ഓർമക്കുറവും ക്ഷീണവും മൂലം ആശുപത്രിയിലെത്തി; 50-കാരനെ രോഗിയാക്കിയത് പ്രഷർ കുക്കർ, ഡോക്ടർ പറയുന്നത്

മുംബൈയിൽ 50-കാരനെ ഗുരുതരമായ ലെഡ് വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോക്ടറുടെ വെളിപ്പെടുത്തൽ. ഡോ. വിശാൽ ഗബാളെ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലെഡ് വിഷബാധയെത്തുടർന്ന് ഓർമക്കുറവ്, ക്ഷീണം, കാലുകളിലെ കടുത്ത വേദന, തരിപ്പ് എന്നീ ലക്ഷണങ്ങളുമായാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. പിന്നീട്, നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര പ്രശ്നത്തിലേക്ക് വഴിവെച്ചത് പ്രഷർ കുക്കറാണ് എന്ന് വ്യക്തമായതെന്നും ഡോക്ടർ പറയുന്നു.
ഒരു പ്രത്യേക ഹെവി മെറ്റൽ സ്ക്രീനിംഗ് നടത്തുന്നതുവരെ രോഗനിർണയം നടത്താൻ സാധിച്ചില്ലെന്ന് ഡോക്ടർ പറയുന്നു. ഇതിൽനിന്ന് ശരീരത്തിലെ ലെഡ് നില 22 മൈക്രോഗ്രാം പെർ ഡെസിലിറ്റർ ആണെന്ന് കണ്ടെത്തി. എന്നാൽ, ഒരുവിധത്തിലും ഇത്രയധികം അംശം ലെഡ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ എങ്ങിനെ എത്തിയെന്ന് മനസ്സിലായിരുന്നില്ല. പിന്നീട്, വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രതി പ്രഷർ കുക്കർ ആണെന്ന് മനസ്സിലായത്.
കഴിഞ്ഞ 20 വർഷമായി രോഗിയുടെ വീട്ടിൽ ഒരേ പ്രഷർ കുക്കറിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പഴകിയതും കേടായതുമായ അലുമിനിയം കുക്കറുകൾ അസിഡിക് അംശമുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് ലെഡ്, അലുമിനിയം കണികകൾ ഭക്ഷണത്തിൽ കലരാൻ കാരണമാകുമെന്നും ഡോക്ടർ വ്യക്തമാക്കി.
എന്താണ് ലെഡ് വിഷബാധ?
ശരീരത്തിൽ ലെഡ് അടിഞ്ഞുകൂടുമ്പോൾ സംഭവിക്കുന്നതാണ് ലെഡ് വിഷബാധ അഥവാ ലെഡ് പോയിസണിങ്. ലെഡ് അടങ്ങിയതെന്തെങ്കിലും ശരീരത്തിലേക്കെത്തുന്നതാണ് ഇതിന് കാരണം. ഈ ലോഹത്തിൽ സ്പർശിക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നതും ലെഡ് വിഷബാധയ്ക്ക് കാരണമാകും. നമ്മുടെ തലച്ചോറ്, വൃക്കകൾ, പ്രത്യുത്പാദന വ്യവസ്ഥ എന്നിവയുൾപ്പെടെ പല അവയവങ്ങളേയും ഇത് ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.
ലക്ഷണങ്ങൾ
വയറുവേദന, അമിതമായ ഉത്കണ്ഠ, തലവേദന, ഛർദ്ദി, ക്ഷീണം, വിളർച്ച, കാലുകളിലും പാദങ്ങളിലും മരവിപ്പ്, വന്ധ്യത, വൃക്കയിലെ പ്രശ്നം എന്നിവ ലെഡ് വിഷബാധയുടെ ലക്ഷണങ്ങളാണ്.
ചികിത്സ
ലെഡ് വിഷബാധയാലുണ്ടാകുന്ന വന്ധ്യത, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പൂർണമായി മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്. വിഷയത്തിൽ ചെയ്യാനാകുന്നത് രക്തത്തിലെ ലെഡിന്റെ അളവ് കുറയ്ക്കാനും കൂടുതൽ വിഷബാധ ഏൽക്കുന്നത് തടയാനുമുള്ള ചികിത്സയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
രക്തത്തിൽ ലെഡിന്റെ അളവ് കൂടുതലാണെങ്കിൽ ഡോക്ടർമാർ രോഗിക്ക് കീലേറ്റിങ് ഏജന്റ്(chelating agent) നൽകും. ഇത് നിങ്ങളുടെ രക്തത്തിലെ ലെഡുമായി ബന്ധിച്ച് അതിനെ പുറന്തള്ളുന്നത് എളുപ്പമാക്കുന്നു.
Content Highlights: Lead Poisoning Treatment: Understanding Curability and Management Options