതി പരിഹരിക്കാൻ 30 ദിവസമാണ് സമിതിക്ക് പരമാവധി എടുക്കാവുന്നത്. സമിതിയുടെ തീരുമാനത്തിനെതിരേ അപ്പീലുണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പേലറ്റ് അതോറിറ്റിയെ സമീപിക്കണം.

Content Highlights: The Kerala government has introduced a three-tier grievance redressal mechanism to resolve complaints related to the Medisep health insurance scheme for government employees and pensioners.