വൈറൽ പനിയും ഡെങ്കിയും കൂടുന്നു; കഴിഞ്ഞവർഷത്തെ മഴക്കാലത്തെക്കാൾ 19 ശതമാനം വർധന

തിരുവനന്തപുരം: ജൂൺ ഒന്നിനുശേഷം സംസ്ഥാനത്ത് വൈറൽപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ മഴക്കാലത്തെക്കാൾ 19 ശതമാനം വർധന. കഴിഞ്ഞവർഷം ജൂൺ ഒന്നുമുതൽ ജൂലായ് 15 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഇത്തവണ വൈറൽപ്പനിക്ക് ചികിത്സ തേടിയവരുടെ എണ്ണത്തിലാണ് വർധന. ഡെങ്കിപ്പനിക്കേസുകൾ 20 ശതമാനവും അതിസാരം 38 ശതമാനവും വർധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
2025 ജൂൺ ഒന്നുമുതൽ ജൂലായ് 15 വരെ 4,00,226 പേരാണ് പനിക്ക് ചികിത്സതേടിയത്. 2026-ൽ ഇത് 4,78,928 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 3120 പുതിയ ഡെങ്കിപ്പനിക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത്തവണ 3742 ആയി. 19.9 ശതമാനം വർധന. മരണസംഖ്യ രണ്ടുവർഷവും ഒൻപത് വീതമാണ്.
കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളിലും വർധനയുണ്ട്. അതിസാരക്കേസുകൾ 90,379-ൽ നിന്ന് 1,24,833 ആയി. ഇൻഫ്ളുവൻസ കഴിഞ്ഞവർഷം 1059 കേസുകളായിരുന്നത് ഇത്തവണ 3310 ആയി.
ഷിഗെല്ല 24-ൽനിന്ന് 285-ലേക്ക് കുതിച്ചു. എലിപ്പനിയിലും ഹെപ്പറ്റൈറ്റിസ്-എയിലും ആശ്വാസകരമായ പ്രവണതയാണ്. എലിപ്പനിക്കേസുകൾ 578-ൽ നിന്ന് 509 ആയും മരണങ്ങൾ 41-ൽനിന്ന് 27 ആയും കുറഞ്ഞു. ഹെപ്പറ്റൈറ്റിസ്-എ കേസുകൾ 1834-ൽനിന്ന് 1140 ആയും മരണങ്ങൾ 13-ൽനിന്ന് എട്ട് ആയും കുറഞ്ഞു. ജൂൺമുതൽ വൈറൽപ്പനികളും കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.
Content Highlights: 19% increase in viral fever cases from June 1 to July 15, 2026, Dengue cases rose by 20% compared to the same period in 2025, Diarrhea cases surged significantly by 38%, Shigella cases saw a sharp rise from 24 to 285, Leptospirosis and Hepatitis-A show a downward trend in cases and deaths