മജ്ജ മാറ്റിവെച്ച് പ്രതിരോധശേഷി കൂട്ടി രക്താർബുദ ചികിത്സ

കോഴിക്കോട്: കീമോ തെറാപ്പിയിലൂടെ മാറാത്ത രക്താര്‍ബുദം മജ്ജമാറ്റിവെച്ച് പ്രതിരോധശേഷി കൃത്രിമമായി വര്‍ധിപ്പിച്ചുള്ള ചികിത്സയില്‍ ഫലംകാണുന്നു.
ഇതിനായി രക്തമൂലകോശം ദാനംചെയ്യുന്നതിന് സന്നദ്ധരാവുന്നവരുടെ ആഗോളകൂട്ടായ്മ വ്യാഴാഴ്ച ലിംഫോമ ബോധവത്കരണദിനം ആചരിക്കുന്നു. ലോകത്തെ 54 രാജ്യങ്ങള്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്ക് ലിംഫോമ ബാധിക്കുന്നുണ്ട്. പക്ഷേ, രക്തമൂലകോശം (സ്റ്റെം സെല്‍സ്) ദാനംചെയ്യുന്നവരുടെ എണ്ണം തുലോം കുറവാണ്. മജ്ജമാറ്റിവെക്കലിലൂടെ (ബോണ്‍ മാരോ ട്രാന്‍സ്പ്‌ളാന്റേഷന്‍) ലിംഫോമ ചികിത്സനടത്താന്‍ ചെലവേറും. ഈ രണ്ടു കാരണങ്ങളാല്‍ ഈ രീതിയിലുള്ള ചികിത്സ പലപ്പോഴും നടക്കാറില്ല.
ലിംഫോമ: രക്താര്‍ബുദമാണ് ലിംഫോമ. ശരീരത്തിലെ ലിംഫുകളെ ഗുരുതരമായി ബാധിക്കുന്നു. അമ്പതോളംതരം ലിംഫോമയുണ്ട്. കീമോ എടുത്താലും ഫലം കാണാത്തവിധമുള്ള രോഗബാധിതര്‍ക്ക് പ്രതിരോധശേഷി കുറയുന്നതിനാല്‍ മറ്റ് അസുഖങ്ങള്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
ഒരു വിജയഗാഥ: അപൂര്‍വമായതരം ലിംഫോമ ബാധിച്ചയാള്‍ ഗ്രാഫ്റ്റ് വെര്‍സസ് ലിംഫോമ ഇഫക്ട് ചികിത്സയിലൂടെ കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ സുഖംപ്രാപിച്ചു. ആറുമാസംമുമ്പാണ് 33 വയസ്സുള്ള കോഴിക്കോട് സ്വദേശിയില്‍ മജ്ജമാറ്റിവെക്കല്‍ നടന്നത്. ജനിതകസാമ്യമുള്ള രക്തകോശദാതാവിനെ ഇവിടെ കിട്ടാത്തതിനാല്‍ ഇംഗ്ലണ്ടില്‍നിന്നാണ് മൂലരക്തകോശം ലഭിച്ചത്. വിമാനമാര്‍ഗം കോഴിക്കോട്ടെത്തിച്ചു.
കീമോ നല്‍കിയിട്ടും പ്രയോജനമില്ലാതിരുന്നതിനാല്‍ കൃത്രിമമായി പ്രതിരോധശേഷി വര്‍ധിപ്പിക്കുകയായിരുന്നു. കീമോ നല്‍കി രോഗിയുടെ മജ്ജ നശിപ്പിച്ചിട്ട് ദാതാവിന്റെ പുതിയ രക്തമൂലകോശം നല്‍കുകയായിരുന്നു. ഇപ്പോള്‍ രോഗമുക്തിനേടി. കാന്‍സര്‍ പ്രതിരോധശക്തിയുള്ള മജ്ജ രോഗിയില്‍ ഉണ്ടായിവന്നു. ആശുപത്രിയിലെ ഹീമറ്റോളജി വിദഗ്ധന്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
Content Highlights: bloodmarrow transplantation, lymphoma treatment, health