ഇനിയൊരു ആഗോള ആരോഗ്യ ദുരന്തമുണ്ടാവുക മഹാമാരിയിലൂടെയാകില്ല, മുന്നറിയിപ്പുമായി ലാൻസെറ്റ്

മറ്റൊരു ആഗോള ആരോഗ്യ ദുരന്തമുണ്ടായാൽ അത് ഒറ്റപ്പെട്ട ഒരു മഹാമാരിയിൽ നിന്നാകണമെന്നില്ലെന്ന് ലാൻസെറ്റ് റിപ്പോർട്ട്. വായു മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, അമിതവണ്ണം, ആന്റിമൈക്രോബയൽ പ്രതിരോധം തുടങ്ങിയ പതിനേഴ് സംയുക്ത ഘടകങ്ങളാൽ ആകാമെന്നും സർക്കാരുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ ഈ അപകടസാധ്യതകൾ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരോഗ്യകരമായ ജീവിതത്തെ ബാധിക്കാൻ കാരണമായേക്കാമെന്നും റിപ്പോർട്ടിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) ആണവ യുദ്ധവും മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ഭീഷണിപ്പെടുത്താനുള്ള സാധ്യതയുമുണ്ടെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എഐയുടെ ദുരുപയോഗം,ആണവ സംഘർഷം, വായു മലിനീകരണം, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR), ബാല്യകാല പോഷകാഹാരക്കുറവ്, സംഘർഷങ്ങൾ, അന്താരാഷ്ട്ര ആരോഗ്യ സഹായത്തിലെ ഫണ്ടിങ് കുറവ്, മദ്യപാനം, ഉയർന്ന രക്തസമ്മർദ്ദം,വരുമാനത്തിലെ അസമത്വം, കുറഞ്ഞ വിദ്യാഭ്യാസം, പ്രകൃത്യാലുണ്ടാകുന്ന മഹാമാരികൾ, അമിതവണ്ണം, മോശമായ മാനസികാരോഗ്യം,പുകവലി, ആരോഗ്യകരമല്ലാത്ത വാർധക്യം തുടങ്ങിയവയാണ് ആഗോള ആരോഗ്യ ഭീഷണികളായി കണക്കാക്കുന്നത്.
204 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തൽ തയ്യാറാക്കിയിട്ടുള്ളത്. വായു മലിനീകരണം, ബാല്യകാല പോഷകാഹാരക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, പകർച്ചവ്യാധികൾ എന്നിവയുൾപ്പെടെയുള്ള ഈ ഭീഷണികളിൽ പലതും ഇന്ത്യയിൽ ഇതിനകം തന്നെ പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നങ്ങളായതിനാൽ ഈ കണ്ടെത്തലുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്.
2025 നും 2100 നും ഇടയിൽ ആരോഗ്യത്തിന് വലിയ നാശമുണ്ടാക്കാൻ സാധ്യതയുള്ള പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന 17 ഭീഷണികളെക്കുറിച്ചാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ആരോഗ്യ ഭീഷണികളെ വെവ്വേറെ പ്രശ്നങ്ങളായി കാണുന്ന പരമ്പരാഗത സമീപനത്തിനപ്പുറത്തേക്ക് അപകടസാധ്യതകൾ എങ്ങനെ പരസ്പരം സ്വാധീനിക്കുന്നുവെന്ന് പുതിയ രീതി വ്യക്തമാക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗവും ആണവ സംഘർഷവുമാണ് മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കാൻ സാധ്യതയുള്ള രണ്ട് ഭീഷണികളായി റിപ്പോർട്ട് പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മറ്റൊരു പ്രധാന ഭീഷണിയാണ്. ആന്റിമൈക്രോബയൽ പ്രതിരോധം, ബാല്യകാല പോഷകാഹാരക്കുറവ്, അമിതമായ മദ്യപാനം, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, മോശമായ മാനസിക ആരോഗ്യം, കുറഞ്ഞ വിദ്യാഭ്യാസം, വരുമാന അസമത്വം എന്നിവ മറ്റ് ഭീഷണികളാണ്.
കടുത്ത ചൂട്, മോശമാകുന്ന വായുവിന്റെ ഗുണനിലവാരം, മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ തുടങ്ങിയവ അപകടസാധ്യതകൾ വർധിപ്പിക്കും. സാധാരണ രോഗാണുക്കൾ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും ഫലം കാണാതെ വരുന്ന ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (AMR) മറ്റൊരു പ്രധാന ആശങ്കയാണ്. ആന്റിബയോട്ടിക്കുകളുടെ അനുചിതമായ ഉപയോഗം, അണുബാധ പ്രതിരോധത്തിലെ വീഴ്ചകൾ, മരുന്നുകളെ പ്രതിരോധിക്കുന്ന അണുബാധകളുടെ വ്യാപനം എന്നിവ സാധാരണ രോഗങ്ങളെ ചികിത്സിക്കുന്നത് ബുദ്ധിമുട്ടാക്കും.
പ്രതിസന്ധികൾ വ്യാപകമാകുന്നതിന് മുമ്പ് അവയെ തടയാനും തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുന്ന തരത്തിൽ സർക്കാരുകൾ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും വാക്സിനുകൾ, ആൻറിബയോട്ടിക്കുകൾ, അമിതവണ്ണത്തിനുള്ള ചികിത്സകൾ, കാലാവസ്ഥാ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പ്രതികരിക്കുന്നതിന് പകരം ഭാവിയിലെ വെല്ലുവിളികൾക്കായി തയ്യാറെടുക്കാൻ ഇത് സർക്കാരുകളെ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
Content Highlights: Air pollution, climate change, and antimicrobial resistance are key global health threats identified in the Lancet report, urging governments to take action