വേണ്ടാ വറുത്തതും പൊരിച്ചതും: മഹാരാഷ്ട്രയിലെ സ്കൂളുകളിലും പരിസരപ്രദേശങ്ങളിലും ജങ്ക് ഫുഡിന് വിലക്ക്

സ്കൂളുകളിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ജങ്ക് ഫുഡ് വിൽക്കുന്നതിനും പരസ്യം ചെയ്യുന്നതിനും സൗജന്യമായി നൽകുന്നതിനും വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര ഫുഡ്& ഡ്രഗ് അഡ്മിനിസ്ട്രേഷൻ. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
കൊഴുപ്പ്, ട്രാൻസ്-ഫാറ്റ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ സ്കൂൾ പരിസരത്തോ അതിന് 50 മീറ്റർ ചുറ്റളവിലോ വിൽക്കുന്നത് നിരോധിക്കുന്നതാണ് പുതിയ നിർദേശം. ഇതുപ്രകാരം വട പാവ്, സമോസ, ഡീപ് ഫ്രൈ ചെയ്ത സ്നാക്സ്, ചിപ്സ്, ശീതള പാനീയങ്ങൾ, മധുര പാനീയങ്ങൾ, ചോക്ലേറ്റുകൾ, ഐസ്ക്രീം എന്നിവ സ്കൂളിനോ അതിനു ചുറ്റുമുള്ള 50 മീറ്റർ പരിധിയിലോ ലഭിക്കില്ല. സർക്കാർ, എയ്ഡഡ്, സ്വകാര്യ, റെസിഡൻഷ്യൽ, സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോർഡ് തുടങ്ങിയ എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാകും.
സുരക്ഷിത ഭക്ഷണം, സുരക്ഷിതമായ മഹാരാഷ്ട്ര എന്ന കാമ്പെയ്നിൻ്റെ ഭാഗമായാണ് ഉത്തരവു നടപ്പാക്കിയതെന്ന് മഹാരാഷ്ട്ര ഫുഡ്& ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ടെ പറഞ്ഞു. മഹാരാഷ്ട്രയിലെ ഓരോ കുട്ടിക്കും സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണസംസ്കാരം വളർത്തിയെടുക്കാനും ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സ്കൂൾ പ്രിൻസിപ്പൽമാർക്കും മാനേജ്മെൻ്റിനുമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പായിരിക്കും മേൽനോട്ടം വഹിക്കുക.
Content Highlights: Complete ban on junk food sales and advertisements in schools., Restriction applies within a 50-meter radius of school premises., Covers all school boards including CBSE, ICSE, and State Board