മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുവില പ്രദര്‍ശിപ്പിക്കണമെന്ന് നിർദേശം, 80,000 എണ്ണം പ്രായോഗികമോ?

തൃശ്ശൂര്‍: വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. ദേശീയ ഔഷധവിലനിയന്ത്രണസമിതിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഔഷധവിലനിയന്ത്രണ നിയമപ്രകാരം നിര്‍ബന്ധമാണെന്നാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാലിത് തീരെ പ്രായോഗികമാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു.
ഓണ്‍ലൈന്‍ ഫാര്‍മസികളടക്കം ഇത് പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ അവശ്യവസ്തുനിയമപ്രകാരം നടപടികളെടുക്കുമെന്നുമാണ് മുന്നറിയിപ്പ്.
നിയമം നിലവിലുണ്ടായിരുന്നെങ്കിലും അപ്രായോഗികമായതിനാലാണ് നടപ്പാക്കാതിരുന്നതെന്ന വാദമാണ് ഉത്തരവിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ജന്‍ഔഷധികളില്‍പ്പോലും ഇത് നടക്കില്ലെന്നാണ് പറയുന്നത്. നിലവില്‍ കേരളത്തില്‍ രണ്ട് പ്രധാന സോഫ്റ്റ്വേറുകള്‍ വഴിയാണ് മരുന്നുവിതരണം. ഇതില്‍ രണ്ടിലും 80,000-ത്തിലധികം മരുന്നിനങ്ങളുണ്ട്. ഇത്രയുമെണ്ണത്തിന്റെ പട്ടിക പ്രദര്‍ശിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നാണ് ചോദ്യം.
കുറിപ്പടി ചേര്‍ക്കാന്‍ സൗകര്യമേറെ, എന്നാല്‍ ഔഷധവിവരം കുറവ്
ഇന്ത്യയില്‍ നിലവില്‍ 61 വെബ്സൈറ്റുകളിലൂടെയും 37 മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇ-ഫാര്‍മസിക്ക് തുല്യമായ ഓണ്‍ലൈന്‍ മരുന്നുവ്യാപാരം നടക്കുന്നതെന്ന് പഠനം. സൈറ്റുകളില്‍ 90 ശതമാനത്തിലും ഡോക്ടര്‍മാരുടെ കുറിപ്പടി ചേര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
കെനിയയിലെയും ഇന്ത്യയിലെയും ഓണ്‍ലൈന്‍ ഫാര്‍മസികളെക്കുറിച്ച് നടന്ന ഗവേഷണപഠനത്തിന്റേതാണ് കണ്ടെത്തല്‍. വലിയ വിപണിയായിട്ടും ഇ-ഫാര്‍മസി നിയമം ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ല. എന്നാല്‍, താരതമ്യേന ചെറിയ വിപണിയായ കെനിയയില്‍ നിയമമുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം പരിഗണിച്ചായിരുന്നു പഠനം.
പഠനപ്രകാരം കെനിയയില്‍ മരുന്നുവില്‍ക്കുന്ന 26 വെബ്സൈറ്റുകളും മൂന്ന് മൊബൈല്‍ ആപ്പുകളുമുണ്ട്. ഇവിടെ ശക്തമായ നിയമമുണ്ട്. എന്നാല്‍, 57 ശതമാനം സൈറ്റുകളില്‍ മാത്രമേ കുറിപ്പടിചേര്‍ക്കല്‍ സംവിധാനമുള്ളൂ. ചില മരുന്നുകള്‍ക്ക് കുറിപ്പടി നിര്‍ബന്ധമാണ്. ആകെ വില്‍പ്പന നടത്തുന്ന മരുന്നുകളുടെ വിവരം ചേര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യ പിന്നാക്കമാണ്- വെറും 16 ശതമാനം. കെനിയയിലാകട്ടെ, ഇത് 54 ശതമാനമാണ്.
രണ്ടുലക്ഷം കോടിക്കു മുകളില്‍ വാര്‍ഷികവിറ്റുവരവുള്ള ഇന്ത്യന്‍ ഔഷധവിപണിയില്‍ രണ്ടുമുതല്‍ മൂന്നുവരെ ശതമാനം പങ്കാണിപ്പോള്‍ ഓണ്‍ലൈന്‍ ഫാര്‍മസിക്കുള്ളത്.
Content Highlights: Kerala Pharmacy Price Display Mandate