‘ടൈപ്പ് വൺ പ്രമേഹബാധിതരായ ഒരു കുഞ്ഞിനുപോലും ജീവൻ നഷ്ടപ്പെടരുത്’, പരിചരണ പദ്ധതിരേഖ തയ്യാർ

#എൻ. സൗമ്യ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കോഴിക്കോട്: ചികിത്സയുടെയോ ഇൻസുലിന്റെയോ സാങ്കേതികവിദ്യയുടെയോ അഭാവം കാരണം ടൈപ്പ് വൺ പ്രമേഹബാധിതരായ ഒരു കുഞ്ഞിനുപോലും ജീവൻ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ ‘കേരള സമഗ്ര ടൈപ്പ് വൺ ഡയബറ്റിസ് പരിചരണ പദ്ധതിരേഖ’ തയ്യാറാക്കി ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കേരള. ആരോഗ്യമന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ട പ്രകാരം തയ്യാറാക്കിയ പ്രൊപ്പോസൽ അദ്ദേഹത്തിന് സമർപ്പിച്ചു.

എല്ലാ ജില്ലകളിലും പ്രത്യേക ടൈപ്പ് വൺ പ്രമേഹക്ലിനിക്കുകൾ സ്ഥാപിക്കേണ്ടതിന്റെയും സ്കൂൾ ഡയബറ്റിസ് സുരക്ഷാനയം വേണ്ടതിനെയുംകുറിച്ച് റിപ്പോർട്ടിലുണ്ട്. സ്കൂളുകളിൽ ഗ്ലൂക്കോസ് പരിശോധിക്കാനും ഇൻസുലിൻ എടുക്കാനും അതിനനുസൃതമായി ഭക്ഷണം കഴിക്കാനും അനുവാദം നൽകുക, അധ്യാപകർക്കും ജീവനക്കാർക്കും അടിയന്തരസാഹചര്യങ്ങൾ കൈകാര്യംചെയ്യാൻ പരിശീലനം നൽകുക എന്നിവയാണ് സ്കൂൾ നയത്തിലുള്ളത്.

ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. മുഹമ്മദ് അഫ്രോസ്, പ്രശാന്ത് മണി, ഡോ. യു.കെ. അബ്ദനാസർ, റിദ്ദി മോദി, മദൻകുമാർ, ഡോ. സംഗീതാ ജിതിൻ എന്നിവരുടെ പിന്തുണയോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇനി തുടർചർച്ചകൾ ഉണ്ടാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് ടി.ആർ. വിജേഷ്, സെക്രട്ടറി പി.ടി. അബ്ദുൾജലീൽ എന്നിവർ പറഞ്ഞു.

നിർദേശങ്ങൾ

‘മിഠായി’ പദ്ധതിയിലൂടെ സാധാരണ ഇൻസുലിന് പകരം അന്താരാഷ്ട്രനിലവാരമുള്ള ‘റാപ്പിഡ് അനലോഗ് ഇൻസുലിൻ’ ലഭ്യമാക്കുക.

തുടർച്ചയായി ഗ്ലൂക്കോസ് നിരീക്ഷിക്കുന്ന സി.ജി.എം. സാങ്കേതികവിദ്യയും കുട്ടികൾക്ക് ഇൻസുലിൻ പമ്പും സൗജന്യമായോ കുറഞ്ഞനിരക്കിലോ നൽകുക.

ചികിത്സയും അടിയന്തര ആശുപത്രി പ്രവേശനവും ഇൻഷുറൻസ് പരിധിയിലാക്കുക

രോഗികളുടെ കണക്കുകൾ സൂക്ഷിക്കാൻ രജിസ്ട്രിയും അടിയന്തരസാഹചര്യങ്ങളിൽ തിരിച്ചറിയാൻ കാർഡുകളും വേണം

18 വയസ്സ് കഴിയുമ്പോൾ കുട്ടികളുടെ വിഭാഗത്തിൽനിന്നുള്ള ചികിത്സ മുടങ്ങിപ്പോകാതെ മുതിർന്നവരുടെ ഡയബറ്റോളജി വിഭാഗത്തിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുക.

‌എന്താണ് ടൈപ്പ് വൺ

മുതിർന്നവരിൽ വരുന്ന അതേ പ്രശ്നമാണെന്നരീതിയിലാണ് ടൈപ്പ് വൺ പ്രമേഹത്തെ പൊതുസമൂഹം കാണുന്നത്. എന്നാൽ, രോഗപ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥയാണിത്. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിപ്പിക്കപ്പെടുകയാണ്. മധുരം കഴിക്കുന്നതുകൊണ്ടോ, ജീവിതശൈലിയിലെയോ, ഭക്ഷണരീതിയിലെയോ പാകപ്പിഴകൾകൊണ്ടോ ഉണ്ടാകുന്നതല്ല ഇത്. രോഗം മുൻകൂട്ടി തിരിച്ചറിയലാണ് പ്രധാനം. അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, പെട്ടെന്നുള്ള തടികുറയൽ, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം. തുടർച്ചയായി കൃത്യതയോടെ ഇൻസുലിൻ നൽകുകയാണ് പ്രധാനം.

Content Highlights: Kerala's type 1 diabetes care project aims to prevent child fatalities by improving treatment access and establishing specialized clinics across all districts.