രോഗികള്‍ക്ക് ആശ്വാസം, വിലക്കുറവ്; കെഎസ്ഡിപി മരുന്നുകള്‍ ഇനി പൊതുവിപണിയിലും; ഉദ്ഘാടനം ഏപ്രില്‍ 8ന്

പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

ആലപ്പുഴ: പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെഎസ്ഡിപി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ 'മെഡിമാര്‍ട്ട്' എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ എട്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം െചയ്യും.

10 മുതല്‍ 90 വരെ ശതമാനം വിലകുറച്ചാകും വില്‍പ്പന. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വൈകാതെ ചില്ലറവില്‍പ്പന തുടങ്ങുമെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു പറഞ്ഞു.

92 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ചില്ലറ വില്‍പ്പന ശാലകളിലെത്തിക്കും. മറ്റു കമ്പനികളുടെ മരുന്നുകളും കുറഞ്ഞവിലയില്‍ ലഭ്യമാക്കും.

സര്‍ക്കാരാശുപത്രികള്‍ക്കു മാത്രമാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. പൊതുവിപണിയിലും ഇതു കിട്ടുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും.

അര്‍ബുദം, വൃക്കരോഗ മരുന്നുകളും ഭാവിയില്‍ കുറഞ്ഞവിലയ്ക്കു വാങ്ങാനാകും. അര്‍ബുദ മരുന്നുകളടക്കം നിര്‍മിക്കുന്ന ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

രാവിലെ 10-നാണ് ഉദ്ഘാടനം. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്‌മണ്യന്‍ അറിയിച്ചു.

Content Highlights: ksdp medicines now avalilable in public market