വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സ്നാക്സിലും ശ്രദ്ധ വേണം; എന്തെല്ലാം കഴിക്കാം? എന്തെല്ലാം ഒഴിവാക്കണം?

വണ്ണംകുറയ്ക്കാൻ ശ്രമിക്കുന്നവരിൽ പലരും ഏറ്റവും പെട്ടെന്ന് വയറിലെ വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. വയറിനെ കേന്ദ്രീകരിച്ചുള്ള വർക്കൗട്ടുകളും നിരവധിയുണ്ട്. വയറിൽ കൊഴുപ്പടിയുന്നതിനെ പലരും സൗന്ദര്യപ്രശ്നമായാണ് കാണുന്നതെങ്കിലും യഥാർഥത്തിൽ ഗൗരവകരമായ ആരോഗ്യപ്രശ്നമാണിത്. വയറിലെ പ്രധാനപ്പെട്ട അവയവങ്ങൾക്ക് ചുറ്റുമായി അടിയുന്ന വിസറൽ ഫാറ്റ് പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവർ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടും. ജെല്ല് പോലെ ആന്തരികാവയവങ്ങൾക്ക് ചുറ്റിലുമായടിയുന്ന കൊഴുപ്പാണ് വിസറൽ കൊഴുപ്പ്. ഇതാണ് ശരീരത്തിന് വില്ലനാവുന്നത്. ഉന്തിയ വയറും വിസ്താരത്തിലുള്ള അരക്കെട്ടും വിസറൽ ഫാറ്റ് ഉണ്ടെന്നതിന് തെളിവാണ്. ദിവസവും നാം കഴിക്കുന്ന ഭക്ഷണങ്ങൾക്കും വയറിലെ കൊഴുപ്പടിയുന്നതിൽ പ്രധാന പങ്കുണ്ട്. വയറിൽ കൊഴുപ്പടിഞ്ഞവർ സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് പങ്കുവെക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. വയറിൽ കൊഴുപ്പടിയുന്നത് തടയാൻ തിരഞ്ഞെടുക്കാവുന്ന സ്നാക്സുകളായി ഡോ.സൗരഭ് പറയുന്നത് നട്സും സീഡ്സുമാണ്. വാൾനട്ട്, ആൽമണ്ട്, ചിയാ സീഡ്സ്, ഫ്ലാക്സ് സീഡ്സ് തുടങ്ങിയവ നല്ലതാണെന്നും ഇവയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും ശരീരത്തിൽ നീർവീക്കം ഉണ്ടാകുന്നത് തടയാനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇവ കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനെ നിയന്ത്രിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഇവയെല്ലാം വയറിലെ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുമെന്ന് അദ്ദേഹം പറയുന്നു.
ഇനി വയറ് ചാടുന്നത് തടയാൻ ഒഴിവാക്കേണ്ട സ്നാക്സ് ഏതാണെന്നും അദ്ദേഹം പറയുന്നുണ്ട്. അൾട്രാ പ്രൊസസ് ചെയ്ത പാക്കറ്റുകളിലുള്ള സ്നാക്സ് ആണവ. കൂടുതൽ ചേരുവകൾ അടങ്ങിയവയും കൃത്രിമ പദാർഥങ്ങൾ ചേർത്തവയും ഒഴിവാക്കണം. ഇവ കഴിക്കുന്നത് ശരീരത്തിൽ വീക്കമുണ്ടാക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും കൂടുതൽ കഴിക്കാനുള്ള തോന്നലുണ്ടാക്കുകയും വിസറൽ ഫാറ്റിനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
വിസറൽ ഫാറ്റ് തടയുന്നതിൽ പ്രോട്ടീൻ തിരഞ്ഞെടുപ്പിലും പങ്കുണ്ടെന്ന് ഡോ.സൗരഭ് പറയുന്നു. ചെമ്പല്ലി, മത്തി പോലുള്ള ഫാറ്റി ഫിഷുകളിൽ ധാരാളം പ്രോട്ടീനും ഒമേഗ ത്രീ ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. മുട്ടയും ചിക്കനും നിയന്ത്രിതമായ അളവിൽ കഴിക്കാം. സസ്യാഹാരികൾക്ക് പയർ വർഗങ്ങളും വെള്ളക്കടലയും കഴിക്കുന്നത് പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഇവയിൽ ധാരാളം പ്രോട്ടീൻ ഉണ്ടെന്നതിനൊപ്പം നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഇതുകൂടാതെ ഓട്സ്, ബാർലി, മില്ലെറ്റ്സ് തുടങ്ങിയ മുഴുധാന്യങ്ങളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇവ പതുക്കെ ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളായ വൈറ്റ് ബ്രെഡ്, പേസ്ട്രി തുടങ്ങിയവ ഗ്ലൂക്കോസ് നില കൂട്ടുകയും കൊഴുപ്പ് അടിയുന്നത് കൂട്ടുകയും ചെയ്യുമെന്നും ഡോ.സൗരഭ് പറയുന്നു.
വയറിൽ കൊഴുപ്പടിയുന്നത് തടയാനുള്ള മാർഗങ്ങൾ
- ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്നതാണ് അതിൽ പ്രധാനം. വയറിലെ കൊഴുപ്പിനെ കേന്ദ്രീകരിച്ചുള്ള വ്യായാമമുറകൾ ഉൾപ്പെടെ ശീലമാക്കാം. കലോറി കുറച്ച് ശരീരമാകെയുള്ള കൊഴുപ്പ് കുറയ്ക്കുന്നതും ഗുണംചെയ്യും.
- നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഹെൽത്തി ഫാറ്റുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾക്കൊള്ളിക്കാം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവിഭവങ്ങളും സാച്ചുറേറ്റഡ് ഫാറ്റുമൊക്കെ കുറയ്ക്കാം.
- അമിതമദ്യപാനവും വയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകാം. അതിനാൽ മദ്യപാനത്തിൽ നിയന്ത്രണം വരുത്തേണ്ടതും പ്രധാനമാണ്.
- ഉറക്കം കുറയുന്നതും പ്രധാനഘടകമാണ്. ഉറക്കക്കുറവ് ഹോർമോൺ നിലയിൽ മാറ്റംവരുത്തുകയും ഇത് വിശപ്പ് വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. ഇതിലൂടെ ഭക്ഷണം കൂടുതൽ കഴിക്കുകയും വയറിൽ കൊഴുപ്പടിയുകയും ചെയ്യും. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂറോളം കൃത്യമായി ഉറങ്ങാൻ ശ്രമിക്കാം.
- ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെതന്നെ ഗുണംചെയ്യുന്നതാണ് വെള്ളംനന്നായി കുടിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി വണ്ണംകുറയ്ക്കാനാവും.
- മധുരപാനീയങ്ങൾക്കും വയറിൽ കൊഴുപ്പടിയുന്നതിൽ പ്രധാനപങ്കുണ്ട്. ഇവയും പരമാവധി കുറയ്ക്കണം.
- ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ഭാരനിയന്ത്രണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ വയറുനിറഞ്ഞ പ്രതീതി ലഭിക്കുകയും വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.
- എയ്റോബിക് വ്യായാമങ്ങൾ (കാർഡിയോ വ്യായാമങ്ങൾ) ചെയ്യുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. അമിത കലോറി എരിച്ചുകളയുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.
Content Highlights: Reduce belly fat effectively! Discover doctor-recommended healthy snacks & diet tips to fight visceral fat.