ഇറച്ചി പൂർണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?; ഡോക്ടറുടെ നിർദേശം

ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? സംശയം ശക്തമാണ്. ആശങ്കകളും. ഇപ്പോഴിതാ, കുടലിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിന് ഇറച്ചി ഒഴിവാക്കുന്നത് സഹായിക്കുമെന്ന് പറയുകയാണ് ഡോ. യശോധ കുമാർ റെഡ്ഡി. സസ്യാഹാരം ദഹനവ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിച്ചു.
സസ്യാഹാരം കഴിക്കുന്നത് സ്വാഭാവികമായി നാരുകൾ ശരീരത്തിലേക്ക് എത്തുന്നത് വർധിപ്പിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം നിലനിർത്താനും പ്രധാനമാണ്. ഇത്തരം ഭക്ഷണക്രമം ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
കുടലിലെ നല്ല ബാക്ടീരിയകൾ പഴങ്ങൾ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള നാരുകൾ കഴിക്കുന്നു. ഇത് പിന്നീട് ദഹിച്ച് ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ (SCFAs) ഉണ്ടാകുന്നതിന് കാരണമാകുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും കുടലിന്റെ പാളിയെ സംരക്ഷിക്കാനും SCFA സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.
ഈ കാര്യം ശ്രദ്ധിക്കാം
നന്നായി ക്രമീകരിച്ച വെജിറ്റേറിയൻ ഭക്ഷണക്രമം ആരോഗ്യത്തിന് നല്ലതാണ്. ഉയർന്ന നാരുകളുള്ള, പോഷകസമൃദ്ധമായ സസ്യഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അമിതവണ്ണം, ഹൈപ്പർടെൻഷൻ, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത്തരം ഭക്ഷണരീതികൾ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
എങ്കിലും, കൃത്യമായ ക്രമീകരണമില്ലെങ്കിൽ ഇതേ ഭക്ഷണരീതി ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും ഡോക്ടർ നൽകുന്നു. വൈറ്റമിൻ ബി12, ഇരുമ്പ്, കാൽസ്യം, ഒമേഗ-3 കൊഴുപ്പുകൾ എന്നിവയുടെ കുറവിന് ഈ രീതി ചിലപ്പോൾ കാരണമായേക്കാം. ഈ പോരായ്മകൾ എല്ലു പൊട്ടുക, ഇൻസുലിൻ പ്രതിരോധം, മറ്റ് മെറ്റബോളിക് പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യത വർധിപ്പിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില് മാറ്റം വരുത്തുക)
Content Highlights: Diabetologist explains what happens to your body when you stop eating meat: Know benefits and potential risks