ഷിഗെല്ല വീണ്ടും പടരുന്നു; ആറു ദിവസത്തിനിടെ 23 രോഗികൾ, ഈ വർഷം 583 പേർ, എട്ടുപേർക്ക് ജീവൻ നഷ്ടമായി

#സ്വന്തം ലേഖകൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: ഷിഗെല്ല രോഗബാധ വീണ്ടുംകൂടുന്നു. നവംബറിലെ ആദ്യ ആറുദിവസത്തിനിടെ 23 പേർക്ക് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം 13 പേർ രോഗബാധിതരായി. സെപ്റ്റംബറിൽ 32 പേർക്കായിരുന്നു. ഈവർഷം ഇതുവരെ 583 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. 116 പേർക്ക് രോഗം സംശയിക്കുന്നു. എട്ടുപേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് രോഗം ആദ്യം റിപ്പോർട്ട് ചെയ്ത 2025-ൽ 132 പേർക്കായിരുന്നു രോഗം. അന്ന് മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല.

വെള്ളിയാഴ്ച സ്ഥിരീകരിച്ച 13-ൽ ഏഴുപേരും മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് അഞ്ചു പേർക്കും സ്ഥിരീകരിച്ചു. കൊല്ലം തലവൂരിൽ ഒരാൾക്ക് ബാധിച്ചു. നവംബറിലെ 23 രോഗികളിൽ ഏഴുപേർ മലപ്പുറത്തും ആറുപേർ കോഴിക്കോട്ടും മൂന്നുപേർ പാലക്കാട്ടുമാണ്. തൃശ്ശൂരിലും കൊല്ലത്തും രണ്ടുപേർക്കു വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗമുണ്ടായി.

ഒക്ടോബറിലും വർധന

ജൂണിലാണ് ഈവർഷം രോഗം കുതിച്ചുയർന്നത്, 205 പേർക്ക് ബാധിച്ചു. കഴിഞ്ഞ വർഷം ജൂണിൽ 21 ആയിരുന്നു. ഈവർഷത്തെ എട്ട് മരണങ്ങളിൽ ആറും ജൂണിലായിരുന്നു. ജൂലായിൽ 128 പേർക്കും ഓഗസ്റ്റിൽ 50 പേർക്കും സെപ്റ്റംബറിൽ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. കുറഞ്ഞുവന്ന ഈ പ്രവണത ഒക്ടോബറിൽ മാറി. 69 പേർക്ക് രോഗമുണ്ടായി.

കഴിഞ്ഞവർഷത്തെ 132 കേസുകളിൽ 55 എണ്ണവും കോഴിക്കോട്ടായിരുന്നു. കനത്തമഴയും വെള്ളപ്പൊക്കവും കുടിവെള്ള സ്രോതസ്സുകൾ മലിനമായതുമാണ് ജൂണിലെ വ്യാപനത്തിന് കാരണം.

പകരുന്നത് ഇങ്ങനെ

രോഗിയുടെ മലത്തിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ പുറത്തെത്തുന്നത്. തുറസ്സായ സ്ഥലത്തെ മലവിസർജനം, തുറന്ന സെപ്റ്റിക് ടാങ്കുകൾ, ശൗചാലയത്തിന് അടുത്തുള്ള കിണറുകൾ എന്നിവവഴി കുടിവെള്ളം മലിനമാകാം. പനിയോടുകൂടിയ വയറിളക്കം, മലത്തിൽ രക്തവും കഫവും, കടുത്ത വയറുവേദന, ഛർദി, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ

Content Highlights: Kerala reports 23 new Shigella cases in November, with symptoms including diarrhea, fever, and abdominal pain. Malappuram and Kozhikode are most affected.