എടുത്തുചാടി ജീവനൊടുക്കിയത് 3 സഹോദരിമാർ; അതിരുവിടുന്ന ഗെയിമിങ്, കുട്ടികളുടെ മാനസികാരോഗ്യം അപകടത്തിൽ?

കൊറിയൻ ഓണലൈൻ ഗെയിം കളിക്കുന്നത് പതിവാക്കിയിരുന്ന മൂന്നു പെൺകുട്ടികൾ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിമരിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പാഖി(12) പ്രാച്ചി(14) വിശിഖ(16) എന്നിവരാണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
രാജ്യത്തെ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഇന്നത്തെ കാലത്തെ ഗെയിമിങ് കൾച്ചർ മാറിയോ എന്നാണ് ചോദ്യം. ഉറക്കമില്ലായ്മ, അസ്വസ്ഥത, ഉത്കണ്ഠ, പഠനത്തോടുള്ള താല്പര്യക്കുറവ്, നിരാശയെ നേരിടാനുള്ള കഴിവില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുള്ള ചെറുപ്പക്കാർ രാജ്യത്ത് വർധിച്ചുവരികയാണ്. ഒരു ശീലം എന്നതിനപ്പുറം കുട്ടിയുടെ വൈകാരിക ജീവിതത്തിന്റെ ഭാഗമായി ഗെയിമിങ് മാറുന്നുവെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഗെയിം കളിക്കുന്നതിനുവേണ്ടി കുട്ടികൾ ചെലവഴിക്കുന്ന സമയം മാത്രമല്ല പ്രശ്നം. മറിച്ച്, ഗെയിമിങ് എന്തൊക്കെയാണ് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്നതാണ് ആശങ്കയുളവാക്കുന്നത്. കുട്ടികൾ സ്കൂളിൽ പോകാൻ മടി കാണിക്കുന്നു. ഉറക്കം ശ്രദ്ധിക്കാതെയാകുന്നു. ഇതിനെല്ലാം പുറമെ നല്ല ഓഫ്‌ലൈൻ ബന്ധങ്ങൾ ഇവർക്കില്ലാതാകുന്നു. കാലക്രമേണ, യഥാർഥ ലോകത്തിലെ സമ്മർദ്ദത്തോട് പൊരുത്തപ്പെടാൻ കുട്ടിക്ക് സാധിക്കാതെ പോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഈ സാഹചര്യങ്ങളിൽ കുട്ടികൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചെന്ന് വരില്ല. ആദ്യകാല മുന്നറിയിപ്പ് സൂചനകളെ അച്ചടക്ക പ്രശ്നങ്ങളോ താത്പര്യക്കുറവോ ആണെന്നാണ് മാതാപിതാക്കൾ വിചാരിക്കുക. ഇവർ വിഷയം ശ്രദ്ധിക്കുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുമുണ്ടാകും. രോഷം, പരിഭ്രാന്തി, വിഷാദ ലക്ഷണങ്ങൾ, അല്ലെങ്കിൽ വൈകാരിക തകർച്ച എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുട്ടികൾ പ്രകടിപ്പിക്കുമ്പോഴാണ് പലരും വിഷയം ഗുരുതരമായത് തിരിച്ചറിയുന്നത്.
സോറി പപ്പാ എന്ന് കുറിപ്പ്...
ഫ്‌ളാറ്റിൽനിന്ന് ചാടി മരിച്ച മൂന്ന് കുട്ടികളും ഓൺലൈൻ കൊറിയൻ ഗെയിമുകൾക്ക് അടിപ്പെട്ടിരുന്നതായും ഇത് മാതാപിതാക്കൾ നിയന്ത്രിക്കാൻ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച് പെൺകുട്ടികളുടെ ആത്മഹത്യാക്കുറിപ്പിലും വിശദീകരിക്കുന്നുണ്ട്.
എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പെൺകുട്ടികൾ ഒരു ഡയറിയിൽ എഴുതിവെച്ചിരുന്നത്. ഡയറിയിൽ എഴുതിയത് മുഴുവൻ വായിക്കണമെന്നും കാരണം ഇതെല്ലാം സത്യമാണെന്നുമുള്ള കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. സോറി പപ്പാ എന്ന് എഴുതിയ ഈ കുറിപ്പ്, കരയുന്ന ഇമോജിയോടെയാണ് അവസാനിക്കുന്നത്.
ഗെയിമുകളും പാട്ടുകളും ടിവി ഷോകളും അടക്കം കൊറിയൻ ഭാഷയോടും കൊറിയൻ രീതികളോടും മൂന്നുപേർക്കും അമിതമായ ആസക്തിയുണ്ടായിരുന്നതായി പിതാവ് ചേതൻ കുമാറും പ്രതികരിച്ചു. മൂന്നുപേരും അവർക്കായി മൂന്ന് കൊറിയൻ പേരുകളും സ്വീകരിച്ചു. രണ്ടാമത്തെ മകളായ പ്രാച്ചിയായിരുന്നു എല്ലാത്തിനും മുൻകൈ എടുത്തിരുന്നത്. ഇത്തരമൊരു തീരുമാനത്തിന് പിന്നിലും അവൾ തന്നെയായിരിക്കുമെന്നാണ് സംശയിക്കുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു.
പപ്പാ ക്ഷമിക്കണം, കൊറിയയാണ് ഞങ്ങളുടെ ജീവിതമെന്നാണ് അവർ പറഞ്ഞിരുന്നത്. കൊറിയയോടായിരുന്നു അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. എന്തുപറഞ്ഞാലും അത് ഉപേക്ഷിക്കാൻ കഴിയില്ലെന്നും മക്കൾ പറഞ്ഞിരുന്നതായും ചേതൻകുമാർ വെളിപ്പെടുത്തി.
എന്താണ് അധികൃതർ ചെയ്യുന്നത്
ഡിജിറ്റൽ അടിമത്തം വർധിക്കുന്നുവെന്നും ഇത് കുട്ടികളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2025–26 വ്യക്തമാക്കുന്നു. വിഷയം ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്മാർട്ട്‌ഫോണുകൾ, സോഷ്യൽ മീഡിയ, ഗെയിമിംഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ അമിത ഉപയോഗം ആരോഗ്യനില, പഠനഫലങ്ങൾ എന്നിവയെ ബാധിച്ചേക്കുമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു.
വിഷയം ഗുരുതരമാണെന്ന് അധികൃതർ തിരിച്ചറിയുന്നുണ്ടെങ്കിലും ഗെയിമിങ് സംബന്ധമായ പെരുമാറ്റ വൈകല്യങ്ങൾ തിരിച്ചറിയുന്നതിനോ ചികിത്സിക്കുന്നതിനോ ഇപ്പോഴും കൃത്യമായ മാർഗനിർദേങ്ങളില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: The shocking suicide of three minor girls in Ghaziabad has brought national attention to the growing crisis of online gaming addiction among children.