മൃതദേഹങ്ങൾ കീറിമുറിക്കേണ്ട; മെഡിക്കൽ കോളേജുകളിൽ ‘വെർച്വൽ ഓട്ടോപ്‌സി’ക്ക് ശുപാർശ

തിരുവനന്തപുരം: വിടപറഞ്ഞ പ്രിയപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കീറിമുറിക്കുന്നതിന്റെ മാനസികാഘാതം ഒഴിവാക്കാൻ പകരം സംവിധാനമൊരുക്കാനാകുമോ? ഉപകരണങ്ങളുടെയും സോഫ്റ്റ്‌വേറുകളുടെയും സഹായത്തോടെയുള്ള ‘വെർച്വൽ ഓട്ടോപ്‌സി’യിലൂടെ ഇതിന് കഴിയുമെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഈ സംവിധാനം ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതേയാവശ്യം ഉന്നയിച്ചുള്ള ശുപാർശ പുതിയ സർക്കാരിന് സമർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആലോചന.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലെ ഫൊറൻസിക് വിഭാഗമാണ് പദ്ധതിരേഖ കഴിഞ്ഞ സർക്കാരിന് സമർപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കണമെന്ന ശുപാർശ പുതിയ സർക്കാരിന് സമർപ്പിക്കാനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആലോചിക്കുന്നുണ്ട്.
ഡൽഹി എയിംസ്, ഷില്ലോങ്, ഋഷികേശ് തുടങ്ങിയയിടങ്ങളിൽ നിലവിലുള്ള വെർച്വൽ ഓട്ടോപ്‌സി ഒരാശുപത്രിയിൽ സജ്ജമാക്കുന്നതിന് 15 മുതൽ 20 കോടിരൂപ വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സി.ടി, എം.ആർ.ഐ. സ്‌കാനറുകൾ, വിവിധ സോഫ്റ്റ്‌വേറുകൾ, വർക്ക് സ്റ്റേഷനുകൾ തുടങ്ങിയവ ഫൊറൻസിക് വിഭാഗത്തിന് പ്രത്യേകമായി സജ്ജമാക്കേണ്ടിവരും. ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും വേണം. പ്രവർത്തനസജ്ജമായി വരാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും എടുക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ തെളിവുകൾ കോടതികൾ അംഗീകരിക്കുന്നതരത്തിലുള്ള നിയമമാറ്റം വന്നതിനാൽ വെർച്വൽ ഓട്ടോപ്‌സിക്ക് കോടതിക്കേസുകളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഉൻമേഷ് എ.കെ. പറഞ്ഞു.
അതേസമയം, എല്ലാ പരമ്പരാഗത രീതിയിലുള്ള പോസ്റ്റ്‌മോർട്ടങ്ങൾക്കും വെർച്വൽ ഓട്ടോപ്‌സി പകരമാകില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ പറഞ്ഞു. പരമ്പരാഗതരീതിയിലുള്ള പോസ്റ്റ്‌മോർട്ടത്തിനൊപ്പം സാധ്യമായ കേസുകളിൽ ഇവയും പരിഗണിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: The Kerala Medical Education Directorate is planning to submit a proposal to the new government to launch non-invasive 'Virtual Autopsy' systems across major government medical colleges to reduce the emotional trauma of traditional postmortems.