ശരീരഭാരം കുറയ്ക്കാനാണോ ലക്ഷ്യം?; ഈ കാര്യം ഒരുകാരണവശാലും അവഗണിക്കരുത്, ഡോക്ടറുടെ മുന്നറിയിപ്പ്

ശരീരഭാരം കുറയ്ക്കണമെങ്കിൽ ആരോഗ്യകരമായ ശീലങ്ങൾ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുകയും, ദിവസവും 10,000 ചുവടുകൾ നടക്കുക എന്ന് തുടങ്ങി പല കാര്യങ്ങളും ഫലത്തിനായി കൃത്യതയോടെ ചെയ്യണം.
എന്നാൽ, ഈ വിഷയങ്ങൾക്കെല്ലാം പുറമെ ഒരു കാര്യംകൂടെ നാം ശ്രദ്ധിക്കണമെന്ന് പറയുകയാണ് ഡോ. സഞ്ജയ് ഭോജ്‌രാജ്. ‘ശരീരഭാരം കുറയ്ക്കാനും ദീർഘകാലം ജീവിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യം ചെയ്യുന്നത് നിർത്തുക’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഡോക്ടറായിരുന്നിട്ടും ഭക്ഷണം കുറച്ച് കഴിക്കുന്നതും കൂടുതൽ വ്യായാമം ചെയ്യുന്നതുമാണ് ആരോഗ്യകരമായി ഭാരം കുറയ്ക്കാനുള്ള വഴിയെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ശരീരഭാരം കുറയുന്നത് കലോറിയെ മാത്രം ആശ്രയിച്ചല്ല. മറിച്ച്, മെറ്റബോളിക് ഇൻഫ്ലമേഷനെ (metabolic inflammation) കൂടി ആശ്രയിച്ചാണെന്ന് ഡോക്ടർ പറയുന്നു. 'അനാരോഗ്യകരമായ ഉപാപചയ പ്രവർത്തനത്തെയോ വീക്കമുള്ള ഹൃദയസംബന്ധമായ വിഷയങ്ങളെയോ ഭക്ഷണക്രമം കൊണ്ട് മറികടക്കാൻ കഴിയില്ല. കൃത്യമല്ലാത്ത ഉറക്കം, സമ്മർദം എന്നിവയെല്ലാം ആളുകൾ എത്ര മികച്ചതെന്ന് കരുതുന്ന ഭക്ഷണം കഴിച്ചാലും കോർട്ടിസോളിന്റെയും ഇൻസുലിന്റെയും അളവ് വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രദ്ധിക്കാം ഈ മൂന്ന് കാര്യങ്ങൾ
- ആദ്യം ശരീരത്തിലെ വീക്കം കുറയ്ക്കുക
- ഉറക്കത്തിനും രാവിലെയുള്ള വ്യായാമങ്ങൾക്കും മുൻഗണന നൽകുക
- ഹൃദയാരോഗ്യം ശ്രദ്ധിക്കാം.
ഈ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയതോടെ രോഗികളിൽ കൊഴുപ്പ് കുറയുന്നതും അവരുടെ രക്തസമ്മർദ്ദം താഴുന്നതും ശ്രദ്ധിച്ചു. കാഴ്ചയിൽ മാത്രമല്ല, അല്ലാതെയും അവർക്ക് ചെറുപ്പം അനുഭവപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Discover Dr. Sanjay Bhojraj`s surprising weight loss secret beyond diet & exercise. Learn how to reduce metabolic inflammation for better health and longer life.