കീറ്റോ ഡയറ്റ് ആണോ പിന്തുടരുന്നത്?; ഹൃദയാരോഗ്യത്തെ ബാധിച്ചേക്കും, മുന്നറിയിപ്പുമായി പഠനം

കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച്, കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചുകൊണ്ട് പിന്തുടരുന്ന ഭക്ഷണരീതിയാണ് കീറ്റോജെനിക് ഭക്ഷണക്രമം. ശരീരത്തിന്റെ പ്രവർത്തനങ്ങൾ നടത്താനുള്ള ഊർജം കൊഴുപ്പിലൂടെ കണ്ടെത്താൻ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
എന്നാൽ, സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം കീറ്റോ ഡയറ്റ് ദീർഘകാലം തുടരുന്നത് ആരോഗ്യത്തെ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന കൊഴുപ്പും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമം ദീർഘകാലം പിന്തുടരുന്നത് ഗ്ലൂക്കോസ് ഇൻടോളറൻസ്, ഫാറ്റി ലിവർ, ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമായതായി ശാസ്ത്രജ്ഞർ കണ്ടെത്തി.
എന്താണ് പഠനം പറയുന്നത്?
എലികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ ഗവേഷകർ പറയുന്നത്. Indiana Earlham College, University of Utah എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. എട്ടുമാസത്തോളം ഇവർ എലികളെ നാലുതരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. പാശ്ചാത്യ രീതിയിലുള്ള ഭക്ഷണം കഴിച്ച എലികളേക്കാൾ കീറ്റോ ഡയറ്റിലുള്ള എലികൾക്ക് ഭാരം കുറവായിരുന്നെങ്കിലും അവയിൽ ആശങ്കാജനകമായ ചില ആരോഗ്യ സൂചനകൾ പ്രകടമായതായി പഠനത്തിൽ പറയുന്നു. അവയുടെ രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായിരുന്നു. ഇത് ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. കൂടാതെ, ആൺ എലികളിൽ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി.
കീറ്റോ ഡയറ്റ് ശരീരത്തിൽ പ്രവർത്തിക്കുന്ന വിധം
സാധാരണഗതിയിൽ നമ്മുടെ ശരീരം കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കി അതിനെ രക്തത്തിലേക്ക് റിലീസ് ചെയ്താണ് കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജം ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ഊർജത്തിനായി ശരീരം കൊഴുപ്പിനെ ആശ്രയിക്കും. ഈ പ്രക്രിയ 'കീറ്റോസിസ്' എന്നാണ് അറിയപ്പെടുന്നത്. ഇതാണ് കീറ്റോഡയറ്റിൽ സംഭവിക്കുന്നത്. 75% കൊഴുപ്പും 20% പ്രോട്ടീനും 5% കാർബോഹൈഡ്രേറ്റുമാണ് ഈ ഭക്ഷണക്രമത്തിലുള്ളത്. വെളിച്ചെണ്ണ, ബട്ടർ, ചീസ്, മയണൈസ്, മാംസം മുതലായവ ഈ ഡയറ്റിൽ അനുവദനീയമാണ്. എന്നാൽ, ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു ഭക്ഷണവും ഇത്തരക്കാർ ഉപയോഗിക്കാൻ പാടില്ല.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)
Content Highlights: New research in Science Advances suggests long-term keto diet can lead to glucose intolerance, fatty liver, and heart problems. Learn more about the study`s findings.