ഒരിക്കൽപ്പോലും പുകവലിച്ചി‌ട്ടില്ല, എന്നിട്ടും ശ്വാസകോശ അർബുദം ! ; കാരണമാകുന്നത് ഈ ജനിതകമാറ്റമാവാം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ശ്വാസകോശ അ‍ർബുദ രോഗികളിൽ ഇരുപതുശതമാനം പേരും പുകവലിക്കാത്തവർ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കപ്പുറം എന്തൊക്കെ ഘടകങ്ങളാവാം ശ്വാസകോശ അർബുദ സാധ്യത കൂട്ടുന്നതെന്നത് സംബന്ധിച്ച പല ഗവേഷണങ്ങളും നടന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഒരു ജനിതക വ്യതിയാനവും ശ്വാസകോശ അർബുദവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. ബോസ്റ്റണിലെ ഡാന ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനം സയൻസ് ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

EGFR (Epidermal Growth Factor Receptor) എന്ന ജീനിലുണ്ടാകുന്ന അപൂർവമായ ജനിതകവ്യതിയാനം ശ്വാസകോശ അർബുദത്തിനുള്ള സാധ്യത 25മടങ്ങ് വർധിപ്പിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. 33ലക്ഷംപേരടങ്ങിയ ജനറ്റിക് ഡാറ്റാബേസ് പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. EGFR T790M എന്ന് വിളിക്കപ്പെടുന്ന ഈ ജനിതകമാറ്റം പുകവലിക്കുന്നവരിൽ ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത 10 മടങ്ങ് വർധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.

നിലവിൽ ശ്വാസകോശ അർബുദ സ്ക്രീനിങ്ങുകളിൽ ഏറെയും പുകവലിയെ അ‌ടിസ്ഥാനമാക്കിയുള്ളതാണ്. ഭാവിയിൽ പാരമ്പര്യ ജനിതക അപകടസാധ്യതയും പരിഗണിക്കണമെന്നു വ്യക്തമാക്കുന്നതാണ് തങ്ങളുടെ ഗവേഷണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജാക്ലിൻ ലോപിക്കോളൊ പ്രസ്താവനയിൽ പറഞ്ഞു. പഠനവിധേയമാക്കിയ മറ്റ് 17 സാധാരണ അർബുദങ്ങളിലൊന്നുമായും ഈ വകഭേദം ബന്ധപ്പെട്ടിട്ടില്ലെന്നും ഗവേഷകർ പറയുന്നുണ്ട്.

2005-ൽ ശ്വാസകോശ കാൻസർ ബാധിച്ച ഒരു യൂറോപ്യൻ കുടുംബത്തിലാണ് EGFR T790M ആദ്യമായി കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. പിന്നീട് ഈ രോഗം ഉയർന്ന നിരക്കിൽ കാണപ്പെട്ട മറ്റ് കുടുംബങ്ങളിലും ജനിതകമാറ്റം പ്രകടമായി. 33 ലക്ഷത്തിലധികം ആളുകളെ ആധാരമാക്കി പഠനം നടത്തിയതിലൂടെ ഈ ജനിതകമാറ്റം ശ്വാസകോശ കാൻസറുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാനായെന്നും ഗവേഷകർ വ്യക്തമാക്കി.

ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ

പുകവലി കൂടാതെ വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിൽ ശ്വാസകോശ അർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.

കാരണങ്ങൾ / അപകട ഘടകങ്ങൾ

  • പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
  • റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവ
  • പാരമ്പര്യം
  • പൊണ്ണത്തടി
  • മദ്യപാനം
  • വൈറൽ അണുബാധ (എച്ച്.പി.വി.)

ലക്ഷണങ്ങൾ

  • ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
  • കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
  • ശ്വാസംമുട്ടൽ
  • നെഞ്ചുവേദന
  • ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
  • തൊണ്ടയടപ്പ്
  • വിശപ്പില്ലായ്മ
  • അകാരണമായ ഭാരക്കുറവ്
  • അസ്വാഭാവികമായിട്ടുള്ള ക്ഷീണം

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

പരിശോധനകളും ചികിത്സയും

കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.

ശ്വാസകോശ അർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.

Content Highlights: Explore how genetic variations contribute to lung cancer risk, with insights from recent studies on EGFR mutations and other factors.