ചർമത്തിലെ മറുകുകൾ നിസ്സാരമാക്കരുത്, അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് കെവിൻ ജൊനാസ്

കെവിൻ ജൊനാസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| Photo: instagram.com/kevinjonas
കെവിൻ ജൊനാസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| Photo: instagram.com/kevinjonas

നടനും ഗായകനും ​ഗാനരചയിതാവുമായ കെവിൻ ജൊനാസിന് കാൻസർ സ്ഥിരീകരിച്ചു. സാമൂഹികമാധ്യമത്തിലൂടെയാണ് സ്കിൻ കാൻസർ ബാധിച്ചവിവരം ജോനാസ് ബ്രദേഴ്സിലൊരാൾ കൂടിയായ കെവിൻ പങ്കുവെച്ചത്. അർബുദം നീക്കംചെയ്യാൻ സർജറി ചെയ്തുവെന്നും കെവിൻ പറയുന്നുണ്ട്. 

സർജറിക്ക് മുമ്പും പിമ്പുമുള്ള ദൃശ്യങ്ങൾ സഹിതമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചർമത്തിലെ മറുകുകൾ പരിശോധിക്കണമെന്ന് ഓർമിപ്പിക്കുകയാണ് താനെന്നും അദ്ദേഹം പറയുന്നു. ബേസൽ സെൽ കാർസിനോമയാണ് തന്നെ ബാധിച്ചതെന്നും തലയിൽ നിന്ന് അത് നീക്കംചെയ്തുവെന്നും കെവിൻ പറഞ്ഞു. ഇത്തരത്തിലുള്ള മറുകുകൾ കണ്ടാൽ നിസ്സാരമാക്കിവിടാതെ നിർബന്ധമായി പരിശോധിച്ചിരിക്കണമെന്നും കെവിൻ വീഡ‍ിയോയുടെ അവസാനത്തിൽ പറയുന്നുണ്ട്. 

അടുത്തിടെ ഓസ്ട്രേലിയൻ അഭിനേതാവായ ഹ്യൂ ജാക്മാനും  ബേസൽ സെൽ കാർസിനോമ ബാധിച്ചതിനേക്കുറിച്ച് പങ്കുവെച്ചിരുന്നു. 

എന്താണ് ബേസൽ സെൽ കാർസിനോമ? 

ചർമത്തെ ബാധിക്കുന്ന കാൻസറാണിത്. ചർമത്തിലെ പഴയ കോശങ്ങൾ നശിക്കുന്ന മുറയ്ക്ക് പുതിയവ ഉത്പാദിപ്പിക്കുന്ന ഒരുതരം കോശമാണ് ബേസൽ സെൽ. ചർമത്തിൽ ചെറിയൊരു വീക്കമായാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുക. സൂര്യപ്രകാശം നേരിട്ട്  ഏൽക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാ​ഗങ്ങളിലാണ് ബേസൽ സെൽ കാർസിനോമ കൂടുതലും ബാധിക്കുക. അൾട്രാവയലറ്റ് റേഡിയേഷന് ഏറെനേരം വിധേയമാകുന്നതു വഴിയാണ് രോ​ഗസാധ്യത വർധിക്കുന്നത്. ചർമത്തിലെ ബേസൽ സെല്ലുകളുടെ ഡിഎൻഎയിൽ വ്യതിയാനം സംഭവിക്കുന്നതാണ് കാൻസറിലേക്ക് വഴിവെക്കുന്നത്. 

ലക്ഷണങ്ങൾ

ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് രോ​ഗലക്ഷണങ്ങൾ പ്രകടമാകും. ചർമത്തിലെ വീക്കമോ ഏറെ നാളായിട്ടും ഉണങ്ങാത്ത മുറിവോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. പിങ്ക് നിറത്തിലോ പേളീ വൈറ്റ് നിറത്തിലോ ആവും വീക്കം പ്രകടമാവുക. ഇരുണ്ട ചർമക്കാരിൽ ബ്രൗൺ നിറത്തിലോ ​ഗ്ലോസി ബ്ലാക്ക് നിറത്തിലോ ആയിരിക്കും. വീക്കത്തിൽ നിന്ന് ചിലപ്പോൾ രക്തസ്രാവവും കണ്ടേക്കാം. കറുപ്പ്, ബ്രൗൺ, നീല നിറങ്ങളിലുള്ള ക്ഷതത്തിന്റെ പാടുകൾ തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്. 

അപകടസാധ്യതകൾ

ഏറെ നേരം വെയിൽ ഏൽക്കുന്നത് രോ​ഗസാധ്യത വർധിപ്പിക്കും. വെളുത്ത ചർമക്കാരിൽ ഈ കാൻസറിനുള്ള സാധ്യത കൂടുതലാണ്. നേരത്തേ ബേസൽ സെൽ കാർസിനോമ വന്നവരിൽ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. കുടുംബാം​ഗങ്ങൾക്ക് ചർമത്തിൽ കാൻസർ ഉണ്ടെങ്കിലും ബേസൽ സെൽ കാൻസർ വരാനിടയുണ്ട്. രോ​ഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന വിധത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരിലും ഈ കാൻസർ സാധ്യതയുണ്ട്. ആർസെനിക് എന്ന കെമിക്കലുമായി ഇടപഴകുന്നവരിലും രോ​ഗസാധ്യതയുണ്ട്. ഒപ്പം അപൂർവമായ ചില ജനിതകരോ​ഗങ്ങളും ബേസൽ സെൽ കാർസിനോമ സാധ്യത കൂട്ടുന്നു. 

രോ​ഗം ചികിത്സിച്ചു ഭേദമാക്കിയാലും ഇടയ്ക്കിടെ വരാനിടയുണ്ട് എന്നതും ഒരിക്കൽ ബേസൽ സെൽ കാർസിനോമ വന്നുകഴിഞ്ഞാൽ squamous cell carcinoma പോലുള്ള മറ്റ് ചർമത്തെ ബാധിക്കുന്ന കാൻസറുകൾക്ക് സാധ്യതയുണ്ട് എന്നതും വെല്ലുവിളിയാണ്. വളരെ അപൂർവമായി ബേസൽ സെൽ കാൻസർ എല്ലുകൾ, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്. 

പ്രതിരോധം
‌

  • കടുത്ത വെയിൽ ഏൽക്കാൻ ഇടയുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. ജോലിസമയം അതിനനുസരിച്ച് ക്രമീകരിക്കാൻ ശ്രമിക്കുക. 
  • പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ക്രീം തേക്കുന്നത് ശീലമാക്കുക. SPF30 എങ്കിലും ഉള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ രണ്ടുമണിക്കൂറിനിടയിലും അവ പുരട്ടാൻ ശ്രദ്ധിക്കുക. 
  • അമിത വെയിൽ ഏൽക്കാതിരിക്കാൻ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിലും ശ്രദ്ധ വേണം. കൈകാലുകളും മറ്റും മറഞ്ഞിരിക്കും വിധത്തിൽ അമിത സൂര്യപ്രകാശം ഏൽക്കാത്ത വിധം വസ്ത്രമാണ് ധരിക്കേണ്ടത്. 
  • ചർമത്തിൽ അസ്വാഭാവികമായ ലക്ഷണങ്ങളും മാറ്റങ്ങളും കണ്ടാലുടൻ വിദ​ഗ്ധ ഉപദേശം തേടുക. 
     

Content Highlights: kevin jonas shares skin cancer diagnosis