30-ാം വയസ്സിൽ തന്നെ നടുവും മുട്ടും വേദനയോ?; എന്താണ് കാരണങ്ങൾ, പരിഹാരം എങ്ങനെ?

ഒരുകാലത്ത് പ്രായമായവരെ മാത്രം ബാധിച്ചിരുന്ന പ്രശ്നങ്ങളായിരുന്നു കാൽമുട്ടുവേദനയും നടുവേദനയും. എന്നാൽ, ഇന്നത്തെ കാലത്ത് 20-കളിലും 30-കളിലും ഉള്ളവർക്കുപോലും ഇത് വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ജോലിസ്ഥലത്തും, യാത്ര ചെയ്യുമ്പോഴും, പഠിക്കുമ്പോഴുമെല്ലാം ചെറുപ്പക്കാർ ദീർഘനേരം ഇരിക്കുന്നു. ഇതോടെ, ചുറ്റുമുള്ള പേശികൾക്ക് ബലക്ഷയം സംഭവിക്കുകയും അത് സന്ധികളെ ബാധിക്കുകയും ചെയ്യുന്നു.
കാരണങ്ങൾ
1. അമിതഭാരവും മോശം ജീവിതശൈലിയും
- അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം യുവാക്കൾക്കിടയിൽ അമിതവണ്ണം വർധിച്ചുവരുന്നു.
- ശരീരഭാരത്തിലുണ്ടാകുന്ന ചെറിയ വർധനവ് പോലും കാൽമുട്ടുകളിലും നട്ടെല്ലിലും സമ്മർദ്ദം കൂട്ടിയേക്കാം.
- ക്രമരഹിതമായ ഉറക്കം, ഉയർന്ന മാനസിക സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവ ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു.
- ഇവയെല്ലാം ദീർഘകാല വേദന, ക്ഷീണം, ചലനശേഷിക്കുറവ് എന്നിവയിലേക്ക് നയിക്കുന്നു.
2. വ്യായാമങ്ങളിൽ നിന്നുമുള്ള പരിക്കുകൾ
- ഫിറ്റ്നസ് തരംഗം സന്ധികളിലെയും പേശികളിലെയും പ്രശ്നങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
- ശരിയായ മാർഗ്ഗനിർദ്ദേശമില്ലാതെ ജിമ്മിലും മറ്റ് കായിക പരിശീലനങ്ങളിലും ചെറുപ്പക്കാർ ഏർപ്പെടുന്നു.
- പെട്ടെന്നുള്ള കഠിനമായ വ്യായാമങ്ങൾ, ഭാരം ഉയർത്തുന്നത്, തെറ്റായ പരിശീലന രീതികൾ എന്നിവ സന്ധികൾക്കും പേശികൾക്കും ആയാസമുണ്ടാക്കുന്നു.
- ആവശ്യത്തിന് വാം-അപ്പ്, സ്ട്രെച്ചിംഗ്, വിശ്രമം എന്നിവ ഇല്ലാത്തത് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
3. മാനസിക സമ്മർദ്ദവും വേദനയും
- മാനസിക പിരിമുറുക്കവും ഉത്കണ്ഠയും പേശിവലിവുണ്ടാക്കുകയും, അത് പുറത്തും കഴുത്തിലും വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
- ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം വേദനയെ വിട്ടുമാറാത്തതും കൂടുതൽ കഠിനവുമാക്കും.
എന്താണ് പരിഹാരം?
തുടക്കത്തിലുണ്ടാകുന്ന മിക്കവാറും എല്ലാ കാൽമുട്ടുവേദനയും നടുവേദനയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളുടെ സഹായത്തോടെ മെച്ചപ്പെടുത്താൻ സാധിക്കും. ജോലിസ്ഥലത്ത് ദീർഘനേരം ഇരിക്കുന്നുണ്ടെങ്കിൽ എഴുന്നേറ്റ് നടക്കുകയും ശരീരം സ്ട്രെച്ച് ചെയ്യുകയും ചെയ്യുക. ബോധവത്ക്കരണത്തിലൂടേയും പരിചരണത്തിലൂടെയും സന്ധികളെയും നട്ടെല്ലിനെയും സംരക്ഷിക്കാനാകും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Experiencing knee and back pain in your 30s? Discover common causes like sedentary lifestyles, exercise injuries, and stress, plus effective solutions for relief and prevention.