നാട്ടു, പാരമ്പര്യ വൈദ്യ കമ്മിഷനും ഇൻസ്റ്റിറ്റ്യൂട്ടും; ബജറ്റ് പ്രഖ്യാപനത്തിനെതിരേ ആയുർവേദ ഡോക്ടർമാർ

#കെ.വി. കല
Photo: AI generated image
Photo: AI generated image

തൃശ്ശൂര്‍: കേരളത്തിലെ നാട്ടു, പാരമ്പര്യ വൈദ്യമേഖലയിലെ ചികിത്സാസമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരേ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന. 

നാട്ടു, പാരമ്പര്യ വൈദ്യ കമ്മിഷനും ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നതിനുള്ള പ്രാഥമികചെലവുകള്‍ക്കായി ഒരു കോടിയാണ് ബജറ്റില്‍ നീക്കിവെച്ചത്. കണ്ണൂരില്‍നിന്നുള്ള ചില പാരമ്പര്യവൈദ്യ ചികിത്സകരുടെ സമ്മര്‍ദഫലമായാണ് സാമ്പത്തികഞെരുക്കത്തിലും ഇത്രയും ഉയര്‍ന്ന തുക ബജറ്റില്‍ അനുവദിച്ചതെന്ന സൂചനയുണ്ട്. ഈ മേഖലയിലെ തൊഴിലാളികളെ അംഗങ്ങളാക്കി ഈയടുത്ത് രൂപവത്കരിക്കപ്പെട്ട ആയുര്‍വേദ തൊഴിലാളി യൂണിയ(സി.ഐ.ടി.യു.)നും ഈയാവശ്യവുമായി രംഗത്തുണ്ടായിരുന്നു. മുന്‍പ് പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കേ നാട്ടുവൈദ്യ,പാരമ്പര്യ നിയമനിര്‍മാണം പരിഗണിക്കപ്പെട്ടിരുന്നെങ്കിലും എതിര്‍പ്പുമൂലം ഉപേക്ഷിച്ചു.

ഈ മേഖലയില്‍ അക്കാദമികയോഗ്യതയില്ലാത്തവര്‍ക്കും നിയമപരമായി അംഗീകാരം നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ.എം.എ.ഐ.)യുടെ ആവശ്യം.

നാട്ടുവൈദ്യ, പാരമ്പര്യ നിയമം നടപ്പാക്കുന്നത് അനധികൃത ചികിത്സക്ക് അംഗീകാരം നല്‍കുന്നതിന് തുല്യമാണെന്നാണ് സംഘടനയുടെ വാദം. 'ദ ട്രെഡീഷണല്‍ നോളജ് ഇന്നവേഷന്‍ കേരള' എന്ന പേരില്‍ നിലവില്‍ കേരളസര്‍ക്കാര്‍ ആയുഷ് വകുപ്പിനു കീഴില്‍ ആയുര്‍വേദ വിദ്യാഭ്യാസവകുപ്പില്‍ നാട്ടു,പാരമ്പര്യ ചികിത്സാസംരക്ഷണ നടപടികള്‍ നടക്കുന്നുണ്ട്. കണ്ണൂരില്‍ കോടികള്‍ ചെലവഴിച്ച് പണി തുടങ്ങിയ അന്താരാഷ്ട്ര ഗവേഷണകേന്ദ്രവും ഇതിനു സഹായകമാകുമെന്നിരിക്കേ, പുതിയൊരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തിയെന്തെന്നാണ് എ.എം.എ.ഐ.യുടെ ചോദ്യം.

1970-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ ഇത്തരം പാരമ്പര്യ ചികിത്സകളെ അന്നുവരെ നിലനിന്നവര്‍ക്കുമാത്രം ഇളവുനല്‍കി പുനഃക്രമീകരിച്ചിരുന്നു. അക്കാദമികയോഗ്യതയുള്ളവര്‍ക്കു മാത്രമാണ് ഈ നിയമമനുസരിച്ച് ചികിത്സാ അനുമതി. മതിയായ യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്തവര്‍ ചികിത്സിക്കുന്നതിനെ 2018-ല്‍ സുപ്രീംകോടതിയും കര്‍ശനമായി വിലക്കി. കേരളത്തിലെ പാരമ്പര്യവൈദ്യന്‍മാരുടെ കൂട്ടായ്മ നല്‍കിയ കേസിലായിരുന്നു ഇത്. 2021-ലെ കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ടും അംഗീകൃതയോഗ്യതയുള്ളവര്‍ മാത്രം ചികിത്സിച്ചാല്‍ മതിയെന്നാണ് നിഷ്‌കര്‍ഷിച്ചത്. നാട്ടുവൈദ്യമെന്നത് ഭാരതീയ ചികിത്സാവകുപ്പിന്റെ മുന്‍ പേരാണെന്നും മര്‍മചികിത്സ ആയുര്‍വേദത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുമുണ്ട്.

Content Highlights: Kerala`s budget allocates funds for a traditional medicine commission, facing opposition from Ayurve